Flash News

മല്യയെ രാജ്യം വിടാന്‍ സഹായിച്ചത് സിബിഐയിലെ മോദിയുടെ കണ്ണിലുണ്ണി: രാഹുല്‍

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തിയ മദ്യരാജാവ് വിജയ് മല്യക്കെതിരായ ലുക്ക്ഔട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തി അയാളെ രാജ്യം വിടാന്‍ സഹായിച്ചത് സിബിഐയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണിയായ ഉദ്യോഗസ്ഥനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഗുജറാത്ത് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനും സിബിഐ ജോയിന്റ് ഡയറക്ടറുമായ എ കെ ശര്‍മയാണ് മല്യയെ രാജ്യം വിടാന്‍ അനുവദിച്ചത്. മല്യക്കെതിരായ ലുക്ക്ഔട്ട് നോട്ടീസ് ദുര്‍ബലമാക്കിയതില്‍ നിര്‍ണായക പങ്കു വഹിച്ചത് ഇദ്ദേഹമാണ്. തട്ടിപ്പ് നടത്തിയ വജ്രവ്യാപാരികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരെയും രക്ഷപ്പെടാന്‍ സഹായിച്ചതും ഇതേ ഉദ്യോഗസ്ഥനാണ്- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
മല്യയെ രാജ്യം വിടാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും സഹായിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സും രാഹുലും നേരത്തേ ആരോപിച്ചിരുന്നു. ജയ്റ്റ്‌ലി രാജിവയ്ക്കണമെന്നും മല്യ രക്ഷപ്പെട്ടതു സംബന്ധിച്ച് അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
9000 കോടി വെട്ടിച്ച് വിദേശത്തേക്ക് കടന്നുവെന്നാണ് മല്യക്കെതിരായ കേസ് രാജ്യം വിടുന്നതിനു മുമ്പ് താന്‍ പാര്‍ലമെന്റില്‍ വച്ച് ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നു മല്യ ലണ്ടനില്‍ വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു. എന്നാല്‍, ജയ്റ്റ്‌ലി അത് നിഷേധിച്ചു.

Next Story

RELATED STORIES

Share it