Flash News

മലേഗാവ് കേസിലെ കുറ്റപത്രം വൈകും

മലേഗാവ് കേസിലെ കുറ്റപത്രം വൈകും
X
MALEGAON_

[related]

ന്യൂഡല്‍ഹി: ഹിന്ദുത്വ സംഘടനകള്‍ പ്രതിസ്ഥാനത്തുള്ള 2008 ലെ മലേഗാവ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നതു വൈകും. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍ഐഎ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണിത്. മുംബൈയിലെ വിചാരണക്കോടതിയിലാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചത്. കേസ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡില്‍നിന്ന് എന്‍ഐഎ ഏറ്റെടുത്തിട്ട് അഞ്ചു വര്‍ഷമായെങ്കിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. പ്രതികള്‍ ജാമ്യാപേക്ഷയും ജാമ്യവ്യവസ്ഥയില്‍ ഇളവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചു തുടര്‍ച്ചയായി ഹരജികള്‍ സമര്‍പ്പിച്ചതിനാലാണ് കുറ്റപത്രം ഇത്രയും വൈകുന്നത്. പ്രതികളായ അഭിനവ് ഭാരത് നേതാവ് സാധ്വി പ്രജ്ഞാസിങ്, ആര്‍എസ്എസ് പ്രവര്‍ത്തകനായ ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവര്‍ തങ്ങള്‍ക്കെതിരായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (മൊക്കോക്ക) റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചതും കുറ്റപത്രം വൈകാന്‍ കാരണമായി. പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന മൊക്കോക്ക റദ്ദാക്കണമെന്ന് എന്‍ഐഎയും ആവശ്യപ്പെട്ടിട്ടുണ്ട്.

2008 സപ്തംബര്‍ 29നു മഹാരാഷ്ട്രയിലെ മലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിക്കുകയും 79 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 12 പ്രതികളാണ് കേസിലുള്ളത്. മിക്ക പ്രതികള്‍ക്കും സംജോത, ഒന്നാം മലേഗാവ്, മൊദാസ, മക്കാ മസ്ജിദ് എന്നീ സ്‌ഫോടനക്കേസുകളുമായും ബന്ധമുണ്ട്.  ഹിന്ദുത്വ സംഘടനകളുടെ പങ്ക് പുറത്തുവന്നെങ്കിലും ഇതേകേസില്‍ നേരത്തേ അറസ്റ്റ്‌ചെയ്ത ഒമ്പത് മുസ്‌ലിം യുവാക്കളെ വെറുതെവിടുന്നതിനെ കഴിഞ്ഞദിവസം എന്‍ഐഎ എതിര്‍ത്തിരുന്നു. നേരത്തേ കേസന്വേഷിച്ച മഹാരാഷ്ട്ര എടിഎസ്, സിബിഐ എന്നിവരുടെ അന്വേഷണം തുടരുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും അതിനാല്‍ ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ വിട്ടയക്കുന്നതിനോടു യോജിപ്പില്ലെന്നുമാണ് എന്‍ഐഎയുടെ നിലപാട്. കേന്ദ്രത്തില്‍  ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി മുന്‍ പബ്ലിക് പ്രോസികൂട്ടര്‍ രോഹിണി സല്യാന്‍ വെളിപ്പെടുത്തിയിരുന്നു.

malegaon_blast
Next Story

RELATED STORIES

Share it