മലേഗാവ്: പ്രജ്ഞാസിങിന് ജാമ്യമില്ല

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിന്റെ ജാമ്യാപേക്ഷ പ്രത്യേക മോക്ക കോടതി തള്ളി. ഇവര്‍ക്കെതിരായ തെളിവുകളും രോഗിയായതിനാല്‍ കസ്റ്റഡിയില്‍ ലഭിച്ച ചികില്‍സ തൃപ്തികരമാണെന്നതും കണക്കിലെടുത്താണ് അപേക്ഷ തള്ളിയത്. പ്രജ്ഞാസിങിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന തങ്ങളുടെ വാദം കോടതി അംഗീകരിച്ചതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ അവിനാശ് റസല്‍ അറിയിച്ചു.

അനാരോഗ്യമടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രജ്ഞാസിങ് ജാമ്യാപേക്ഷ നല്‍കിയത്. ഭോപാല്‍ ആശുപത്രിയില്‍ അര്‍ബുദരോഗത്തിനു ചികില്‍സയിലാണ് അവര്‍. മലേഗാവില്‍ സ്‌ഫോടനത്തിനുപയോഗിച്ച തന്റെ മോട്ടോര്‍സൈക്കിള്‍ രാംജി കല്‍സംഗ്ര എന്ന ആള്‍ക്ക് വിറ്റതാണെന്ന് പ്രജ്ഞാസിങ് കോടതിയെ ബോധിപ്പിച്ചു. കേസിലെ പിടികിട്ടാപ്പുള്ളിയാണ് കല്‍സംഗ്ര. എന്നാല്‍, മോട്ടോര്‍സൈക്കിള്‍ വിറ്റുവെന്നതിനു തെളിവൊന്നുമില്ലെന്ന് അവിനാശ് റസല്‍ പറഞ്ഞു. വാഹനത്തിന്റെ രേഖകളെല്ലാം പ്രജ്ഞാസിങിന്റെ പേരിലാണ്. ജബല്‍പൂരിലും ജല്‍നയിലും അഭിനവ് ഭാരത് എന്ന സംഘടനയിലെ അംഗങ്ങളുമായി ഠാക്കൂര്‍ ഗൂഢാലോചന നടത്തിയതിന് മറ്റ് ചില പ്രതികള്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം  പറഞ്ഞു.
Next Story

RELATED STORIES

Share it