Fortnightly

മലേഗാവ്: യുവത്വത്തിന്റെ പത്തു നഷ്ടവര്‍ഷങ്ങള്‍

മലേഗാവ്: യുവത്വത്തിന്റെ പത്തു നഷ്ടവര്‍ഷങ്ങള്‍
X
MALEGAV-2

എ എം നദ്‌വി
2016 ഏപ്രില്‍ 29 വെള്ളിയാഴ്ച മലെഗാവ് നിവാസികള്‍ക്ക് നന്ദി പ്രകടന ദിനം -ശുക്ര്‍ ഡേ- ആയിരുന്നു. 2006 ലെ ബോംബ് സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാസമ്പന്നരും മതഭക്തരും സാമൂഹ്യ പ്രവര്‍ത്തകരുമായ ഒമ്പത് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതി വിധി വന്നതിന്റെ ആഹ്ലാദത്തിലാണവര്‍.

വിവിധ അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും ഈ നിരപരാധികളെയായിരുന്നു തീവ്രവാദികളും ഭീകരവാദികളും സാമൂഹ്യവിരുദ്ധരുമായി വര്‍ഷങ്ങളോളം ചിത്രീകരിച്ചുകൊണ്ടിരുന്നത്. തങ്ങളുടെ നിരപരാധിത്വം ഒരു പതിറ്റാണ്ടിനു ശേഷം കോടതിതന്നെ വിളിച്ചുപറയുമ്പോള്‍ അവര്‍ക്ക് നന്ദിപ്രകടിപ്പിക്കാനുള്ളത് ദൈവത്തോട് മാത്രമാണ്.

അവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിപ്രസ്താവം നടത്തിയ ജഡ്ജി വിവി പാട്ടീലിന്റെ വാക്കുകളില്‍ മലേഗാവ് സ്‌ഫോടനക്കേസിന്റെ നിഗൂഢതകളും കുരുക്കുകളും വ്യക്തമാണ്. അദ്ദേഹത്തിന്റെ വാക്കുകളിതാ:

'എന്റെ നിരീക്ഷണം സ്‌ഫോടനത്തെ കുറിച്ച് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കണ്ടെത്തിയ തെളിവുകള്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ലയെന്നാണ്. അന്വേഷണഏജന്‍സിയുടെ രേഖയില്‍ സ്റ്റാമ്പ്പതിക്കുന്ന കേവലം പോസ്റ്റ്ഓഫീസായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ആരോപണ വിധേയര്‍ തികച്ചും നിരപരാധികളാണ്. അവര്‍ക്ക് നിയമത്തിന്റെ ആനുകൂല്യം ലഭിച്ചേ മതിയാവൂ.'

ഒരുപതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിലൂടെ നിരപരാധിത്വം തെളിയിക്കപ്പെടുമ്പോള്‍ നിരന്തരമായ നിയമപ്രക്രിയയും, മാധ്യമ വിചാരണയും തകര്‍ത്ത ജീവിതത്തിന് നഷ്ടപരിഹാരം ആര് നല്‍കുമെന്ന ചോദ്യം നിയമവ്യവസ്ഥയുടെ നേര്‍ക്കാണ് ഉന്നയിക്കുന്നത്. അവരുടെ ജീവിതത്തിലെ ഒരു പതിറ്റാണ്ട് അപഹരിക്കാന്‍ കാരണക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ശക്തമായ ആവശ്യമുന്നയിക്കുകയാണ് മലേഗാവ് നിവാസികള്‍.

malegaon-22006 ലാണ് മലേഗാവ് നഗരത്തെ നടുക്കിയ സ്‌ഫോടന പരമ്പര അരങ്ങേറിയത്. അതൊരു വെള്ളിയാഴ്ചയായിരുന്നു.ബറാഅത്ത് രാവ് ആചരിക്കുകയായിരുന്നു മലേഗാവ് നിവാസികള്‍. അവരെ സംബന്ധിച്ചിടത്തോളം തലമുറകളെ തമ്മില്‍ കണ്ണി ചേര്‍ക്കുന്ന സുപ്രധാന രാവാണത്. അന്ന് നാട്ടിലെ സുന്നിമുസ്‌ലിംകള്‍ കുടുംബസമേതം മരണപ്പെട്ട പൂര്‍വികര്‍ക്ക്‌വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഹമീദിയ മസ്ജിദിനോട് ചേര്‍ന്ന ബഡാ ഖബറിസ്ഥാനിലെത്തും.

ഏകദേശം മൂന്ന് കിലോമീറ്ററോളം ചുറ്റളവിലുള്ള വിശാലമായ ബഡാ ഖബറിസ്ഥാന്‍ ജനനിബിഡമായിരുന്നു. ഓരോ ഖബറിന്റെ സമീപത്തും ഉറ്റവരും ഉടയവരും കരങ്ങളുയര്‍ത്തി ദീര്‍ഘനേരം പ്രാര്‍ത്ഥനയില്‍ മുഴുകും. ബറാഅത്തും ജുമുഅയും ഒന്നിച്ചുവന്നതിനാല്‍ ഉച്ചക്ക് മുമ്പേ ഖബര്‍ സ്ഥാനിലേക്ക് ആളുകള്‍ ഒഴുകിയെത്താന്‍ തുടങ്ങിയിരുന്നു. ജുമുഅ നമസ്‌ക്കാരത്തിനും അനുബന്ധ പ്രഭാഷണം ശ്രവിക്കാനും പതിവില്‍ കവിഞ്ഞ തിരക്കായിരുന്നു. പള്ളി നിറഞ്ഞ് ജനം, മുറ്റത്തും ഗേറ്റിനുപുറത്തും തിങ്ങി നിറഞ്ഞു. ജുമുഅ അവസാനിക്കാറായി. ഏകദേശം ഉച്ചയ്ക്ക് 1.35 നാണ് നമസ്‌ക്കാരം തുടങ്ങിയത്. 1.42 ന് അവസാനിച്ചു. 1.44 ന് ദുആ തുടങ്ങി. ഇടയ്ക്ക് മൈക്ക് പണിമുടക്കിയ മൂന്ന് നാല് മിനുറ്റുകള്‍ അടക്കം 1.56 ന് ദുആ അവസാനിച്ചു. നമസ്‌ക്കാരം തീര്‍ന്നത് മുതല്‍ ദുആ തുടങ്ങുന്നതിനുമുമ്പ്തന്നെ ജനങ്ങള്‍ ഖബറിസ്ഥാനിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു.

ദുആ തീരുന്നതിനിടയില്‍ ഹമീദിയ മസ്ജിദിന്റെ പ്രധാനകവാടത്തിന്നടുത്ത് ആദ്യ സ്‌ഫോടനമുണ്ടായി. സ്‌ഫോടന ശബ്ദം കേട്ട് പള്ളിയിലുണ്ടായിരുന്ന വൃദ്ധരും കുട്ടികളുമുള്‍പ്പെടെയുള്ള ഭക്തര്‍ ഗേറ്റിന്റെ ഭാഗത്തേക്ക് പാഞ്ഞു. തിങ്ങിഞെരുങ്ങി ജനം പുറത്തേക്കിറങ്ങവേ, ഗേറ്റിന് സമീപത്തെ മരത്തിനടുത്ത് സ്ഥാപിച്ച സൈക്കിള്‍ പൊട്ടിത്തെറിച്ചു. മിനിറ്റുകള്‍ വ്യത്യാസത്തിലുണ്ടായ സ്‌ഫോടനത്തില്‍ ജനങ്ങള്‍ ചിതറിയോടി. ഇതേസമയം ഖബറിസ്ഥാനിലുണ്ടായിരുന്നവരും അസ്വസ്ഥരായി പുറത്തേക്ക് കടക്കാന്‍ വ്യഗ്രത കൂട്ടി.

ഖബറിസ്ഥാനില്‍നിന്നു പുറത്തേക്ക് കടക്കാനുള്ള പ്രധാന കവാടത്തിനരികെ അംഗശുദ്ധിക്കായുള്ള പ്രത്യേക സ്ഥലത്തിന്നടുത്ത് സ്ഥാപിച്ച മറ്റൊരു സൈക്കിളില്‍നിന്നായിരുന്നു അടുത്ത സ്‌ഫോടനം. പള്ളിയും പരിസരവും യുദ്ധക്കളത്തിന് സമാനമായി. മുറിവേറ്റവര്‍, ചോരയൊലിച്ചു നില്‍ക്കുന്നവര്‍, വീണുപോയവര്‍, ഉറ്റയവരെയും ഉടയവരെയും കാണാതെ അലയുന്നവര്‍, പള്ളിയില്‍നിന്നും പുറത്തിറങ്ങുന്നയാളുകള്‍. തൊട്ടടുത്ത നാല്‍ക്കവലയായ മുശാവറത്ത് ചൗക്കിലാണ് അടുത്ത സ്‌ഫോടനം.

പള്ളിവളപ്പിലും, വാഹനപാര്‍ക്കിംഗ് സ്ഥലത്തും മുശാവറത്ത് ചൗക്കിലും തുടരെയുണ്ടായ നാലു സ്‌ഫോടനങ്ങളിലായി 30 മുസ്‌ലിംകളും ഒരു ഹിന്ദുവും നിര്‍ദയം കൊല്ലപ്പെട്ടു. അവരില്‍ നാലുപേര്‍ സ്ത്രീകളും എട്ട് പേര്‍ കുട്ടികളുമായിരുന്നു. 312 പേര്‍ക്ക് പരിക്കേറ്റു. അവരില്‍ 104 പേര്‍ കുട്ടികളായിരുന്നു.

നഗരത്തെ നടുക്കിയ ഈ സ്‌ഫോടനത്തിന്റെ അന്വേഷണം ഉടനെ ആരംഭിച്ചു. ദിവസങ്ങള്‍ക്കകം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) സ്‌ഫോടനത്തിന് പിന്നില്‍ സിമിയാണെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഒമ്പത് മുസ്‌ലിം യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ആകെ പന്ത്രണ്ട് പ്രതികളില്‍ മൂന്നു പേര്‍ ഒളിവിലാണെന്നും പ്രഖ്യാപിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മേല്‍ 'മോക്ക' (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) ചുമത്തി കേസ് ഫയല്‍ ചെയ്തു.

അറസ്റ്റ് ചെയ്യപ്പട്ടവരില്‍ രണ്ടു ഡോക്ടര്‍മാരും ഒരു ഇമാമും ഉള്‍പ്പെട്ടിരുന്നു.

1) നൂറുല്‍ ഹുദാ (21 വയസ്സ്) ജഅ്ഫര്‍ നഗര്‍- മലേഗാവ്

2006 ഒക്ടോബര്‍ 8 ന് അറസ്റ്റ് ചെയ്യപ്പെട്ടു.

ആരോപണം: സിമി പ്രവര്‍ത്തകന്‍. ശബീര്‍ അഹ്മദ് മസീഉള്ളയുടെ ബാറ്ററിക്കടയിലെ തൊഴിലാളി. 2006 മെയ് 7 നായിരുന്നു ഹുദായുടെ വിവാഹം. വിവാഹ ദിവസം ഖലീല്‍ ഹൈസ്‌ക്കൂളില്‍ നടന്ന പാര്‍ട്ടിക്കിടയിലാണ് സ്‌ഫോടനപദ്ധതിക്ക് പ്രാഥമിക രൂപം നല്‍കിയത്. ഖബറിസ്ഥാനിലെ സൈക്കിളില്‍ ബോംബ് സ്ഥാപിച്ചത് നൂറുല്‍ ഹുദായാണ്. സ്‌ഫോടന ദിവസം ശബീറിന്റെ ബാറ്ററിക്കടയില്‍ ഒത്തുകൂടിയവരില്‍ നൂറുല്‍ ഹുദായും റഈസ് അഹമ്മദുമാണ് ഖബറിന് സമീപത്തുള്ള കവാടത്തിന്നരികെ ബോംബ് സ്ഥാപിക്കാന്‍ ചുമതലയേറ്റത്. പിന്നീട് മാപ്പുസാക്ഷിയായ അബ്‌റാര്‍ അഹ്മദിന്റെ മൊഴിയനുസരിച്ചുള്ള വിവരങ്ങളാണിത്.

2) റഈസ് അഹ്മദ്. ശബീര്‍ അഹ്മദ് മസീഉല്ലയുടെ സഹോദരീഭര്‍ത്താവ്.ശബീറിന്റെ ബാറ്ററിക്കടയില്‍ ജോലിക്കാരന്‍.

2006 ഒക്ടോബര്‍ 24 ന് അറസ്റ്റ് ചെയ്യപ്പെട്ടു.

ആരോപണം: മുഹമ്മദിയ മസ്ജിദില്‍ വ്യാജ ബോംബ് വെച്ചു, നൂറുല്‍ ഹുദായോടെപ്പം ഖബറിസ്ഥാന് സമീപം ബോംബ് സ്ഥാപിച്ചു. ഗൂഢാലോചനയില്‍ പങ്കാളിയായി.

3) ഡോ. ഹാഫിസ് സല്‍മാന്‍ ഫാരിസി. നൂറുല്‍ ഹുദായുടെ പിതൃസഹോദരന്‍. 2006 നവംബര്‍ 6 ന് അറസ്റ്റ് ചെയ്യപ്പെട്ടു. ആരോപണം: സ്‌ഫോടനത്തിന് പ്രേരിപ്പിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്തു.

4) ഡോ. ഫറോഗ് ഇഖ്ബാല്‍ മഖ്ദൂമി, 2006 നവംബര്‍ 6 ന് അറസ്റ്റ് ചെയ്യപ്പെട്ടു. ആരോപണം: മെയ് 7 ന് നൂറുല്‍ ഹുദായുടെ കല്യാണത്തില്‍ പങ്കെടുത്തു. ജിഹാദിനെക്കുറിച്ച് പ്രഭാഷണം നടത്തി.

5) മൗലാന മുഹമ്മദ് സാഹിദ്, ഇമാം ഫൂല്‍സാവങ്കി യവത്മാല്‍, പൂസദ് ജില്ലാ, 2006 നവംബര്‍ 21 ന് അറസ്റ്റ് ചെയ്യപ്പെട്ടു. ആരോപണം: സിമി പ്രവര്‍ത്തകന്‍. 2006 മെയില്‍ സ്വന്തം നാടായ മലേഗാവ് സന്ദര്‍ശിച്ചു. സ്‌ഫോടന ദിവസം നഗരത്തിലുണ്ടായിരുന്നു. അബ്‌റാറുമായി ചേര്‍ന്ന് മുശാവറത്ത് ചൗക്കില്‍ ബോംബ് സ്ഥാപിച്ചു.

6) ശബീര്‍ അഹ്മദ് മസീഉള്ള. ഇസ്‌ലാം പുരയില്‍ താമസം, ബാറ്ററി കച്ചവടം,

2006 ആഗസ്റ്റ് 2 ന് അറസ്റ്റ് ചെയ്യപ്പെട്ടു.

ആരോപണം: മുഖ്യ സൂത്രധാരന്‍, ബാഹ്യശക്തികളുമായി ചേര്‍ന്ന് 2001 ല്‍ മലേഗാവില്‍ നടന്ന കലാപത്തിന് പ്രതികാരം ചെയ്യുകയായിരുന്നു ഉദ്ദേശ്യം. ബോംബ് നിര്‍മ്മാണ വിദഗ്ദ്ധന്‍. സമാന ചിന്താഗതിക്കാരെ സംഘടിപ്പിച്ചു. യവത്മാലില്‍ ജോലി ചെയ്തിരുന്ന ഇമാം മൗലാന സാഹിദുമായി ബന്ധം സ്ഥാപിച്ചു. ലക്ഷ്യത്തെക്കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തി. ബോംബെയില്‍ വെച്ച് ചില പാകിസ്താനികളുമായി കൂടിക്കാഴ്ച നടത്തി. മുഹമ്മദ് അലി, ആസിഫ്ഖാന്‍ എന്നിവരില്‍ നിന്ന് ആര്‍ഡിഎക്‌സ് ഏറ്റുവാങ്ങി. ആസിഫ്ഖാന്‍, മുഹമ്മദ് അലി എന്നിവര്‍ക്കൊപ്പം ബാറ്ററി നിര്‍മ്മാണ ശാലയില്‍ വെച്ച് ബോംബ് നിര്‍മിച്ചു.

7) ആസിഫ് ബഷീര്‍ഖാന്‍ ജല്‍ഗാവ്.

2006 നവംബര്‍ 14 ന് അറസ്റ്റ് ചെയ്യപ്പെട്ടു.

ആരോപണം: മലേഗാവിലേക്ക് 15 കിലോ ആര്‍ഡിഎക്‌സ് എത്തിച്ചു. 2006 ജൂലൈയില്‍ മുംബൈയില്‍ നിന്നും മാലേഗാവില്‍ വന്നു. ഒപ്പമുണ്ടായിരുന്ന മുഹമ്മദലിയോടൊപ്പം ഷബീറിന്റെ ബാറ്ററി ഗോഡൗണില്‍ താമസിച്ചു സ്‌ഫോടനത്തിന് ആസൂത്രണം നടത്തി.

8) മുഹമ്മദ് അലി ആലം ശൈഖ്.

2006 നവംബര്‍ 14ന് അറസ്റ്റ് ചെയ്യപ്പെട്ടു.

ആരോപണം: പാകിസ്താനില്‍നിന്നും മുംബൈയില്‍ ഇറക്കുമതി ചെയ്ത 15 കിലോ ആര്‍ഡിഎക്‌സ് സൂക്ഷിച്ചു. അതില്‍ രണ്ട് കിലോ മലേഗാവില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ചു.

9) അബ്‌റാര്‍ അഹ്മദ്, മലേഗാവ് ഇസ്‌ലാംപുരയില്‍ താമസം. അറസ്റ്റ് ചെയ്യപ്പെട്ടതായി പോലിസ് പ്രചരിപ്പിച്ചു. ഒരു മാസത്തെ അജ്ഞാതവാസം. ഡിസംബര്‍ 22 ന് മാപ്പുസാക്ഷിയായി.

10) റിയാസ് അഹ്മദ് അര്‍സലാന്‍,

11) മുനവ്വര്‍ ഹുസൈന്‍,

12) മുസ്സമ്മില്‍ ശൈഖ്    എന്നീ മൂന്നുപേര്‍ ഒളിവില്‍.

ഈ സ്‌ഫോടനം സിമി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചതാവാമെന്ന് രേഖപ്പെടുത്തിക്കൊണ്ട് എഫ്‌ഐആര്‍ തയ്യാറാക്കുകയായിരുന്നു എടിഎസ്.

മുസ്‌ലിം ആരാധനാലയത്തിലും ഖബറിസ്ഥാനിലും മുസ്‌ലിം യുവാക്കള്‍ ബോംബ് വെക്കുമോ എന്ന സംശയത്തെ മറികടക്കാന്‍ ബറേല്‍വി സുന്നി പള്ളിയായ ഹമീദിയ മസ്ജിദില്‍ ബോംബ് സഥാപിച്ചവര്‍ സുന്നി വിരുദ്ധരായ സലഫി ചിന്താഗതിക്കാരാണെന്ന്‌പോലും പോലിസ് വ്യാഖ്യാനിച്ചു.മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ പ്രസിദ്ധ പവര്‍ലൂം വ്യവസായ നഗരമായ മലേഗാവില്‍ 2006 സെപ്തംബര്‍ 8 ന് നടന്ന സ്‌ഫോടന പരമ്പരയുടെ അന്വേഷണം ആദ്യം നടത്തിയത് നാസിക് പോലിസ് ആയിരുന്നു. ഒരു മാസത്തിന് ശേഷമാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് കേസന്വേഷണം ഏറ്റെടുക്കുന്നത്. കേസ് ഏറ്റെടുത്തയുടനെ എടിഎസ് തലവന്‍ രഘുവംശിയുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഫോടനം നടത്തിയത് സിമിയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതിന് യോജിച്ച രീതിയിലുള്ള തിരക്കഥയുണ്ടാക്കുകയാണ് പിന്നീട് നടന്നത്. ഒരു ബാറ്ററി നിര്‍മ്മാണ തൊഴില്‍ ശാലയും അതുമായി ബന്ധപ്പെട്ട ചിലരുമാണ് ഇതിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടത്. സ്‌ഫോടനത്തിന് മൂന്ന് മാസം മുമ്പ് നടന്ന വിവാഹവും അതുമായി ബന്ധപ്പെട്ട കൂടിചേരലുകളുമാണ് ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടത്. പരസ്പരം അറിയുന്നവരും ബന്ധുക്കളും നാട്ടുകാരുമായവര്‍ ഒത്തുചേരുന്നതും സംസാരിക്കുന്നതും മറ്റുമെല്ലാം ഭീകരവാദികളുടെ സംഘം ചേരലായി വളച്ചൊടിച്ചു.

ഒമ്പത് യുവാക്കളുടെ വിദ്യാഭ്യാസവും തൊഴിലും ഉപജീവനവും അഭിമാനവും തകര്‍ത്ത് തരിപ്പണമാക്കുന്ന പ്രക്രിയയാണ് അന്വേഷണത്തിന്റെ മേല്‍വിലാസത്തില്‍ നടന്നത്. നിഷ്പക്ഷമതികള്‍പോലും അന്വേഷണസംഘത്തിന്റെ കുപ്രചരണങ്ങളില്‍ വീണുപോയി. തങ്ങളുടെ തിരക്കഥയോട് യോജിക്കാത്ത മൊഴികളൊന്നും എടിഎസ് പരിഗണിച്ചതേയില്ല. ആരോപണ വിധേയരായവര്‍ക്ക് അനുകൂലമായതോ സംശയത്തിന്റെ മുന മറ്റ് കേന്ദ്രങ്ങളിലേക്ക് നീളുന്നതോ ആയ എല്ലാ മൊഴികളും ഒഴിവാക്കുകയോ അവഗണിക്കുകയോ ചെയ്തു.

എടിഎസ്, തിരക്കഥയെ ശരിവെയ്ക്കുന്നതിന് വേണ്ടി മോഹിപ്പിച്ചും, പ്രലോഭിപ്പിച്ചും പണം നല്‍കിയും അബ്‌റാര്‍ അഹ്മദിനെ മാപ്പ് സാക്ഷിയാക്കി.മാപ്പ് സാക്ഷി നിര്‍മ്മിതിതങ്ങള്‍ നിര്‍മ്മിച്ചെടുത്ത തെളിവുകള്‍ക്ക് ബലമുണ്ടാക്കാന്‍ എടിഎസ് കണ്ടെത്തിയ കുറുക്ക് വഴിയാണ് മാപ്പു സാക്ഷിനിര്‍മ്മിതി. ചോദ്യം ചെയ്യലിലൂടെ ദുര്‍ബലനും ജീവിക്കാന്‍ വിഷമിക്കുന്നയാളുമാണെന്ന് കണ്ടെത്തിയ അബ്‌റാര്‍ അഹ്മദിനെയാണതിന് തിരഞ്ഞെടുത്തത്.

മലേഗാവിലെ പ്രസിദ്ധ വ്യവസായിയാ അഹ്മദ് സഈദിന്റെ ഇളയ മകനാണ് അബ്‌റാര്‍ അഹ്മദ്. തന്റെ ഭര്‍ത്താവ് മാപ്പ് സാക്ഷിയാവാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് ഭാര്യ ജന്നത്തുന്നിസ വിവരിക്കുന്നതിങ്ങനെ: 'ഞങ്ങള്‍ വിവാഹിതരായിട്ട് ഏഴ് വര്‍ഷമായി. ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ആഗ്രഹം വിഫലമായി. ആ വേദന കടിച്ചമര്‍ത്തി കഴിയുമ്പോഴാണ് ഭര്‍തൃവീട്ടുകാര്‍ അബ്‌റാറിനെ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കുന്നത്. എന്നെ അതിയായി സ്‌നേഹിച്ച അദ്ദേഹം അതിന് വഴങ്ങിയില്ല. അതിന്റെ പേരിലുണ്ടായ അസ്വാരസ്യവും, അപസ്വരങ്ങളും മാതാപിതാക്കളുമായി അകലാന്‍ ഇടയാക്കുകയും വീട്ടില്‍നിന്ന് പുറത്ത് പോവേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തു. എന്റെ വീട്ടുകാരുടെ സഹായത്തോടെ ഞങ്ങളൊരു ഒറ്റമുറി വീടുണ്ടാക്കി താമസമാരംഭിച്ചു. അദ്ദേഹം ഇലക്ട്രീഷ്യനായി പണിക്ക് പോയി. ഞാനും വീടു കേന്ദ്രീകരിച്ചു ചില്ലറ കച്ചവടങ്ങള്‍ ചെയ്ത് സന്തോഷത്തോടെ ജീവിച്ചു. വ്യവസായികളും പണക്കാരുമായ വീട്ടുകാരോടുള്ള വാശിയും മത്സരബുദ്ധിയും കൂടുതല്‍ പണം സമ്പാദിക്കുന്നതില്‍ അബ്‌റാറിനെ പ്രേരിപ്പിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് സ്‌ഫോടനം നടന്നത്.

malengave-7അബ്‌റാര്‍ തന്റെ സുഹൃത്തുക്കളുമായി സംഭവസ്ഥലം സന്ദര്‍ശിക്കുകയും, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയും മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പോലിസ് പ്രലോഭനങ്ങളും, മോഹനവാഗ്ദാനങ്ങളുമായി അബ്‌റാറിനെ സമീപിക്കുന്നത്.

ആവശ്യത്തിന് പണം നല്‍കാമെന്നും കോടതിയില്‍നിന്നും മോചിപ്പിച്ചെടുക്കാമെന്നും പോലിസ് അബ്‌റാറിന് ഉറപ്പ് നല്‍കി. ധാരണയായ ശേഷം മൂന്ന് മാസത്തോളം നാസിക്കിലും ഇന്‍ഡോറിലുമുള്ള രഹസ്യകേന്ദ്രങ്ങളില്‍ ഞങ്ങളെയവര്‍ രാജകീയമായി പാര്‍പ്പിച്ചു. ആവശ്യമുള്ളതെന്തും കിട്ടുമെന്ന പ്രതീതി സൃഷ്ടിച്ചു. ഇക്കാലയളവില്‍ പുതുവസ്ത്രങ്ങളും പണവും ആവശ്യാനുസരണം ഞങ്ങള്‍ക്ക് ലഭിച്ചു. ഞാന്‍ അങ്ങേയറ്റം സന്തുഷ്ടവതിയായി.

കാര്യങ്ങളുടെ ഉള്ള്കള്ളികളൊന്നും എന്നോട് പറഞ്ഞിരുന്നില്ല. “വൈകാതെ ബാപ്പയെക്കാള്‍ പണം എനിയ്ക്കുണ്ടാവും” എന്ന് ഇടയ്ക്കിടെ അബ്‌റാര്‍ പറയാറുണ്ടായിരുന്നു. 2006 ഡിസംബര്‍ 6 നാണ് അബ്‌റാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌ഫോനം നടത്തിയതും, അതിന് ഗൂഢാലോചന നടത്തിയതുമെല്ലാം എടിഎസ് അറസ്റ്റ് ചെയ്ത 9 പേരാണെന്നും നൂറുല്‍ ഹുദായും റഈസ് അഹമ്മദും ബോംബ് വയ്ക്കുന്നത് താന്‍ കണ്ടുവെന്നും മറ്റും അബ്‌റാര്‍ കുറ്റസമ്മതമൊഴി നല്‍കി മാപ്പ് സാക്ഷിയായി. അതോടുകൂടി നിരപരാധികളായ കുറെ ജീവിതങ്ങള്‍ക്ക് മേല്‍ അനിശ്ചിതത്വത്തിന്റെ കൈച്ചങ്ങലകള്‍ വീഴുകയായിരുന്നു.

ഇതിനിടെ എടിഎസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന പരാതി ശക്തിപ്പെടുകയും പ്രതിഷേധ ശബ്ദങ്ങള്‍ക്ക് കനം കൂടിവരികയും ചെയ്യാന്‍ തുടങ്ങി. ജനകീയ പ്രക്ഷോഭങ്ങള്‍ പതിയെ പതിയെ രൂപപ്പെടാന്‍ തുടങ്ങിയതോടെ മഹാരാഷ്ട്ര ഗവണ്മെന്റ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചു.

എടിഎസ്, വരച്ച വഴിയിലൂടെ സഞ്ചരിക്കുക മാത്രമായിരുന്നു സിബിഐ. അന്വേഷണത്തിന് ഒരു പുരോഗതിയുമുണ്ടായില്ല. മലേഗാവിലെ ജനങ്ങള്‍ സ്‌ഫോടനം നടത്തിയ ഭീകരന്മാരെ പിന്തുണയ്ക്കുന്നവരാണെന്ന് പറഞ്ഞ് അവരുടെ മൊഴിയെടുക്കുന്നതില്‍നിന്ന്‌പോലും പിന്മാറുന്ന ദുര്‍ഗതിയാണുണ്ടായത്.

ആവര്‍ത്തിച്ചുള്ള ജാമ്യാപേക്ഷകള്‍ കോടതി നിരസിച്ചു. കസ്റ്റഡിയിലുള്ളവരുടെ കുറ്റസമ്മതമൊഴിക്ക് പ്രാധാന്യം നല്‍കുന്ന 'മോക്ക' ചാര്‍ജ്ജ് ചെയ്തിരുന്നതിനാല്‍ ജയില്‍ മോചനം ഒരു സ്വപ്‌നമായി ശേഷിച്ചു. നിയമ പോരാട്ടത്തോടൊപ്പം മലേഗാവ് ജനത ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുവന്നു. ദൈവിക ഇടപെടല്‍പോലെ ഉണ്ടായ ചില സംഭവങ്ങള്‍ കേസിന്റെ ഗതിതന്നെ മാറ്റിമറിച്ചു. മഹാരാഷ്ട്രാ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവനായി ഹേമന്ത് കര്‍ക്കരെയുടെ നിയോഗം നിയമ യുദ്ധത്തെ വിജയപാതയിലേക്കെത്തിച്ച പ്രധാനഘടകമായിരുന്നു. 2008 ല്‍ വീണ്ടും മലേഗാവിലുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണത്തിനൊടുവില്‍ 2006 ലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിം യുവാക്കളല്ലെന്നും ഹിന്ദുത്വ ഭീകര സംഘടനയായ അഭിനവ് ഭാരത് ആണെന്നും കര്‍ക്കരെ കണ്ടെത്തി.

1000ജനങ്ങളുടെ സംശയങ്ങള്‍ ശരിവെക്കുന്നതായിരുന്നു കര്‍ക്കരെയുടെ കണ്ടെത്തലുകള്‍. നിയമപോരാട്ടവുമായി മുന്നേറാന്‍ ഞങ്ങള്‍ക്കത് പ്രചോദനം പകര്‍ന്നു എന്ന് നിയമപോരാട്ടം നയിച്ച സംയുക്ത സമിതി അധ്യക്ഷന്‍ മൗലാന അബ്ദുല്‍ ഹമീദ് അസ്ഹരി പറയുന്നു. പക്ഷേ കര്‍ക്കരെക്ക് സ്വന്തം ജീവന്‍തന്നെ വിലയായി നല്‍കേണ്ടിവന്നു. മലേഗാവ്കാരുടെ ഹൃദയത്തിലിന്നും ഹേമന്ത് കര്‍ക്കരെ ജീവിച്ചിരിക്കുന്നു.

നഗരത്തിലെ സുപ്രധാന റോഡിന്നവര്‍ കര്‍ക്കരെയുടെ നാമകരണം ചെയ്തു. ഹേമന്ത് കര്‍ക്കരെയുടെ കണ്ടെത്തലുകളെ തുടര്‍ന്ന് അബ്‌റാര്‍ അഹ്മദ് തന്റെ കള്ളസാക്ഷി മൊഴി തിരുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. കേസിന്റെ പിന്നാമ്പുറ കഥകളും, പോലിസ് കള്ളക്കളികളും തിരിച്ചറിഞ്ഞ അബ്‌റാര്‍ അഹ്മദ് സത്യാവസ്ഥ കോടതിക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ സന്നദ്ധനായി.

എടിഎസ്-സിബിഐ ഉദ്യോഗസ്ഥന്മാരുടെ നിരന്തരമായ ഭീഷണികള്‍ക്കു മുന്നില്‍ കീഴടങ്ങാതെ തന്റെ അവിവേകം കാരണം ഇരുമ്പഴികള്‍ക്ക് പിന്നില്‍ നരക ജീവിതം നയിക്കുന്ന നിരപരാധികള്‍ക്ക് മോചനത്തിന്റെ വഴിതുറക്കാന്‍ സഹായിക്കുന്നതായി അബ്‌റാറിന്റെ ധീരമായ നിലപാട്. അബ്‌റാറിന്റെ പുതിയ മൊഴിയോടെ എടിഎസും സിബിഐയും കെട്ടിച്ചമച്ച നുണക്കഥകളുടെ കാറ്റ് പോവുകയായിരുന്നു. തുടര്‍ന്നു ജാമ്യത്തിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെട്ടു.

2010 ലാണ് മൂന്നാമത്തെ സംഭവം. ഡല്‍ഹി തീസ് ഹസാരി മജിസ്‌ട്രേറ്റ് കോടതിയിലെ സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതമായിരുന്നു അത്. ഇന്ത്യയെ വിറപ്പിച്ച ഇസ്‌ലാമിക ഭീകര കഥകള്‍ക്ക് പിന്നിലെ കാണാചരടുകള്‍ നിവര്‍ത്തുകയായിരുന്നു കുറ്റസമ്മതമൊഴിയിലൂടെ സ്വാമി. പോലിസ് ഭാഷ്യം പൊടിപ്പും തൊങ്ങലും വെച്ചെഴുതിയ മാധ്യമങ്ങളും, മറു ചോദ്യമുന്നയിക്കാതെ സ്‌ഫോടന കഥകള്‍ മുന്‍ നിര്‍ത്തി മുസ്‌ലിം യുവതയെ വിചാരണ ചെയ്ത രാഷ്ട്രീയ തമ്പുരാക്കന്മാരും, മുസ്‌ലിം സംഘടനകള്‍ പോലും ലജ്ജിച്ച് തലതാഴ്ത്തിയ സന്ദര്‍ഭമായിരുന്നു അത്.

സ്വാമീ അസീമാനന്ദയ്ക്ക് മുസ്‌ലിം യുവാക്കളോട് തോന്നിയ സഹതാപമോ മനസ്സാക്ഷിക്കുത്തോ ഉള്‍ക്കൊള്ളാതെ ഭീകരതാ വിരുദ്ധ സമ്മേളനങ്ങളും കാംപെയിനുകളും നടത്തുന്നവര്‍ ആരെയാണ് സഹായിക്കുന്നത് എന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാം. ഭീകരപ്രവര്‍ത്തനങ്ങളുടെ യാഥാര്‍ഥ്യം പുറത്തു വരികയും കേണല്‍ പുരോഹിതും, പ്രജ്ഞാസിംഗും, സ്വാമി അസീമാനന്ദയും അടക്കമുള്ളവര്‍ പ്രതികൂട്ടിലാവുകയും ചെയ്ത ശേഷവും നിരപരാധികളുടെ മോചനത്തിന് ഇച്ഛാശക്തി കാണിക്കാത്ത ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിനും, നിരപരാധികളുടെ ജയില്‍ മോചനത്തിനായുള്ള സമരശ്രമങ്ങള്‍ക്ക് തയ്യാറാവാത്ത സമുദായ നേതൃത്വത്തിനും മലേഗാവ് സ്‌ഫോടനക്കേസ് വിധി ഒരു താക്കീതും ഗുണപാഠവുമായിത്തീരുകയാണ്.

2011 ല്‍ മാലെഗാവ് സ്‌ഫോടനക്കേസിലെ 9 പേര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള പറഞ്ഞത് അത്യന്തം ദുരന്തപൂര്‍ണമാണീ കേസെന്നും ജാമ്യം ലഭിച്ചവരോട് രാജ്യം മാപ്പ് പറയണമെന്നുമാണ്.2009 ല്‍ എന്‍ഐഎ കേസ് ഏറ്റെടുത്ത ശേഷം നടന്ന അന്വേഷണങ്ങളില്‍ ഹേമന്ത് കര്‍ക്കരെയുടെ കണ്ടെത്തലുകള്‍ ശരിവെയ്ക്കുന്ന തെളിവുകളാണ് ലഭ്യമായത്.

എന്‍ഐഎ കണ്ടെത്തിയ പ്രതികളുടെ പട്ടിക ഞെട്ടിപ്പിക്കുന്നതാണ്.

1) മനോഹര്‍ നവാരിയ,

2) രാജേന്ദ്ര ചൗധരി,

3) ധന്‍സിംഗ്,

4) ശിവ്‌സിംഗ്,

5) സുനില്‍ ജോഷി (മുഖ്യസൂത്രധാരനായ ഇയാള്‍ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലപ്പെട്ടു),

6) രാമചന്ദ്രകല്‍സംഗ്ര,

7) രമേഷ് മഹാല്‍ക്കര്‍,

8) സന്ദീപ് ഡാങ്കേ,

9) കേണല്‍ പുരോഹിത്,

10) പ്രജ്ഞാസിംഗ്,

11) സ്വാമി അസീമാനന്ദ്.

2011 ല്‍ ജാമ്യത്തിലിറങ്ങിയ നിരപരാധികളായ മുസ്‌ലിം യുവാക്കളുടെ തുടര്‍ന്നുള്ള ശ്രമം കേസ് ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിന് വേണ്ടിയായിരുന്നു. അവസാനഘട്ടത്തില്‍ എന്‍ഐഎതന്നെ ആ നീക്കത്തോട്് കോടതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

Untitled-22014 ല്‍ ഇതേ ഏജന്‍സി പറഞ്ഞത് എടിഎസ്സും സിബിഐയും ശേഖരിച്ച തെളിവുകള്‍ തമ്മില്‍ പൊരുത്തമില്ല എന്നാണ്. അഞ്ചുവര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞവര്‍ക്ക് വീണ്ടും അഞ്ചുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് നീതിയുടെ പ്രകാശം ദര്‍ശിക്കാനായാത്. കേവലം 9 യുവാക്കളുടെയല്ല, ഒരു സമൂഹത്തിന്റെതന്നെ നിരപരാധിത്വം തെളിയിക്കുന്ന അത്യപൂര്‍വ്വ വിധിയാണിത്.

പക്ഷേ, ഈ വിധി പരിപൂര്‍ണമായി പ്രായോഗികവല്‍ക്കരിക്കണമെങ്കില്‍ മലേഗാവ് നിവാസികള്‍ ആവശ്യപ്പെടുന്നതുപോലെ നിരപരാധികള്‍ക്ക് മേല്‍ കള്ളക്കേസ് കെട്ടിച്ചമച്ച  ഉദ്യോഗസ്ഥര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടേ മതിയാവൂ.

രാജ്യത്തുടനീളം കെട്ടിച്ചമച്ച ഭീകരവാദകേസുകളില്‍ അനിശ്ചിതമായി ജയിലിലടയ്ക്കപ്പെട്ട മുസ്‌ലിം യുവാക്കളുടെ മോചനത്തിന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനവും ഒപ്പം കുറവുകള്‍ തിരിച്ചറിയുന്നതിനുള്ള അളവ് കോലുമാണ് മലേഗാവ് കേസ് വിധി. രാജ്യത്തെ വിറപ്പിച്ച പല സ്‌ഫോടനങ്ങള്‍ക്കും പിന്നിലെ ഹിന്ദുത്വ ഭീകര കരങ്ങള്‍ കണ്ടെത്തിയ ശേഷവും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ രാഷ്ട്രീയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി മാത്രം കേന്ദ്രഭരണത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാര്‍ മടിച്ചു നിന്നപ്പോള്‍ നിലവിലുള്ള മോദി ഭരണകൂടം ഹിന്ദുത്വ ഭീകരതയെ വെള്ളപൂശി പ്രതികളെ രക്ഷിക്കാനുള്ള അണിയറ നീക്കങ്ങളിലാണ്.

യോജിച്ച പ്രക്ഷോഭങ്ങളിലൂടെ സമ്മര്‍ദ്ദം തീര്‍ക്കുന്നതില്‍ മുസ്‌ലിം സമുദായ സംഘടനകള്‍ പുലര്‍ത്തുന്ന അലസത പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മലേഗാവ് കേസിന്റെ വിജയകഥ വഴികാട്ടിയും ആവേശവുമായി മാറുന്നത്.

പത്തു വര്‍ഷത്തോളം ഞങ്ങളുടെ ജീവിതവും ജീവോപാധികളും തകര്‍ക്കപ്പെട്ടതിന് ആരാണ് നഷ്ടപരിഹാരം തരിക എന്ന ചോദ്യമുയര്‍ത്തി ബോംബെ മറാത്തി പത്രകാര്‍ സംഘ് ഹാളില്‍ 'തഹ്‌രീകെ മില്ലത്ത്' സംഘടിപ്പിച്ച സമ്മേളനത്തില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരും, അവരുടെ അഭിഭാഷകരും ബന്ധുക്കളും പ്രകടിപ്പിച്ച വികാരങ്ങള്‍ ഒരു സമരത്തിനുള്ള വഴി തുറക്കുമോ? എങ്കില്‍  മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും സ്ഥാനപത്തിന് അവസരമൊരുക്കും. അല്ലാത്തപക്ഷം കാരിരുമ്പഴികള്‍ക്കുള്ളിലെ ഇരുളടഞ്ഞ ജയില്‍ നിലങ്ങളില്‍ പതിച്ച ചോരകലര്‍ന്ന കണ്ണീര്‍ തുള്ളികള്‍ക്ക് ചരിത്രത്തിന്റെ ഭാഗമായി ജ്വലിച്ച് നില്‍ക്കാനോ വരും തലമുറയ്ക്ക് നീതിയുടെ പോരാട്ട വഴികളില്‍ ഉണര്‍വും, ഉത്തേജനവും പകരാനോ കഴിയാതെ വിസ്മൃതികളില്‍ അവ മറയും.

മര്‍ദ്ദിതരുടെ പ്രാര്‍ത്ഥനയ്ക്ക് മുന്നില്‍നിന്ന് മറകള്‍ നീക്കിക്കളഞ്ഞ ദൈവിക നിശ്ചയത്തെ മുന്‍ നിര്‍ത്തിയെങ്കിലും നിരപരാധികളുടെ നീണ്ട് പോവുന്ന ദുരിതജീവിതത്തിന് അറുതി വരുത്താന്‍ നിസ്വാര്‍ത്ഥവും നിരന്തരവുമായ ശ്രമങ്ങള്‍ വളര്‍ന്ന് വരേണ്ടിയിരിക്കുന്നു. നിരപരാധികളുടെ നിലവിളികള്‍ അന്തരീക്ഷത്തില്‍ നിറയുന്ന ഒരു കാലത്ത് നീതിയുടെ പക്ഷത്ത് ഉറച്ച് നില്‍ക്കാനുള്ള ആര്‍ജ്ജവം നേടിയ ഒരു തലമുറയെയാണ് കാലം കാത്തിരിക്കുന്നത്. മലേഗാവ് വിജയം അതിന്റെ തുടക്കമാവട്ടെ.
Next Story

RELATED STORIES

Share it