Flash News

മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ലണ്ടനില്‍

മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ലണ്ടനില്‍
X


ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യക്കു വിട്ടുകിട്ടാന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ ലണ്ടനിലെത്തി. സിബിഐ അഡീഷനല്‍ ഡയറക്ടര്‍ രാകേഷ് അസ്താന നയിക്കുന്ന നാലംഗ സംഘം മല്യക്കെതിരായ കേസുകള്‍ സംബന്ധിച്ച വിവരം ബ്രിട്ടിഷ് അധികൃതര്‍ക്കു കൈമാറും, രണ്ട് ഇഡി ഉദ്യോഗസ്ഥനും സംഘത്തെ അനുഗമിക്കുന്നുണ്ട്. മല്യയെ വിട്ടുകിട്ടുന്നതു സംബന്ധിച്ച കേസ് ബ്രിട്ടിഷ് കോടതിയിലാണ്. എന്നാല്‍, ഇതില്‍ സിബിഐയോ ഇഡിയോ നേരിട്ട് കക്ഷികളല്ല. ഇന്ത്യയില്‍ നിന്ന് ബാങ്കുകളെ വെട്ടിച്ച് മുങ്ങിയ മല്യക്കെതിരായ തെളിവുകള്‍ ബ്രിട്ടിഷ് അഭിഭാഷകര്‍ക്ക് നല്‍കാന്‍ മാത്രമേ ഉദ്യോഗസ്ഥ സംഘത്തിന് സാധിക്കൂ. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ഹരജിയില്‍ അദ്ദേഹത്തെ കഴിഞ്ഞമാസം ബ്രിട്ടന്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം മല്യ ജാമ്യത്തിലിറങ്ങി. കോടതി മെയ് 17ന് കേസ് മാറ്റിവച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 9000 കോടി രൂപയില്‍ അധികമാണ് എസ്ബിഐ അടക്കമുള്ള ബാങ്കുകളില്‍ നിന്നും കടമെടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2016 മാര്‍ച്ച് രണ്ടിനാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. കുറ്റവാളികളെ കൈമാറുന്നതിന് ബ്രിട്ടനില്‍ ഏറെ നിയമ കടമ്പകളുണ്ട്.
Next Story

RELATED STORIES

Share it