മല്‍സ്യങ്ങളിലെ ഫോര്‍മാലിന്‍: ആളൊഴിഞ്ഞ് മാര്‍ക്കറ്റുകള്‍

പൊന്നാനി: മല്‍സ്യങ്ങളിലെ ഫോര്‍മാലിന്‍ പ്രയോഗം പിടിക്കപ്പെട്ടതോടെ ആളൊഴിഞ്ഞ് മീന്‍ മാര്‍ക്കറ്റുകള്‍. ഇതോടെ ദുരിതത്തിലായത് സാധാരണ കച്ചവടക്കാര്‍. സംസ്ഥാനത്തെത്തുന്ന മല്‍സ്യങ്ങളില്‍ അപകടകരമായ കീടനാശിനികള്‍ പ്രയോഗിക്കുന്നതായി കഴിഞ്ഞ ദിവസം റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഫോര്‍മാലിന്‍, അമോണിയ എന്നീ രാസവസ്തുക്കള്‍ മീന്‍ കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. മീനില്‍ മായം കലര്‍ന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് ജനങ്ങള്‍ മീന്‍മാര്‍ക്കറ്റുകള്‍ ഉപേക്ഷിച്ച നിലയിലാണിപ്പോള്‍.
കഴിഞ്ഞ ദിവസം സംസ്ഥാനത്തു നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടിച്ചെടുത്തിരുന്നു. ഇതു സാരമായി ബാധിച്ചത് സാധാരണ മല്‍സ്യവിപണിയെയാണ്. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ വില്‍പന മൂന്നിലൊന്നായി കുറഞ്ഞെന്നാണു വ്യാപാരികള്‍ പറയുന്നത്. ഇതു മല്‍സ്യവിലയെയും ബാധിച്ചു. പരമ്പരാഗതമായി മല്‍സ്യകൃഷി ചെയ്യുന്ന കര്‍ഷകരെയും മാന്ദ്യം കാര്യമായി ബാധിക്കുന്നുണ്ട്.
പരമ്പരാഗത വള്ളങ്ങള്‍ പിടിച്ച് വിപണിയിലെത്തിക്കുന്ന മീനുകള്‍ക്ക് വില രണ്ടിരട്ടി കുറഞ്ഞിരിക്കുകയാണ്.
വിപണിയിലേക്ക് ആളെത്താത്തതു കാരണം വാങ്ങിവച്ച മല്‍സ്യം തുച്ഛ വിലയ്ക്ക് വിറ്റുതീര്‍ക്കുകയാണെന്നു വ്യാപാരികള്‍ പറയുന്നു. കൊള്ളലാഭത്തിനായി ചിലര്‍ നടത്തുന്ന തട്ടിപ്പില്‍ ദുരിതത്തിലായത് സാധാരണ മല്‍സ്യത്തൊഴിലാളികളാണെന്നും വ്യാപാരികള്‍ പരാതിപ്പെടുന്നു. മല്‍സ്യത്തിലെ മായം സംബന്ധിച്ച് ചില ഒറ്റപ്പട്ട സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇതു പെരുപ്പിച്ചുകാട്ടി മല്‍സ്യവിപണിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it