മല്യ വീണ്ടും ഹാജരായില്ല; അന്വേഷണവുമായി നേരിട്ടല്ലാതെ അഭിഭാഷകര്‍ മുഖേന സഹകരിക്കും; മെയ് വരെ സമയം വേണമെന്ന് ഇഡിയോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെ ന്റ് ഡയറക്ടറേറ്റ് ഹാജരാവാന്‍ ആവശ്യപ്പെട്ട മൂന്നാമത്തെ തിയ്യതിയിലും മല്യ ഹാജരായില്ല. ഐഡിബിഐ ബാങ്കില്‍നിന്നു 9,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസുമായി ബന്ധപ്പെട്ട ഒരു കള്ളപ്പണ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെയായിരുന്നു മല്യ ഹജരാവേണ്ടിയിരുന്നത്. എന്നാല്‍, വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട് നിലവില്‍ സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വ്യക്തിപരമായി ഹാജരാവാന്‍ സാധിക്കില്ലെന്ന് ബ്രിട്ടനിലുള്ള മല്യ അന്വഷണ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു.
അന്വേഷണവുമായി നേരിട്ടല്ലാതെ അഭിഭാഷകര്‍ മുഖേന സഹകരിക്കുമെന്ന് മല്യ അറിയിച്ചതായാണ് വിവരം. നേരത്തേ മാര്‍ച്ച് 18, ഏപ്രില്‍ 2 എന്നീ തിയ്യതികളില്‍ നേരിട്ടു ഹാജരാവാനുള്ള ഇഡിയുടെ നോട്ടീസുകളോട് ഔദ്യോഗിക കാരണങ്ങള്‍ മുന്‍നിര്‍ത്തി മല്യ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മറുപടി അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ ഹാജരാവാന്‍ മല്യയോട് ആവശ്യപ്പെട്ടിരുന്നത്. മല്യ വീണ്ടും ഹാജരാവാത്ത സാഹചര്യത്തി ല്‍ ഇഡി ഇനി എന്ത് നടപടി സ്വീകരിക്കും എന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
വ്യക്തിപരമായി ഹാജരാവാനുള്ള ഇഡിയുടെ നോട്ടീസുകളോട് മൂന്ന് തവണ പ്രതികൂലമായി മറുപടിയുണ്ടായാല്‍ രണ്ട് സാധ്യതയാണ് പ്രധാനമായും ഉള്ളത്. ഒന്നുകില്‍ മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാം; അല്ലെങ്കില്‍ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാം. വേണമെങ്കില്‍ ഈ രണ്ട് നടപടിയും സ്വീകരിക്കാനും ഇഡിക്ക് സാധിക്കും. ഇന്നലെ ഹാജരാവാന്‍ ആവശ്യപ്പെട്ട് മല്യയ്ക്ക് അയച്ച നോട്ടീസ് അവസാനത്തേതാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ നേരത്തേ സൂചിപ്പിച്ചിരുന്നു.
തന്റെ ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും തന്റെ നിയമ, കോര്‍പറേറ്റ് സംവിധാനങ്ങള്‍ വഴി ഈ വായ്പാബാധ്യതകള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ തനിക്ക് കുറച്ചുകൂടി സമയം വേണമെന്നും മല്യ അന്വേഷണ ഉദ്യേഗസ്ഥനോട് ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍.
മുംബൈയിലെ തങ്ങളുടെ ഓഫിസില്‍ മാര്‍ച്ച് 18ന് ഹാജരാവാനായിരുന്നു മല്യയോട് ആദ്യം ഇഡി ആവശ്യപ്പെട്ടത്. എന്നാല്‍, നേരത്തേ തീരുമാനിച്ച ചില ആവശ്യങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം വേണമെന്ന് മല്യ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ രണ്ടിന് ഹാജരാവാനായി പിന്നീടുള്ള നിര്‍ദേശം. ഈ തിയ്യതിയും നീട്ടിത്തരണമെന്ന് മല്യ ആവശ്യപ്പെട്ടതനുസരിച്ചയിരുന്നു പിന്നീട് മെയ് ഒമ്പതിന് ഹാജരാവാന്‍ ഡയറക്ടറേറ്റ് ഉത്തരവിട്ടത്. 9,000 കോടിയോളം രൂപ വായ്പ തിരിച്ചടയ്ക്കാനുള്ള മല്യ നിയമനടപടികള്‍ നേരിടുകയാണ്. ഇതിന്റെ ഭാഗമായി നാട്ടിലും വിദേശത്തുമായി മല്യയുടെയും കുടുംബത്തിന്റെയും കൈവശമുള്ള സ്വത്തുവിവരങ്ങള്‍ ഏപ്രില്‍ 21നകം വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാണ് കോടതി മുമ്പാകെ ഹാജരാവുക എന്നും കോടതി മല്യയോട് ചോദിച്ചിരുന്നു. നേരത്തേ സപ്തംബറോടുകൂടി 4,000 കോടി രൂപ തിരിച്ചടയ്ക്കാമെന്ന മല്യയുടെ വാഗ്ദാനം എസ്ബിഐ നേതൃത്വം കൊടുക്കുന്ന ബാങ്കുകളുടെ കൂട്ടായ്മ ഐകകണ്‌ഠ്യേന തള്ളിയിരുന്നു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് മല്യയ്ക്ക് സ്വാഭാവികമായ താല്‍പര്യമുണ്ടെങ്കില്‍ രാജ്യത്ത് ഉണ്ടായിരിക്കല്‍ അനിവാര്യമാണെന്ന ബാങ്കുകളുടെ നിരീക്ഷണം കോടതി ശരി വച്ചിരുന്നു. മാര്‍ച്ച് രണ്ടിന് ഇന്ത്യ വിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണെന്നാണ് വിവരം.
Next Story

RELATED STORIES

Share it