wayanad local

മലിനജലം റോഡിലേക്കും ജലസ്രോതസ്സുകളിലേക്കും നഗരസഭ നടപടി തുടങ്ങി

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ മലിനജലം റോഡിലേക്കും ജലസ്രോതസ്സുകളിലേക്കും ഒഴുക്കിവിടുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ നഗരസഭ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ബാര്‍ ഹോട്ടലുകളിലുള്‍പ്പെടെ പരിശോധന നടത്തി. കല്‍പ്പറ്റ പഴയ ബസ്‌സ്റ്റാന്റ് പരിസരത്തെ ബാര്‍ ഹോട്ടലില്‍ നിന്നുള്‍പ്പെടെ മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുന്നതിനെതിരേ നഗരസവാസികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കക്കൂസ് മാലിന്യമുള്‍പ്പെടെയാണ് ബാര്‍ ഹോട്ടലില്‍ നിന്നും മറ്റും ഓവുചാലിലേക്ക് ഒഴുക്കിവിട്ടത്.
ഇതു സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ദുര്‍ഗന്ധം രൂക്ഷമായതിനെ തുടര്‍ന്ന് സമീപവാസികള്‍ ഇന്നലെ രാവിലെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ഓവുചാല്‍ തുറന്നു നടത്തിയ പരിശോധനയില്‍ ഓവുചാലിലേക്ക് ബാര്‍ ഹോട്ടലിലെ മാലിന്യം ഒഴുക്കിവിടുന്നതായി കണ്ടെത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, വൈസ് ചെയര്‍മാന്‍ എ പി ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ എം ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഹോട്ടല്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നു നഗരസഭാ അധികൃതര്‍ അറിയിച്ചു. മാലിന്യം ഒഴുക്കിവിടുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളില്‍ മറ്റു വ്യാപാര സ്ഥാപനങ്ങളോട് ചേര്‍ന്നുകിടക്കുന്ന ഡ്രെയിനേജുകളിലും പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it