ernakulam local

മല്‍സ്യത്തിന് പൊള്ളുന്ന വില

വൈപ്പിന്‍: മല്‍സ്യ ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ മല്‍സ്യത്തിന് പൊള്ളുന്ന വില. മാസങ്ങളായി തുടരുന്ന മല്‍സ്യക്ഷാമം ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഈസ്റ്റര്‍ ആവുന്നതോടെ വില ഇനിയും ഉയരുമെന്നാണ് ഈ രംഗത്തുളളവര്‍ പറയുന്നത്.
ഇതോടെ ഈസ്റ്ററിന് മല്‍സ്യ വിഭവങ്ങള്‍ ഒരുക്കുന്നതിന് വലിയ വില നല്‍കേണ്ടിവരും. കടലില്‍ നാളുകളായി മല്‍സ്യ ലഭ്യത കുറഞ്ഞിരുന്നു. കായിലില്‍നിന്നും ചെമ്മീന്‍ പാടങ്ങളില്‍നിന്നുമുള്ള മല്‍സ്യം ലഭ്യതയില്‍ കുറവ് വന്നത് മല്‍സ്യ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഈസ്റ്ററിന് സാധാരണയായി നെയ്മീനിനും, കരിമീനിനുമാണ് ആവശ്യക്കാര്‍ കൂടുതലായുള്ളത്. വിപണിയില്‍ ലഭിക്കുന്ന നെയ്മീനിന് കിലോഗ്രാമിന് 500 രൂപക്ക് മുകളിലാണ് ഇപ്പോള്‍ നല്‍കേണ്ടിവരുന്നത്. ഈസ്റ്റര്‍ ആഘോഷത്തോടനുബന്ധിച്ച് മല്‍സ്യബന്ധന ബോട്ടുകള്‍ ഏറെയുംതീരത്ത് അടുപ്പിച്ചുകഴിഞ്ഞു. തമിഴ്‌നാട്ടിലെ കുളച്ചല്‍ സ്വദേശികള്‍ ജോലി ചെയ്യുന്ന ബോട്ടുകളാണ് ഹാര്‍ബറുകളില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി. മല്‍സ്യ ലഭ്യതയില്‍വന്ന കുറവുമൂലം ഭൂരിഭാഗം ബോട്ടുകളും മാസങ്ങളായി കടലിലിറങ്ങുന്നില്ല. കായല്‍ മല്‍സ്യബന്ധന മേഖലയിലും വറുതിയാണ്. ഈ സമയത്ത് വേനല്‍ക്കാല ചെമ്മീന്‍ കെട്ടുകളില്‍നിന്നും സുലഭമായി ലഭിച്ചിരുന്ന തിലോപ്പിയ ഇക്കുറി വളരെ കുറച്ച് മാത്രമെ ലഭിക്കുന്നുള്ളു. അതും ചെറിയ ഇനം മാത്രമാണ് ലഭിക്കുന്നത്. ഇതിന് കിലോഗ്രാമിന് 200 രൂപയാണ് വില.
കരിമീന് കിലോഗ്രാമിന് 400 മുതല്‍ 600 രൂപയോളമാണ് വില. ഈസ്റ്ററിന് 500 മുതല്‍ 750 രൂപവരെ കിലോഗ്രാമിന് നല്‍കേണ്ടിവരുമെന്നാണ് മല്‍സ്യ വ്യാപാരികള്‍ പറയുന്നത്.
ചെമ്മീന്‍ കെട്ടുകളിലും മറ്റും ഈസ്റ്റര്‍ വിപണി ലക്ഷ്യമാക്കി വളര്‍ത്തുന്ന കുറ്റിപൂമീന്റെ വിളവെടുപ്പ് അടുത്ത ദിവസങ്ങളില്‍ നടക്കും. ഇതിന് കിലോഗ്രാമിന് 300 രൂപയോളം വില വരുമെന്നാണ് സൂചന.
കടലിലും കായലിലും മല്‍സ്യ ലഭ്യതയില്‍ കുറവ് വന്നതോടെ ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളില്‍നിന്നും എത്തിക്കുന്ന മല്‍സ്യമാണ് വിപണിയില്‍ ഉള്ളത്. ചാള, ചെമ്പല്ലി, കുടുത, തിലോപ്പിയ, കരിമീന്‍ തുടങ്ങിയ മല്‍സ്യങ്ങള്‍ ആന്ധ്ര, കര്‍ണ്ണാടക, മംഗലാപുരം എന്നിവിടങ്ങളില്‍നിന്നും വാഹനങ്ങളില്‍ എത്തിച്ചാണ് ഹാര്‍ബറുകളില്‍ വില്‍പന നടത്തുന്നത്.
മല്‍സ്യ ലഭ്യതയിലെ കുറവ് മൂലം ബോട്ടുകള്‍ കടലില്‍ പോവാതായതോടെ ജില്ലയില പ്രധാന ഹാര്‍ബറുകളും അനുബന്ധ മേഖലയും ഭാഗികമായി നിശ്ചലമാണ്. ഭൂരിഭാഗം ബോട്ടുകളും കരയിലെത്തിയെങ്കിലും, കുറെ ബോട്ടുകള്‍ തമിഴ്‌നാട്ടിലെ മുട്ടം ഹാര്‍ബറിലേക്കും ചേക്കേറിയിട്ടുണ്ട്. കേരളത്തില്‍ നിരോധിച്ചിട്ടുള്ള ചെറുമീന്‍ പിടുത്തം തമിഴ്‌നാട്ടില്‍ നിരോധനം ഇല്ലാത്തതിനാലാണ് ബോട്ടുകള്‍ മുട്ടത്തേക്ക് പോവുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
കടലില്‍ ഒരാഴ്ചയോളം തങ്ങി മല്‍സ്യബന്ധനം കഴിഞ്ഞെത്തുന്ന ബോട്ടുകള്‍ക്ക് കുറഞ്ഞത് മൂന്നുലക്ഷം രൂപയുടെ ചരക്കെങ്കിലും ലഭിച്ചില്ലെങ്കില്‍ കടക്കെണിയിലാവുമെന്ന് ബോട്ടുടമകള്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അമ്പതിനായിരം രൂപ പോലും ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇത് മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ബോട്ടുകളില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഈസ്റ്ററിനോടനുബന്ധിച്ച് നാട്ടിലേക്ക് പോയിരിക്കുകയാണ്. ഈസ്റ്ററിന് ശേഷമെ ഇവര്‍തിരിച്ചെത്തുകയുള്ളൂ. കടലില്‍ മല്‍സ്യം കുറഞ്ഞതാണ് ഇവര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ കാരണം.
മണിക്കൂറുകളോളം കടലില്‍ വലവലിച്ചാല്‍ ചിലപ്പോള്‍ ഒന്നോരണ്ടോ കുട്ട മല്‍സ്യം മാത്രമെ ലഭിക്കുന്നുള്ളൂ. ഒരോ പ്രാവശ്യവും മല്‍സ്യ ബന്ധനത്തിനായി കടലിലേക്ക് തിരിക്കുമ്പോള്‍ ഡീസല്‍, ഐസ്, ഭക്ഷണം എന്നിവക്കുള്ള മല്‍സ്യം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു. സാധരണ ഈ സമയങ്ങളില്‍ കയറ്റുമതി ഇനമായ തളയന്‍ എന്ന പേരിലുള്ള പാമ്പാട മല്‍സ്യം ധാരളമായി ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ തീരെ ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. കുറഞ്ഞ രീതിയില്‍ ചെമ്മീനും കിളിമീനും മാത്രമാണ് ലഭിക്കുന്നത്.
പരമ്പരാഗത തൊഴിലാളികള്‍ക്ക് തീരക്കടലില്‍നിന്ന് ഈ സമയങ്ങളില്‍ ലഭിച്ചിരുന്ന ചാള, അയല എന്നിവ കൊച്ചി തീരത്തുനിന്നും അപ്രത്യക്ഷമായതോടെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ വള്ളങ്ങളും കരയില്‍ കെട്ടിയിരിക്കുകയാണ്. മല്‍സ്യബന്ധന ബോട്ടുകള്‍ വളം നിര്‍മിക്കുന്നതിനായി പൊടിമല്‍സ്യങ്ങള്‍ പിടിച്ചുകൂട്ടിയതിന്റെ ഭവിഷത്താണ് ഇപ്പോഴത്തെ മല്‍സ്യക്ഷാമത്തിന് കാരണമായതെന്നാണ് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ആക്ഷേപം ഉന്നയിക്കുന്നത്.
ട്രോളിങ് നിരോധനത്തിന് ഇനി രണ്ടുമാസം മാത്രമുള്ളപ്പോള്‍ മല്‍സ്യ ലഭ്യതയില്‍ വന്ന കുറവ് ഏറെ പ്രതിസന്ധി നേരിടുന്ന മല്‍സ്യബന്ധന മേഖലക്ക് തിരിച്ചടി—യാവുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
Next Story

RELATED STORIES

Share it