മലേസ്യന്‍ ഭരണകക്ഷി പ്രതിസന്ധിയില്‍

ക്വാലാലംപൂര്‍: പ്രധാനമന്ത്രി നജീബ് റസാഖിന്റെ അക്കൗണ്ടില്‍ കണ്ട 681 ദശലക്ഷം ഡോളറിന് എന്തു സംഭവിച്ചു എന്നതിനെപ്പറ്റി ഭരണകക്ഷിയായ അംനോയില്‍ ഭിന്നത. തിരഞ്ഞെടുപ്പ് പ്രചാരവേലയ്ക്ക്  അജ്ഞാത സൗദി രാജകുടുംബാംഗം നല്‍കിയ സംഭാവനയാണിതെന്നു റസാഖ് വിശദീകരിക്കുന്നുവെങ്കിലും പൊതുവില്‍ മലേസ്യക്കാര്‍ അതു വിശ്വസിക്കുന്നില്ല. അംനോ ഉന്നതാധികാര സമിതിയില്‍ ഇതുസംബന്ധിച്ചു ചര്‍ച്ച നടക്കവേ മുന്‍ പ്രധാനമന്ത്രിയായ ഡോ. മഹാതീര്‍ മുഹമ്മദും ഒരുകൂട്ടം സമിതിയംഗങ്ങളും ഇറങ്ങിപ്പോയി. വണ്‍ എംഡിബി എന്ന സര്‍ക്കാര്‍ നിക്ഷേപസ്ഥാപനത്തിന്റെ ഇടപാടുകള്‍ സംബന്ധിച്ച ദുരൂഹതകള്‍ ശക്തിപ്പെടുന്നതിനും ഈ വിവാദം വഴിവയ്ക്കുന്നുണ്ട്. തനിക്കു ലഭിച്ച 681 ദശലക്ഷം ഡോളര്‍ തിരിച്ചയച്ചുവെന്നു റസാഖ് പുതിയ വിശദീകരണവുമായെത്തിയത് ആശയക്കുഴപ്പം വര്‍ധിപ്പിച്ചിരിക്കയാണ്. ഈ പ്രശ്‌നത്തില്‍ തന്നെ എതിര്‍ക്കുന്ന പല ഉന്നതോദ്യോഗസ്ഥരെയും  റസാഖ് പുറത്താക്കിയതും ജനരോഷം വര്‍ധിക്കുന്നതിനു ഹേതുവായി. വണ്‍ എംഡിബിയുടെ 400 കോടി ഡോളര്‍ ഏതു വഴിപോയി എന്നതു സംബന്ധിച്ചാണു പുതിയ ചോദ്യങ്ങള്‍ ഉയരുന്നത്. നജീബ് റസാഖുമായി ബന്ധമുള്ള വ്യവസായികളും ഉദ്യോഗസ്ഥരും ഇതിലൊരു ഭാഗം സ്വന്തമാക്കിയെന്നാണു കരുതപ്പെടുന്നത്. മലയേസ്യക്ക് പുറത്തു കാരിബീയനിലും മറ്റുമുള്ള വ്യാജ കമ്പനികളിലേക്ക് ഇതിലൊരുഭാഗം കൈമാറ്റംചെയ്തിട്ടുണ്ടെന്ന് ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നജീബ് റസാഖിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു വണ്‍ എംഡിബി. റസാഖിന്റെ അക്കൗണ്ടിലൂടെ 100 കോടി ഡോളറിന്റെ കൈമാറ്റം നടന്നുവെന്നു വാള്‍സ്ട്രീറ്റ് ജേണല്‍ സൂചിപ്പിക്കുന്നു. അബൂദബി ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള ഒരു ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് വണ്‍ എംഡിബിയുമായി അടുത്ത ബന്ധമുള്ളതും സംശയം ശക്തിപ്പെടുത്തുന്നു. കള്ളപ്പണം സൂക്ഷിക്കുന്നതിനു പ്രത്യേക സൗകര്യങ്ങളുള്ള ബ്രിട്ടിഷ് വേജിന്‍ ദ്വീപുകളില്‍ അബൂദബി ഫണ്ടിനുള്ള അക്കൗണ്ടിലേക്ക് 100 കോടി ഡോളര്‍ കൈമാറ്റം ചെയ്തതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സൗദി രാജകുടുംബത്തില്‍ പെട്ടവര്‍ നിയന്ത്രിക്കുന്ന പെട്രോ സൗദിക്കും എംഡിബിയുമായി ബന്ധമുണ്ട്. വണ്‍ എംഡിബി പെട്രോ സൗദിയില്‍ നിക്ഷേപിച്ച മറ്റൊരു 100 കോടി ഡോളറിന്റെ മൂന്നിലൊരു ഭാഗം സീഷല്‍സിലെ ഒരു ബാങ്കിലേക്ക് മാറ്റിയത്രെ! വണ്‍ എംഡിബിയുടെ കണക്കുകള്‍ ശരിയല്ലെന്നു ചൂണ്ടിക്കാണിച്ച ഓഡിറ്റിങ് ഏജന്‍സിയെ വണ്‍ എംഡിബി നീക്കിയത് കെയ്മന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുമായുള്ള ഇടപാടുകള്‍ സുതാര്യമല്ലെന്നു ചൂണ്ടിക്കാണിച്ചതിനാണ്. വണ്‍ എംഡിബിയും ഗള്‍ഫ് കമ്പനികളും തമ്മിലുള്ള ഇടപാടുകള്‍ക്കു മേല്‍നോട്ടംവഹിച്ചത് ലോ ടേക് ജോ എന്ന ബിസിനസ്സുകാരനായിരുന്നു. നജീബ് റസാഖിന്റെ കുടുംബ സുഹൃത്താണ് ജോ. ആഗോള ഓഡിറ്റിങ് കമ്പനികളും ഈ തട്ടിപ്പിനു സഹായംചെയ്തുവെന്നാണു സംശയം.  വണ്‍ എംഡിബിയുടെ ബോണ്ട് വില്‍പനയുടെ മേല്‍നോട്ടം അമേരിക്കന്‍ കമ്പനിയായ ഗോള്‍ഡ്മന്‍ സാക്‌സിനായിരുന്നു. അതിനവര്‍ വന്‍ തുക ഫീ വാങ്ങുകയും ചെയ്തു. വ്യക്തി പ്രഭാവത്തില്‍ റസാഖിനെ വെല്ലുന്ന നേതാവായ അന്‍വര്‍ ഇബ്രാഹിമിനെ ഭരണകൂടം കള്ളക്കേസ് ചുമത്തി ജയിലിലിട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it