മല്യയെ തിരികെയെത്തിക്കാന്‍ നടപടി തുടങ്ങി; സുരക്ഷ ഉറപ്പുനല്‍കിയാല്‍ വരും

ന്യൂഡല്‍ഹി: വിജയ് മല്യയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ചു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ചനടത്തി. കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം മല്യയെ ഇന്ത്യയിലെത്തിക്കാനാണു നടപടി. അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ ഏകദേശം ഒരുമാസത്തോളം വേണ്ടിവരും. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ നേരത്തേ നിരസിച്ചിരുന്നു. മതിയായ രേഖകള്‍ കൈവശമുള്ള ഒരാളെ വിട്ടുതരാനാവില്ലെന്നായിരുന്നു അന്ന് ബ്രിട്ടന്‍ ഇന്ത്യയെ അറിയിച്ചിരുന്നത്.
അദ്ദേഹത്തിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്ന് ഇന്റര്‍പോളിനോട് കഴിഞ്ഞയാഴ്ച ഇഡി ആവശ്യപ്പെട്ടിരുന്നു. മല്യയെ വിട്ടുകിട്ടാന്‍ ഇരു രാജ്യങ്ങള്‍ക്കും സംയുക്തമായി നടപടി സ്വീകരിക്കാമെന്നും 1971ലെ നിയമനുസരിച്ച് പാസ്‌പോര്‍ട്ട് റദ്ദാക്കിയാലും നാടുകടത്താനാവില്ലെന്നുമാണ് ബ്രിട്ടന്‍ ഇന്ത്യയെ അറിയിച്ചിരുന്നത്. വിദേശകാര്യ മന്ത്രാലയം മല്യയുടെ പാസ്‌പോര്‍ട്ട് നേരത്തേ റദ്ദാക്കിയിരുന്നു. മുംബൈ പ്രത്യേക കോടതി മല്യക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. മല്യക്കെതിരേ നിലവില്‍ സുപ്രിംകോടതിയിലും കേസുണ്ട്.
അതേസമയം, ഇന്ത്യയിലേക്കു വരാന്‍ തയ്യാറാണെന്നും പക്ഷേ, തന്റെ സുരക്ഷ ഉറപ്പുനല്‍കണമെന്നും വിജയ് മല്യ പറഞ്ഞു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ മുന്നിലെത്താനും എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനും തയ്യാറാണ്. ബാങ്കുകളുമായി ചര്‍ച്ച നടത്താനും തയ്യാറാണ്.
കഴിഞ്ഞദിവസം മുംബൈയില്‍ നടന്ന അദ്ദേഹത്തിന്റെ കമ്പനിയുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണ് മല്യ ഇക്കാര്യം അറിയിച്ചത്.
Next Story

RELATED STORIES

Share it