മല്യയെ നാടുകടത്താനാവില്ലെന്ന് ബ്രിട്ടന്‍; കുറ്റവാളികളെ കൈമാറല്‍ കരാര്‍ പ്രകാരം നിയമസഹായം നല്‍കും

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലിനെതിരേ കേസ് നിലനില്‍ക്കേ മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്കു നാടുകടത്താനാവില്ലെന്ന് ബ്രിട്ടന്‍. എന്നാല്‍, കുറ്റവാവികളെ കൈമാറല്‍ കരാര്‍ പ്രകാരം ഇന്ത്യ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്നും ബ്രിട്ടന്‍ അറിയിച്ചു.
ദേശസാല്‍കൃത ബാങ്കുകളില്‍നിന്നു 9,400 കോടി രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ ഇന്ത്യയിലേക്കു നാടുകടത്തണമെന്ന ആവശ്യമാണ് ബ്രിട്ടന്‍ നിരസിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ഈ ആവശ്യമുന്നയിച്ച് ഇന്ത്യ ബ്രിട്ടന് കത്ത് കൈമാറിയത്.
മല്യക്കെതിരേയുള്ള കേസിന്റെ ഗൗരവം ബ്രിട്ടന്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും ഇന്ത്യയുമായുള്ള കുറ്റവാളികളെ കൈമാറല്‍ കരാര്‍ പ്രകാരം നിയമസഹായം നല്‍കാന്‍ തയ്യാറാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ബ്രിട്ടനിലെ കുടിയേറ്റ നിയമപ്രകാരം സാധുതയുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ള ആളെ നാടുകടത്താന്‍ കഴിയില്ലെന്നു ബ്രിട്ടന്‍ കത്തില്‍ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വാക്താവ് വികാസ് സ്വരൂപ് അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് നിലനില്‍ക്കുന്നതിനാല്‍ മല്യയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. അദ്ദേഹത്തിനെതിരേ ജാമ്യമില്ലാ വാറണ്ടും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, വിജയ് മല്യക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ച് കുറ്റവാളികളെ കൈമാറല്‍ നിയമപ്രകാരം അദ്ദേഹത്തെ ബ്രിട്ടനില്‍ നിന്നു തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയെ അറിയിച്ചു. വായ്പകള്‍ തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശസാല്‍കൃത ബാങ്കുകള്‍ സുപ്രിംകോടതിയേ സമീപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it