thiruvananthapuram local

മല്‍സ്യത്തൊഴിലാളികളും കര്‍ഷകരും ആശങ്കയില്‍

തിരുവനന്തപുരം: ഓഖി കൊടുങ്കാറ്റിലും കനത്ത മഴയിലും ജില്ലയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ സര്‍ക്കാര്‍ കണക്കിനേക്കാളും കനത്തതായിരിക്കുമെന്ന് നിഗമനം. നാശം വിതച്ചു ചുഴലിക്കാറ്റു പിന്‍വാങ്ങിയെങ്കിലും അതുമൂലമുണ്ടായ നഷ്ടം നികത്തുന്നതു സംബന്ധിച്ചു കര്‍ഷകരും മല്‍സ്യത്തൊഴിലാളികളും ആശങ്കയിലാണ്. ഉപജീവനത്തിനായുള്ള തൊഴില്‍ സാമഗ്രികളും മറ്റും നഷ്ടപ്പെട്ടതിന്റെ നഷ്ടപരിഹാരം കാലതാമസമില്ലാതെ ലഭിക്കുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.  കൃഷി വകുപ്പിനു പത്തു കോടിയും വൈദ്യുതി വകുപ്പിന് അഞ്ചു കോടിയും നഷ്ടമുണ്ടായെന്നാണു പ്രാഥമിക കണക്കെങ്കിലും യഥാര്‍ത്ഥ കണക്കെടുപ്പില്‍ ഇതിലും വലിയ നഷ്ടങ്ങള്‍ സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്.
ഫിഷറീസ് ഉള്‍പ്പെടെ മറ്റു വകുപ്പുകളുടെ കണക്കെടുപ്പു തുടരുകയാണ്. മല്‍സ്യബന്ധന മേഖലയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നതെന്നാണു പ്രാഥമിക വിലയിരുത്തല്‍. വള്ളങ്ങളും ബോട്ടുകളും നഷ്ടപ്പെട്ടവര്‍ ഏറെ. മല്‍സ്യബന്ധന ഉപകരണങ്ങള്‍ കടലില്‍ ഉപേക്ഷിച്ചാണു ഭൂരിഭാഗം മല്‍സ്യത്തൊഴിലാളികളും കരയ്‌ക്കെത്തിയിരിക്കുന്നത്. പുതിയ ബോട്ടും മറ്റ് ഉപകരണങ്ങളും വാങ്ങണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കേണ്ട അവസ്ഥയിലാണു മല്‍സ്യത്തൊഴിലാളികള്‍. ഹെക്ടര്‍ കണക്കിനു കൃഷിയാണു കനത്ത മഴയിലും കാറ്റിലും നശിച്ചത്. വാഴ, പച്ചക്കറി എന്നിവ നശിച്ചതാണു കര്‍ഷകരുടെ നടുവൊടിച്ചിരിക്കുന്നത്.
പാട്ടത്തിനെടുത്ത സ്ഥലങ്ങളിലാണു പലരും കൃഷിയിറക്കിയത്. പാട്ടത്തുക നല്‍കാനുള്ളതും വിളകള്‍ നശിച്ചതു കാരണമുള്ള നഷ്ടവും കര്‍ഷകര്‍ക്കു നേരിടേണ്ടതുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുകയാണു കര്‍ഷകര്‍ക്ക് ഇനി ആശ്വാസമാകേണ്ടത്. നഷ്ടം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഉള്‍—ക്കൊള്ളിച്ചു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്.
ലൈസന്‍സ് ഉള്ളതും റജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ബോട്ടുകളും വള്ളങ്ങളുമാണെങ്കില്‍ അപേക്ഷ പരിഗണിച്ചു നഷ്ടപരിഹാരത്തുക വിതരണം ചെയ്യുമെന്നു ഫിഷറീസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കനത്ത മഴയിലും കാറ്റിലും വിളകള്‍ നശിച്ചാണു കൂടുതല്‍ കര്‍ഷകര്‍ക്കും നഷ്ടം സംഭവിച്ചിരിക്കുന്നത്.
ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ കുലച്ച വാഴ ഒന്നിനു 300 രൂപ വരെ ലഭിക്കും. അല്ലാത്തവയ്ക്കു കൃഷി ഓഫിസറുടെയും റവന്യു അധികൃതരുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരമാവധി നൂറു രൂപ വരെ ലഭിച്ചേക്കുമെന്നു കൃഷി മന്ത്രിയുടെ— ഓഫിസ് അറിയിച്ചു.
കൃഷിഭവനുമായി ബന്ധപ്പെട്ട് ആദ്യം അപേക്ഷ നല്‍കണം. നശിച്ച വിളകളുടെ ഫോട്ടോ പകര്‍ത്തി സൂക്ഷിക്കണം. റവന്യു വകുപ്പാണു നഷ്ടപരിഹാരത്തുക വിതരണം ചെയ്യേണ്ടത്. മറ്റു നാശനഷ്ടങ്ങള്‍ക്ക് വീടുകളില്‍ വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും വീടുകള്‍ക്കും മറ്റുമുണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്നതിന് അതതു കലക്ടറേറ്റുകളിലാണ് അപേക്ഷ നല്‍കേണ്ടത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അപേക്ഷ പരിഗണിക്കാം.
Next Story

RELATED STORIES

Share it