ernakulam local

മല്‍സ്യങ്ങള്‍ക്ക് തോന്നിയ വില ; ചോദ്യം ചെയ്ത ചെയര്‍പേഴ്‌സന് അസഭ്യവര്‍ഷം



കാക്കനാട്: കാക്കനാടും സമീപപ്രദേശത്തും മല്‍സ്യങ്ങള്‍ക്ക് തോന്നിയപോലെ വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധനയ്്‌ക്കെത്തിയ തൃക്കാക്കര നഗരസഭ അധ്യക്ഷ കെ കെ നീനുവിനെതിരേ മല്‍സ്യ കച്ചവടക്കാരന്റെ മോശമായ സംസാരവും അസഭ്യ പ്രയോഗവും നടപടിക്ക് കാരണമായി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. കാക്കനാട് മുനിസിപ്പല്‍ മാര്‍ക്കറ്റ് നിര്‍മാണം വിലയിരുത്താനായി എത്തിയതായിരുന്നു നഗരസഭ അധ്യക്ഷയും സംഘവും. ഇതിനിടയില്‍ മീന്‍ വാങ്ങാനെന്ന ഭാവത്തില്‍ കാക്കനാട് മുനിസിപ്പല്‍ എല്‍പി സ്‌കൂളിന് സമീപത്തെ താല്‍ക്കാലിക മല്‍സ്യ മാര്‍ക്കറ്റില്‍ എത്തിയ നീനു മല്‍സ്യത്തിന്റെ വില കേട്ട് ഞെട്ടി. ഒരു കിലോ മത്തിക്ക് 200 രൂപ. മറ്റു മീനുകള്‍ക്കാണെങ്കില്‍ തൊട്ടാല്‍ പൊള്ളുന്ന വില. എന്താണ് എത്ര വില എന്നു ചോദിച്ചതോടെ “ഞങ്ങള്‍ തോന്നിയ വിലക്ക് വില്‍ക്കും, ആരാ ചോദിക്കാന്‍” എന്ന് പറഞ്ഞ് കച്ചവടക്കാരന്‍ ചേയര്‍പേഴ്‌സനെതിരേ തിരിഞ്ഞു. പിന്നീട് തര്‍ക്കം രൂക്ഷമായി. സമീപത്തെ മറ്റു കച്ചവടക്കാര്‍ ഓടിയെത്തിയാണ് രംഗം ശാന്തമാക്കിയത്.    തുടര്‍ന്ന് നഗരസഭയിലെത്തിയ ചേര്‍പേഴ്‌സണ്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പരിശോധന നടത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വില്‍പനയ്‌ക്കെത്തിച്ച പഴകിയ മീനുകള്‍ പിടിച്ചെടുത്തു. സമീപത്തെ ലൈബ്രറി കെട്ടിടത്തില്‍ നിന്നും അനധികൃതമായി വൈദ്യുതി ഉപയോഗിച്ചു വരുന്നതായും കണ്ടെത്തി. മല്‍സ്യ മാര്‍ക്കറ്റിലെ മാലിന്യം മുനിസിപ്പല്‍ മാര്‍ക്കറ്റ് നിര്‍മിക്കുന്ന ഭാഗത്തു തള്ളുന്നതായി കണ്ടെത്തി. മല്‍സ്യങ്ങളുടെ തൂക്കത്തിലും കൃത്രിമം ഉണ്ടെന്ന പരാതിയും ശക്തമായിരുന്നു. പ്രശ്്‌നം രമ്യതയില്‍ പറഞ്ഞുതീര്‍ക്കാന്‍ പാര്‍ട്ടി തലത്തില്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.    വര്‍ഷങ്ങളായി കാക്കനാട് എല്‍പി സ്‌കൂളിന് സമീപത്തെ മുനിസിപ്പല്‍ പൊതുമാര്‍ക്കറ്റിലാണ് മീന്‍ കച്ചവടം  നടക്കുന്നത്. മാര്‍ക്കറ്റ് പണിയുന്നതിന്റെ ഭാഗമായി കാക്കനാട് പള്ളിക്കര റോഡില്‍ പഴയ മാര്‍ക്കറ്റിന് സമീപമാണ് ഇവര്‍ കച്ചവടം നടത്തുന്നത്. ഈ സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ന്യായമായ വിലക്കാണ് തങ്ങള്‍ കച്ചവടം നടത്തുന്നതെന്നാണ് മറ്റ് കച്ചവടക്കാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it