World

മലേസ്യ: നജീബ് റസാഖിനെ അഴിമതിവിരുദ്ധ കമ്മീഷന്‍ ചോദ്യംചെയ്തു

ക്വലാലംപൂര്‍: മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ അഴിമതിവിരുദ്ധ കമ്മീഷന്‍ ചോദ്യംചെയ്തു.  1 മലേസ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദ് (1 എംഡിബി) പദ്ധതിയുടെ മറവില്‍ നജീബ് അഴിമതി നടത്തിയെന്നാണു കേസ്. ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് മലേസ്യ ആന്റി-കറപ്ഷന്‍ കമ്മീഷന്‍ (എംഎസിസി) കഴിഞ്ഞദിവസം നജീബിന് നോട്ടീസ് അയച്ചിരുന്നു. പദ്ധതിയുടെ ഫണ്ടില്‍ നിന്നു 1.5 കോടി ഡോളര്‍ നജീബിന്റെ അക്കൗണ്ടിലേക്ക് എത്തിയതിനെക്കുറിച്ചാണു മഹാതീര്‍ സര്‍ക്കാര്‍അന്വേഷിക്കുന്നത്. നാലു മണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യംചെയ്തതായാണു റിപോര്‍ട്ട്.
നജീബ് അധികാരത്തിലിരിക്കെ 2015ല്‍ അറ്റോര്‍ണി ജനറല്‍ കേസില്‍ നജീബിനെ വെറുതെവിട്ടു. മഹാതീര്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ കേസില്‍ പുനരന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച നജീബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിദേശ കറന്‍സികളും ആഡംബര വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
യുഎസിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടു യുഎസിലും അന്വേഷണം നടക്കുന്നുണ്ട്.   1 എംഡിബി ഫണ്ടില്‍ നിന്ന് 450 കോടി ഡോളര്‍ നജീബും കൂട്ടാളികളും  വകമാറ്റിയതായി യുഎസ് അന്വേഷണ ഏജന്‍സികളും ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ നജീബ് സഖ്യത്തിന്റെ തോല്‍വിയിലേക്ക് നയിച്ചതും ഈ അഴിമതിക്കേസാണ്.
Next Story

RELATED STORIES

Share it