മല്‍സര വെടിക്കെട്ട് നടന്നതായി പോലിസ് സ്ഥിരീകരണം; ഏഴു ക്ഷേത്രഭാരവാഹികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

എസ് നിസാര്‍

കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികളായ ഏഴു പേരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി എസ് ജയലാല്‍, സെക്രട്ടറി ജെ കൃഷ്ണന്‍കുട്ടി പിള്ള, ഖജാഞ്ചി ജെ പ്രസാദ്, സോമസുന്ദരന്‍ പിള്ള, രവീന്ദ്രന്‍ പിള്ള, സുരേന്ദ്രനാഥ പിള്ള, മുരുകേശ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ വൈകീട്ട് പരവൂര്‍ കോടതിയില്‍ ഹാജരാക്കി.
അതേസമയം, വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടത്തിയത് മല്‍സര വെടിക്കെട്ട് തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരം എന്ന നിലയിലാണ് ഇത്തവണയും കമ്പം നടത്തിയതെന്ന് കീഴടങ്ങിയ ക്ഷേത്രം ഭാരവാഹികള്‍ പോലിസിന് മൊഴിനല്‍കി. മല്‍സരക്കമ്പം നടത്തുന്നില്ലെന്ന് പറഞ്ഞ് പോലിസിനെയും ജില്ലാ ഭരണകൂടത്തെയും ഉല്‍സവകമ്മിറ്റി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതിന് വിപരീതമായി മല്‍സരക്കമ്പം നടത്തുകയായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ ബോധ്യപ്പെട്ടതായി എഡിജിപി എസ് അനന്തകൃഷ്ണന്‍ വ്യക്തമാക്കി.
വെടിക്കെട്ടിനായി ഏഴുലക്ഷം രൂപയാണ് കരാറുകാരന് നല്‍കിയിട്ടുള്ളത്. മൂന്ന് ലോഡ് സ്‌ഫോടക വസ്തുക്കളാണ് വെടിക്കെട്ടിന് ഉപയോഗിച്ചതെന്നും ഇതിന്റെ നിര്‍മാണം രണ്ടാഴ്ച മുമ്പ് വെഞ്ഞാറമ്മൂടിന് സമീപം ചമ്പക്കുഴിയില്‍ തുടങ്ങിയിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി.
മല്‍സരക്കമ്പം നടത്തുന്നതിന് വാക്കാല്‍ അനുമതി ലഭിച്ചിരുന്നുവെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ മൊഴി. എന്നാ ല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വെടിക്കെട്ടിന് അനുമതി തേടിയിരുന്നെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. മല്‍സര വെടിക്കെട്ടാണ് നടത്തുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നുമില്ല. അതിനുശേഷവും മല്‍സരക്കമ്പം നടത്തുമെന്ന് നോട്ടീസില്‍ പറയുകയും അതിന് കരാറുകാരെ ഏ ര്‍പ്പാടാക്കുകയും ചെയ്തു. കഴക്കൂട്ടം സ്വദേശി സുരേന്ദ്രനും വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടിയുമാണ് കരാര്‍ എടുത്തത്. സോഷ്യല്‍ മീഡിയ വഴി ഇതുസംബന്ധിച്ച പ്രചാരണം നടന്നിരുന്നു. മല്‍സരക്കമ്പവുമായി ബന്ധപ്പെട്ട സമ്മാനങ്ങളും നോട്ടീസില്‍ പ്രഖ്യാപിച്ചിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
വെടിക്കെട്ടിന് നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം കേന്ദ്ര എക്‌സ്‌പ്ലോസീവ്‌സ് കണ്‍ട്രോളറുടെ റിപോര്‍ട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും എഡിജിപി പറഞ്ഞു. ഇതിനിടെ, പരവൂര്‍ എസിപി സന്തോഷ്‌കുമാറിനെ അന്വേഷണസംഘം ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു. വെടിക്കെട്ട് നടത്താന്‍ അനുകൂലമായി റിപോര്‍ട്ട് നല്‍കിയതുമായി ബന്ധപ്പെട്ടാണ് എസിപിയെ വിളിപ്പിച്ചത്. അറസ്റ്റിലായ ക്ഷേത്രം ഭാരവാഹികളെ കൂടാതെ, ആറു വെടിക്കെട്ട് തൊഴിലാളികള്‍ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ട്. കേസില്‍ ഇരുപതിലധികം പ്രതികള്‍ ഉണ്ടാവുമെന്നും പ്രാഥമിക ഘട്ടത്തിലുള്ള ചോദ്യംചെയ്യലാണ് ഇപ്പോള്‍ നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് എസ്പി ടി എസ് സേവ്യര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ക്ഷേത്ര പരിസരത്ത് സ്‌ഫോടകവസ്തുക്കളുമായി കഴിഞ്ഞ ദിവസം കണ്ടെത്തിയ കാറുകളില്‍ ഒരെണ്ണത്തിന്റെ നമ്പര്‍ വ്യാജമാണെന്ന് തെളിഞ്ഞു. നീല നിറത്തിലുള്ള ആള്‍ട്ടോ കാറിന്റെ നമ്പറാണ് വ്യാജമെന്ന് പരവൂര്‍ പോലിസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ യഥാര്‍ഥ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
Next Story

RELATED STORIES

Share it