Alappuzha local

മല്‍സരിക്കാനുറച്ച് വിമതര്‍; പുറത്താക്കല്‍ തുടരുന്നു

ആലപ്പുഴ: മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരേ പരസ്യമായി രംഗത്തുവന്നവരെ പുറത്താക്കല്‍ ഇരു മുന്നണികളിലും തുടരുന്നു. വിമതരായതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നടപടി നേരിടുന്ന നിരവധി പേരാണ് ഇക്കുറി സിപിഎം വിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ജനവിധി തേടുന്നത്. സീറ്റ് മോഹിച്ച് മാത്രം പാര്‍ട്ടി വിടുന്നവരും കുറവല്ല.
തെക്കേക്കര പഞ്ചായത്തില്‍ വാര്‍ഡ് 15ല്‍ കോണ്‍ഗ്രസ്സിന്റെ ഔേദ്യാഗിക സ്ഥാനാര്‍ഥിക്കെതിരെ റെബലുകളായി മല്‍സരിക്കുന്ന ഷൈലജ, മണികൃഷ്ണന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഇവര്‍ക്കുവേണ്ടി പരസ്യമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന വാര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ഗോപാലകൃഷ്ണന്‍, 68ാം ബൂത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ എന്നിവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ അറിയിച്ചു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വെട്ടയ്ക്കല്‍ ഡിവിഷനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ വിമതനായി മത്സരിക്കുന്ന ലോട്ടറി തൊഴിലാളി ജില്ലാ പ്രസിഡന്റ് ബൈജു സെബാസ്റ്റിയനെയും പട്ടണക്കാട് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ മത്സരിക്കുന്ന ടി എ ബേബിച്ചന്‍ തൈവേലിക്കകം പട്ടണക്കാടിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോണി തച്ചാറ അറിയിച്ചു.
പുളിങ്കുന്ന് പഞ്ചായത്ത് 11- ാം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിക്കുന്ന മിനി ജേക്കബിനെ പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡികെടിഎഫ് ജില്ലാ സെക്രട്ടറിയുമാണ് മിനി ജേക്കബ്.
വിമതരായി മല്‍സരിക്കുന്ന ചെന്നിത്തലയിലെ എസ് എസ് പ്രസാദ്, കെ പി സേവ്യര്‍, തോമസ് കുട്ടി കടവില്‍, മാന്നാര്‍ പഞ്ചായത്തിലെ അബ്ദുല്‍ കരീം, കല്യാണ കൃഷ്ണന്‍, പാണ്ടനാട്ടിലെ എന്‍ എ ജോസഫ്, സി കെ രത്‌നകല, വിജയകുമാര്‍, പുലയൂരിലെ പ്രമില്‍ കെ ജോര്‍ജ്, രാജേന്ദ്രക്കാര്‍ണവര്‍ എന്നിവര്‍ക്കെതിരേയും നടപടി സ്വീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it