Editorial

മല്യയുടേതു തന്നെയാവും അവസാനത്തെ ചിരി

ഒമ്പതിനായിരം കോടി രൂപ വായ്പാകുടിശ്ശിക തിരിച്ചടയ്ക്കാതെ വ്യവസായപ്രമുഖനായ വിജയ് മല്യ നാടുവിട്ടിരിക്കുന്നു. മല്യയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വിവിധ ബാങ്കുകളടങ്ങുന്ന കണ്‍സോര്‍ഷ്യം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. മല്യക്കെതിരേ നേരത്തേ തന്നെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മല്യ നാടുവിടുമെന്നും അതിനനുവദിക്കരുതെന്നും നിയമോപദേശമുണ്ടായിരുന്നു. പക്ഷേ, ആള്‍ സസുഖം മുങ്ങി. ഇപ്പോള്‍ ലണ്ടനിലെ ഗ്രാമവസതിയില്‍ ആഡംബരജീവിതം.
കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടുകൂടി നടത്തിയ നാടുവിടലാണിത് എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവുമില്ല. മല്യയെ തിരിച്ചുകൊണ്ടുവരുമെന്ന് ധനമന്ത്രി പറയുന്നുണ്ടെങ്കിലും അതൊന്നും ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല. കോണ്‍ഗ്രസ് ഈ വിഷയത്തെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കി. പട്ടിണിപ്പാവങ്ങള്‍ വായ്പാകുടിശ്ശിക വരുത്തിയാല്‍ കര്‍ക്കശ നടപടികളും കോടീശ്വരന്മാര്‍ക്ക് വഴിവിട്ട ആനുകൂല്യങ്ങളും എന്നതാണ് ഇന്ത്യന്‍ അവസ്ഥ എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മല്യ സംഭവം. കേന്ദ്രസര്‍ക്കാരിനെയും ബാങ്കുകളെയുമെല്ലാം നമുക്കു കുറ്റപ്പെടുത്തിക്കൊണ്ടിരിക്കാം. അപ്പോഴും ചെറുമീനുകള്‍ വലയിലാവുന്നുണ്ടാവും. വമ്പന്‍സ്രാവുകള്‍ രക്ഷപ്പെടുകയും ചെയ്യും.
കേന്ദ്രസര്‍ക്കാര്‍ വിജയ് മല്യയെ സഹായിച്ചു എന്നത് ശരിതന്നെ. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ മുഴുവനും അദ്ദേഹവുമായി ഒത്തുകളി നടത്തിയിട്ടുള്ളവരാണ് എന്നു പറയുന്നതാവും കൂടുതല്‍ ശരി. അല്ലാതെ എങ്ങനെയാണ് വിജയ് മല്യയെപ്പോലെയുള്ള ഒരാള്‍ രാജ്യസഭാംഗമാവുന്നത്? രാജ്യസഭാംഗം എന്ന നിലയിലുള്ള പ്രത്യേകാനുകൂല്യങ്ങള്‍ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മല്യക്കെതിരായി യഥോചിതം നടപടികളെടുക്കുന്ന കാര്യത്തില്‍ കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണലും കര്‍ണാടക ഹൈക്കോടതിയും അമാന്തം കാണിച്ചു. മുന്‍കൂട്ടി വിവരമറിഞ്ഞിട്ടും സിബിഐ അദ്ദേഹത്തിന്റെ നാടുവിടല്‍ തടയാന്‍ നടപടിയെടുത്തില്ല- എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ സമ്പന്നന് വേറെയാണ് താപ്പ് എന്നു വ്യക്തമാവും. വേലിതന്നെയാണ് വിളവ് തിന്നുന്നത് എന്ന് ഉറപ്പായിക്കിട്ടും.
ഇതോടൊപ്പം കണക്കിലെടുക്കേണ്ട മറ്റൊരു വസ്തുതയാണ് ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാവുന്ന കുറ്റകരമായ അനാസ്ഥ. കോടികളുടെ കുടിശ്ശികയുള്ളപ്പോഴാണ് വിജയ് മല്യക്ക് ബാങ്കുകള്‍ വീണ്ടും കടം കൊടുത്തത്. ഇതു വിജയ് മല്യയുടെ കാര്യത്തില്‍ മാത്രം സംഭവിച്ചുപോയ 'അബദ്ധ'മല്ല. രാജ്യത്തെ വിവിധ വാണിജ്യബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ പരിശോധിച്ചാല്‍ പ്രതിക്കൂട്ടിലാവുക കുത്തകഭീമന്മാരായിരിക്കും. അവരെ പിടികൂടാന്‍ യാതൊരു നീക്കവും നടത്തുന്നില്ലെന്നു മാത്രമല്ല, വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് വേറെ കമ്പനിയുണ്ടാക്കി അത്തരം സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ വ്യവസ്ഥയുമുണ്ടാക്കിയിരിക്കുന്നു സര്‍ക്കാര്‍. സര്‍ക്കാര്‍ നയങ്ങള്‍ വായ്പാ തിരിച്ചടവ് മുടക്കുന്ന വന്‍കിടക്കാര്‍ക്ക് അനുകൂലമാണ്. ഇതു ചൂണ്ടിക്കാട്ടുന്ന ബാങ്ക് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും അവര്‍ക്കെതിരേ കേസെടുക്കുകയുമൊക്കെയാണുതാനും ചെയ്യുന്നത്. ഈ അവസ്ഥയില്‍ വിജയ് മല്യയുടേതു തന്നെയായിരിക്കും അവസാനത്തെ ചിരി.
Next Story

RELATED STORIES

Share it