മല്‍സര രംഗത്ത് ഏറെയും പത്താം ക്ലാസുകാര്‍

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ പേരുടെയും വിദ്യാഭ്യാസ യോഗ്യത പത്താം തരം. മല്‍സരിക്കുന്ന 75,549 സ്ഥാനാര്‍ഥികളില്‍ പത്താം തരവും അതിനു മുകളിലും യോഗ്യതയുള്ളവര്‍ 21,522 പേര്‍ മാത്രമാണ്. 38,268 സ്ത്രീകളില്‍ 9412 പേരുടെയും 37,281 പുരുഷ സ്ഥാനാര്‍ഥികളില്‍ 11,000 പേരുടെയും യോഗ്യത എസ്എസ്എല്‍സി.
ഗ്രാമപ്പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. 54,956 പേര്‍. 26,890 പുരുഷന്മാരും 28,066 സ്ത്രീകളും. പഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ 11,666 പേര്‍ പത്താം തരം വിജയിച്ചവരും 4442 പേര്‍ പ്ലസ്ടു യോഗ്യതയുള്ളവരും 1012 പേര്‍ ബിരുദമുള്ളവരും 218 പേര്‍ ബിരുദാനന്തര ബിരുദമുള്ളവരുമാണ്. ജില്ലാ പഞ്ചായത്തുകളിലേക്കു മല്‍സരിക്കുന്ന 690 പുരുഷന്മാരിലും 592 സ്ത്രീകളിലും 200 പേര്‍ എസ്എസ്എല്‍സി ജയിച്ചവരാണ്. 86 പേര്‍ക്ക് പ്ലസ്ടുവും 36 പേര്‍ക്ക് ബിരുദവും 26 പേര്‍ക്ക് ബിരുദാനന്തര ബിരുദവുമുണ്ട്. 96 പേര്‍ അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെട്ടവരാണ്. ബ്ലോക്ക് പഞ്ചായത്തിലേക്ക് അങ്കം കുറിച്ചിരിക്കുന്ന 6915 പേരില്‍ 512 പേര്‍ക്കു ബിരുദമുണ്ട്. പത്താം തരം ജയിച്ചവര്‍ 300 പേരും പ്ലസ്ടു ജയിച്ചവര്‍ 18 പേരുമാണ്. ബിരുദാനന്തര ബിരുദം നേടിയവര്‍ 66 പേരും. ഇവരില്‍ 18 പേര്‍ പ്രഫസര്‍മാരും എട്ടു പേര്‍ ഡോക്‌ട്രേറ്റ് നേടിയവരുമാണ്. നഗരസഭയില്‍ മല്‍സരിക്കുന്ന 10,433 സ്ഥാനാര്‍ഥികളില്‍ 1018 പേര്‍ ബിരുദധാരികളാണ്. എസ്എസ്എല്‍സി കടന്നവര്‍ 2012 പേരുണ്ട്. കോര്‍പറേഷനുകളിലെ 1963 സ്ഥാനാര്‍ഥികളില്‍ 412 പേര്‍ പ്ലസ്ടു യോഗ്യതയുള്ളവരും 186 പേര്‍ ബിരുദമുള്ളവരും 312 പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്.
Next Story

RELATED STORIES

Share it