Idukki local

മല്‍സ്യത്തില്‍ കീടനാശിനി; കട പൂട്ടി സീല്‍ ചെയ്തു

മല്‍സ്യത്തില്‍ കീടനാശിനി; കട പൂട്ടി സീല്‍ ചെയ്തു
X


വണ്ണപ്പുറം: വില്‍പനയ്ക്ക് വെച്ച മത്സ്യത്തില്‍ കീടനാശിനി തളിക്കുന്ന ദൃശ്യം ഫേസ് ബുക്കിലെത്തിയതോടെ കടയുടടമ സ്ഥലം വിട്ടു. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കടയില്‍ വില്‍പ്പനക്കായി വച്ച മത്സ്യത്തില്‍ ഈച്ചയും മറ്റും വന്നിരിക്കുന്നത് തടയാനാണ് പ്രത്യേക ലായനി തളിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കടയുടെ മുന്‍വശത്തായുള്ള ട്രേയില്‍ വച്ചാണ് മത്സ്യം വില്‍ക്കുന്നത്. കടയിലെ മത്സ്യത്തില്‍ പ്രത്യേക ലായനി തളിക്കുന്നത് ഏതാനും യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ കടയുടമയറിയാതെ പകര്‍ത്തിയ ദൃശ്യങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് യുവാക്കള്‍ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്തു. ഏതാനും സമയത്തിനുള്ളില്‍ തന്നെ നിരവധി ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്യുകയും പ്രതികരിക്കുകയും ചെയ്തു. ഇതോടെ കടയുടമ തിങ്കളാഴ്ച രാത്രി തന്നെ കട പൂട്ടി സ്ഥലം വിട്ടു. ഇതിനിടെ സംഭവം ആരോഗ്യ വകുപ്പധികൃതരേയും ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരേയും അറിയിച്ചു. ഇന്നലെ രാവിലെ ആരോഗ്യ വകുപ്പുദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ അധികൃതരും പരിശോധനക്കെത്തിയെങ്കിലും കട തുറക്കാന്‍ ഉടമ തയ്യാറായില്ല. ഇതോടെ കാളിയാര്‍ എസ് ഐ വിഷ്ണു കുമാറിന്റെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ചരയോടെ കട ബലമായി തുറന്ന് പരിശോധിച്ചു. കടക്കുള്ളില്‍ നിന്നും ഈച്ച, പാറ്റ, പല്ലി എന്നിവയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബീഗണ്‍ ബൈറ്റിന്റെ പാക്കറ്റ്  കണ്ടെടുത്തു. മത്സ്യങ്ങളൊന്നും കടക്കുള്ളില്‍ നിന്നും കണ്ടെത്താനായില്ല. ഈ കടയുടെ സമീപത്തുള്ള ഒരു കടയിലും ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി, മീനിന്റെ സാംപിളുകള്‍ ശേഖരിച്ചു.ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലുമായി പ്രചരിച്ച വീഡോയോകള്‍ തെളിവായി കണക്കിലെടുക്കാന്‍ സാധിക്കില്ലായെന്ന് ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ബെന്നി ജോസഫ് പറഞ്ഞു, എന്നാല്‍ പരിശോധന നടത്തിയത് അനുസരിച്ച് കടയുടമ പ്രഥമദൃഷ്ടിയാല്‍ കുറ്റക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.കാളിയാര്‍ സി.ഐ യൂനസും, പരിശോധ നടപടിയില്‍ പങ്കെടുത്തു.കട പൂട്ടി സീല്‍ വെച്ചു.

https://youtu.be/aNWHf4mLe3E
Next Story

RELATED STORIES

Share it