Pathanamthitta local

മല്ലപ്പള്ളി-ചെറുകോല്‍പ്പുഴ-കോഴഞ്ചേരി റോഡ് ഉദ്ഘാടനം ഇന്ന്



മല്ലപ്പള്ളി: ദേശീയപാത നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയായിട്ട് രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും മല്ലപ്പള്ളി - ചെറുകോല്‍പ്പുഴ - കോഴഞ്ചേരി റോഡ് ഉദ്ഘാടനത്തിന് മന്ത്രിയെ ലഭിച്ചത് ഇന്ന്. നവീകരിച്ച റോഡ് ഉദ്ഘാടനം ഇന്ന് വൈകീട്ട് തീയാടിക്കല്‍ ചേരുന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും ഏതു സര്‍ക്കാര്‍ വകുപ്പ് ഉദ്ഘാടനം നടത്തുന്നുവെന്ന് വ്യക്തമല്ല. കേന്ദ്ര റോഡ് വികസനഫണ്ട് ഉപയോഗിച്ച് 16 കോടി രൂപ ചെലവിലാണ് റോഡ് ദേശീയപാത നിലവാരത്തില്‍ പൂര്‍ത്തീകരിച്ചത്. ബിഎം ബിസി ടാറിങാണ് റോഡില്‍ നടത്തിയിരിക്കുന്നത്. റോഡ് നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് നിര്‍മാണവും പൂര്‍ത്തീകരിച്ചു. നിര്‍മാണോദ്ഘാടനം സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായിരുന്നു. റോഡിന്റെ നിര്‍മാണത്തിന്റെ നേട്ടം അവകാശപ്പെട്ട് രാജു ഏബ്രഹാം എംഎല്‍എ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പട്ടികയില്‍ പെടുത്തി നല്‍കിയ നിര്‍ദേശപ്രകാരമാണ് റോഡിന് കേന്ദ്രഫണ്ട് അനുവദിച്ചതെന്നായിരുന്നു എംഎല്‍എയുടെ വാദം. നിര്‍മാണോദ്ഘാടനത്തിന് അന്നത്തെ പൊതുമരാമത്ത് മന്ത്രിയെ പങ്കെടുപ്പിച്ചിരുന്നില്ല. ഇന്ന് റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പരിപാടികള്‍ക്കിടയിലാണ് മന്ത്രി ജി സുധാകരന്‍ റോഡിന്റെ ഉദ്ഘാടനം നടത്തുന്നത്. മന്ത്രി മാത്യു ടി തോമസ്, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ് എന്നിവരാണ് അതിഥികളായെത്തുന്നത്. കൂടാതെ ജില്ലാ പഞ്ചായത്തംഗം റെജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് സുജാത, തോമസ് തമ്പി തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. റോഡ് നിര്‍മാണം നേട്ടമായി കൊണ്ടുവരാനും രാഷ്ട്രീയവല്‍കരിക്കാനുമുള്ള ശ്രമമാണ് എല്‍ഡിഎഫിന്റേതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. റോഡ് കടന്നുപോവുന്ന പാതയിലെ മെംബര്‍ കൂടിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉള്‍പ്പെടെ യുഡിഎഫ് ജനപ്രതിനിധികളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ദേശീയപാത വിഭാഗം നിര്‍മാണം നടത്തിയ റോഡിന്റെ ഉദ്ഘാടനം നടത്താന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് അവകാശമില്ലെന്നും എംപി പറഞ്ഞു.
Next Story

RELATED STORIES

Share it