Kottayam Local

'മലിനജലം മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കണം'

തലയോലപ്പറമ്പ്: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയില്‍നിന്നും മലിനജലം മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കണമെന്ന് മൂവാറ്റുപുഴയാര്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
കമ്പനി ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പുറംതള്ളുന്ന മലിനജലം ശുദ്ധീകരിക്കാതെ പുറത്തേക്ക് വിടുന്നതാണ് ജലമലിനീകരണത്തിന് ഇടയാക്കുന്നത്. ഇതുമൂലം പുഴയിലെ തെളിഞ്ഞു കിടന്നിരുന്ന വെള്ളം നിലവില്‍ കരിപുരണ്ട അവസ്ഥയിലാണ്. മുമ്പ് ഈ വെള്ളം ഉപയോഗിച്ചതുമൂലം പലവിധ അസ്വസ്ഥതകളും ഉണ്ടായിട്ടുള്ളതിനാല്‍ ജനങ്ങള്‍ ആശങ്കയിലുമാണ്. വേനല്‍ കടുത്ത സമയത്ത് ഇതുകാരണം ആറ്റിലെ വെള്ളം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല.
ശുദ്ധജല ക്ഷാമം രൂക്ഷമായതിനാല്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി മൂവാറ്റുപുഴയാറിലെയും കൈവഴികൡലെയും വെള്ളമായിരുന്നു ആയിരക്കണക്കിനു വരുന്ന കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്നത്.
കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന ജലസമൃദ്ധമായ മൂവാറ്റുപുഴയാറിലേക്ക് ആവശ്യമായ ശുദ്ധീകരണ പ്രക്രിയകള്‍ നടത്താതെ എച്ച്എന്‍എല്ലില്‍നിന്നും മലിനജലം ഒഴുക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കുമെന്നും മൂവാറ്റുപുഴയാര്‍ സംരക്ഷണ സമിതി കണ്‍വീനര്‍ ഇ എം കുഞ്ഞുമുഹമ്മദ് അറിയിച്ചു.
Next Story

RELATED STORIES

Share it