World

മലേസ്യ: മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചു

ക്വാലാലംപൂര്‍: ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടി സെക്രട്ടറി ജനറല്‍ ലിം ഗ്വാന്‍ എങ്, മുന്‍ ഉപപ്രധാനമന്ത്രി മുഹ്‌യുദ്ദീന്‍ യാസിന്‍ തുടങ്ങിയവര്‍ മലേസ്യന്‍ മന്ത്രിസഭയില്‍ അംഗങ്ങളാവും. വ്യാഴാഴ്ച മലേസ്യന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മഹാതീര്‍ മുഹമ്മദ് ഇന്നലെയാണ് മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചത്. ധനമന്ത്രാലയത്തിന്റെ ചുമതലയാണ് ലിം ഗ്വാന്‍ എങിന്. മുഹ്‌യുദ്ദീന്‍ യാസിന്‍ ആഭ്യന്തരമന്ത്രിയാവും. ദീര്‍ഘകാലം മലേസ്യന്‍ പ്രതിപക്ഷത്തു പ്രവര്‍ത്തിച്ച മുഹമ്മദ് സൗബുവിനാണ് പ്രതിരോധമന്ത്രാലയത്തിന്റെ ചുമതല.
മന്ത്രിമാര്‍ക്കു പുറമേ കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സിലേക്കുള്ള രണ്ട് അംഗങ്ങളെയും പ്രഖ്യാപിച്ചു. സെന്‍ട്രല്‍ ബൗങ്ക് മുന്‍ ഗവര്‍ണര്‍ സെതി അഖ്തര്‍ അസീസ്, വ്യവസായി റോബര്‍ട്ട് കുവോക് എന്നിവരെയാണ് കൗണ്‍സില്‍ അംഗങ്ങളായി തിരഞ്ഞെടുത്തത്. സാമ്പത്തിക രംഗത്ത് സര്‍ക്കാരിന് ഉപദേശം നല്‍കുന്ന സമിതിയാണ് കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ്.
ബുധനാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് ഭരണസഖ്യമായ ബിഎന്‍ മുന്നണിയെ പരാജയപ്പെടുത്തി മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യം അധികാരത്തിലെത്തിയത്. 15 വര്‍ഷത്തിനു ശേഷമാണ് മഹാതീര്‍ മുഹമ്മദ് വീണ്ടും അധികാരത്തിലെത്തുന്നത്. ബിഎന്‍ സഖ്യകക്ഷികളുടെ നേതാവായിരുന്ന മഹാതീര്‍ മുഹമ്മദ് 1981 മുതല്‍ 2003 വരെ 22 വര്‍ഷം മലേസ്യയുടെ പ്രധാനമന്ത്രിയായിരുന്നു. എന്നാല്‍, 2016ല്‍ നജീബ് റസാഖിനെതിരേ അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ മഹാതീര്‍ ബിഎന്‍ സഖ്യം വിടുകയും പ്രതിപക്ഷ പാര്‍ട്ടിയില്‍ ചേരുകയുമായിരുന്നു.
Next Story

RELATED STORIES

Share it