മലേഗാവ്: അസിമാനന്ദയുടെ വെളിപ്പെടുത്തല്‍ വഴിത്തിരിവായി

മുംബൈ: സംജോത എക്‌സ്പ്രസ്, അജ്മീര്‍ ശരീഫ്, മക്കാമസ്ജിദ് സ്‌ഫോടനക്കേസുകളിലെ മുഖ്യപ്രതിയായ സംഘപരിവാര പ്രവര്‍ത്തകന്‍ സ്വാമി അസിമാനന്ദ 2010ല്‍ നടത്തിയ വെളിപ്പെടുത്തലാണു മലേഗാവ് സ്‌ഫോടനക്കേസിന്റെ വഴിത്തിരിവായത്. ഹിന്ദുത്വ സംഘടനയാണു മലേഗാവ് സ്‌ഫോടനത്തിനു പിന്നിലെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിനെത്തുടര്‍ന്നാണ് 2008ലെ മുംബൈ ആക്രമണക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി അഭിനവ് ഭാരത് എന്ന സംഘടനയിലെ അംഗങ്ങളെ ചോദ്യംചെയ്തത്.
അസിമാനന്ദയുടെ മൊഴിയെക്കൂടാതെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നടത്തിയ അന്വേഷണത്തിലെ ചില വൈരുദ്ധ്യങ്ങളും എന്‍ഐഎയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബോംബ് വച്ചുവെന്ന് ആരോപിച്ച സാഹിദ് ആ സമയത്ത് സംഭവം നടന്ന സ്ഥലത്തുനിന്ന് 400 കി.മീ. അകലെയുള്ള പള്ളിയില്‍ നിരവധി ആളുകളോടൊപ്പം പ്രാര്‍ഥന നടത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയ ഒരു പ്രധാന സാക്ഷി പിന്നീട് ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു താന്‍ മൊഴിനല്‍കിയതെന്നും പറഞ്ഞിരുന്നു. പ്രതികളുടെ വിടുതല്‍ ഹരജിക്കെതിരേ എന്‍ഐഎ ഈമാസമാദ്യം നടത്തിയ പ്രതികരണമാണ് അവസാനത്തെ വഴിത്തിരിവായത്. ഹരജി അനുവദിക്കരുതെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. 2013 ഏപ്രിലില്‍ പ്രതികള്‍ക്കെതിരേ തെളിവില്ലെന്നായിരുന്നു എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നത്.
മലേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്‌ലിം യുവാക്കളെ എടിഎസ് ബലിയാടാക്കുകയായിരുന്നുവെന്നാണ് ഇവരെ കുറ്റവിമുക്തരാക്കി പ്രത്യേക കോടതി ജഡ്ജി വി വി പാട്ടീല്‍ കഴിഞ്ഞദിവസം പറഞ്ഞത്. സംശയത്താല്‍ പിടികൂടിയവരുടെ തലയില്‍ സ്‌ഫോടനത്തിന്റെ കുറ്റം ഉദ്യോഗസ്ഥര്‍ കെട്ടിവയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it