മലേഗാവ് കേസ്: പുരോഹിത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ യുഎപിഎ തുടരും

കെ എ സലിം

ന്യൂഡല്‍ഹി: 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ കേണല്‍ പുരോഹിത്, പ്രജ്ഞാസിങ് ഠാക്കൂര്‍ തുടങ്ങിയ പ്രതികളെ യുഎപിഎ പ്രകാരം തന്നെ വിചാരണ ചെയ്യണമെന്ന് മുംബൈയിലെ പ്രത്യേക കോടതി. യുഎപിഎ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പുരോഹിതിനെതിരേ യുഎപിഎ നിലനില്‍ക്കുമോയെന്ന കാര്യം കുറ്റം ചുമത്തുന്നതിന് മുന്നോടിയായി വിചാരണക്കോടതി പരിശോധിക്കണമെന്ന് നേരത്തേ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന പുരോഹിതിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു. തുടര്‍ന്നാണ് വിചാരണക്കോടതി ഇക്കാര്യം പരിശോധിച്ചത്. കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച വാദം ആരംഭിച്ചത്. പ്രതികള്‍ ചെയ്ത കുറ്റം കണക്കിലെടുത്താല്‍ ഇവര്‍ക്കെതിരേ യുഎപിഎ നിലനില്‍ക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്കു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അവിനാശ് റസല്‍ ചൂണ്ടിക്കാട്ടി. ഈ വാദം പ്രത്യേക കോടതി ജഡ്ജി വി എസ് പഠാല്‍കല്‍ അംഗീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്നതിന് കുറ്റം ചുമത്തുന്നതിന് സ്റ്റേ വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. എന്നാല്‍, ഈ മാസം 26 വരെ ഇതിനെതിരേ അപ്പീല്‍ നല്‍കാന്‍ കോടതി സമയം അനുവദിച്ചു.
റിട്ട. മേജര്‍ രമേശ് ഉപാധ്യായ, സമിര്‍ കുല്‍ക്കര്‍ണി, അജയ് രഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍.

Next Story

RELATED STORIES

Share it