Editorial

മലേഗാവ് കേസിലെ അട്ടിമറി

രണ്ടാം മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എബിവിപി നേതാവ് സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍ അടക്കം ആറു പ്രധാന പ്രതികളെ ഒഴിവാക്കി എന്‍ഐഎ മുംബൈ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. കേസില്‍നിന്ന് ഒഴിവാക്കപ്പെട്ട ഈ ആറുപേര്‍ക്കുമെതിരേ മതിയായ തെളിവുകള്‍ ഇല്ലെന്നാണ് എന്‍ഐഎ വാദിക്കുന്നത്. രണ്ടാം മലേഗാവ് കേസ് രാജ്യത്ത് നടന്ന സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ പങ്ക് വെളിപ്പെടുത്തിയ ആദ്യത്തെ കേസാണ്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ഉള്‍പ്പെടുന്ന മലേഗാവില്‍ 2008 സപ്തംബര്‍ 29നാണ് കേസിനാസ്പദമായ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ഉടനെ രാജ്യത്ത് നിര്‍മിക്കപ്പെട്ട പൊതുബോധത്തെ തൃപ്തിപ്പെടുത്തുംവിധം ഏതാനും മുസ്‌ലിം യുവാക്കളെയാണ് പോലിസ് പിടികൂടിയത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന വേളയിലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവനായി ഹേമന്ത് കര്‍ക്കരെ ചുമതലയേല്‍ക്കുന്നത്.
ഭീകരതയുടെ സമവാക്യങ്ങളെക്കുറിച്ച് ലോകത്ത് പൊതുവിലും, രാജ്യത്ത് പ്രത്യേകിച്ചും ഉയര്‍ന്നുകേട്ടിരുന്ന കോറസ്സിന്റെ ഭാഗമാവാതെ, നീതിനിഷ്ഠയുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാഭാവിക ജിജ്ഞാസയോടെ തെളിവുകള്‍ അടുക്കിവച്ച് അദ്ദേഹം കണ്ടെത്തിയ വസ്തുതകള്‍ രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു. മലേഗാവിലേത് ഹിന്ദുത്വഭീകരതയുടെ ഒരു തലപ്പ് മാത്രമാണെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി ലോകത്തോട് വിളിച്ചുപറഞ്ഞു. ഒന്നാം മലേഗാവ്, അജ്മീര്‍, മക്കാ മസ്ജിദ്, സംജോത എക്‌സ്പ്രസ് തുടങ്ങി രാജ്യത്തു നടന്ന നിരവധി സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇതേ ശക്തികളാണെന്നും കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. പക്ഷേ, ആ സത്യവാന് അധികദൂരം സഞ്ചരിക്കാനായില്ല. 2008 നവംബര്‍ 26നു മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ കര്‍ക്കരെയും അദ്ദേഹത്തിന്റെ രണ്ടു സഹപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. 'മുസ്‌ലിം ഭീകരര്‍' നടത്തുന്ന പല സ്‌ഫോടനങ്ങള്‍ക്കു പിന്നിലും ഹിന്ദുത്വസംഘടനകളാണെന്നു വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യമെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആര്‍എസ്എസിന്റെ ഉന്നത നേതൃത്വങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഒട്ടനവധി തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന ഈ കേസുകളുടെ ഭാവി ബിജെപിയുടെ അധികാരാരോഹണത്തോടെ ഏറക്കുറേ പ്രവചിക്കപ്പെട്ടതാണ്. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും ഗൗരവപ്പെട്ട കേസുകളില്‍പ്പോലും പെട്ടെന്നു ചുട്ടെടുത്ത, എന്നാല്‍ വലിയ അധികാരങ്ങളുള്ള ഒരു അന്വേഷണസംഘം ഈവിധം പ്രകടമായ പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ രാജ്യത്ത് ഒരു നിയമവ്യവസ്ഥ നിലനില്‍ക്കുന്നു എന്നു പറയുന്നതിന് എന്തര്‍ഥമാണുള്ളത? എന്‍ഐഎ എന്നാല്‍ ചില വിഭാഗം പൗരന്‍മാരെ അടിച്ചമര്‍ത്താനുള്ള ഒരു ഏജന്‍സിയായി മാറും എന്ന പ്രവചനം പൂര്‍ത്തിയാവുകയാണോ?
Next Story

RELATED STORIES

Share it