malappuram local

മല്‍സ്യങ്ങളിലെ മായം പരിശോധിക്കാന്‍ ജില്ലയില്‍ പ്രത്യേക സംഘം

മലപ്പുറം: മല്‍സ്യങ്ങളിലെ മായം പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് രൂപീകരിക്കുക.
പ്രാദേശിക മല്‍സ്യ വിപണിയില്‍ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് സംവിധാനങ്ങളില്ലെന്ന വിജിലന്‍സ് കമ്മിറ്റി അംഗങ്ങളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. ലൈസന്‍സില്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി വ്യാപകമാണ്. ലൈസന്‍സുള്ള ക്വാറികളില്‍ അനുവദനീയമല്ലാത്ത സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതായും പരാതിയുണ്ട്.
അത്തരം ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഭൂവുടമകള്‍ക്കെതിരെയും ആവശ്യമെങ്കില്‍ സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
സ്വകാര്യ ബസ്സുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതിരിക്കുന്നത് പരിശോധിക്കും. ഇതിനായി ആര്‍ടിഒയുടെ നേതൃത്വത്തില്‍ കര്‍ശനമായ പരിശോധന നടത്തും. ആനമങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യവസ്ഥകള്‍ പാലിക്കാതെ നിര്‍മിച്ച കെട്ടിടത്തില്‍ ക്ലാസ് നടത്തുന്നത് തടയണമെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
വിജിലന്‍സ് കമ്മിറ്റിയില്‍ വരുന്ന പരാതികള്‍ സമയബദ്ധിതമായി തീര്‍പ്പാക്കണം.  ബന്ധപ്പെട്ട വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ കമ്മിറ്റിയില്‍ നേരിട്ട് വന്ന് നടപടികള്‍ വിശദീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഇന്നലെ 10 പരാതികളാണ് വിജിലന്‍സ് കമ്മിറ്റിക്ക് മുമ്പാകെ വന്നത്. വിജിലന്‍സ് ഡിവൈഎസ്പി എ രാമചന്ദ്രന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it