മലാപ്പറമ്പ് സ്‌കൂള്‍; സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചാലും പൂട്ടണമെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാലും മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുകയും സുപ്രിംകോടതിയും ഇതേ നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അടച്ചുപൂട്ടലല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍ വ്യക്തമാക്കി. സ്‌കൂള്‍ അടച്ചുപൂട്ടിയ ശേഷം റിപോര്‍ട്ട് വെള്ളിയാഴ്ചക്കകം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
സ്‌കൂള്‍ 2016 മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന ജനുവരി 18ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുമതി തേടി മാനേജര്‍ പി കെ പത്മരാജന്‍ നല്‍കിയ ഹരജിയില്‍ ജനുവരിയില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇതുവരെ നടപ്പാക്കാന്‍ സാധിക്കാത്തത്. മുന്‍ നിശ്ചയപ്രകാരം ബുധനാഴ്ച കേസ് പരിഗണിക്കവേ പൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളതായി അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് കോടതിയെ അറിയിക്കുകയായിരുന്നു.
കേരള വിദ്യാഭ്യാസ നിയമത്തിലെ 15ാം വകുപ്പ് ഉപയോഗപ്പെടുത്തിയാണ് ഏറ്റെടുക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ഹരജി തള്ളി സ്‌കൂള്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്നും എജി ആവശ്യപ്പെട്ടു. എന്നാല്‍, നിയമപരമായി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയുമെങ്കിലും ഈ കേസിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം പരിഗണനയ്‌ക്കെടുക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതയിലക്ഷ്യ ഹരജിയാണിത്. ഈ കോടതി മാത്രമല്ല, സുപ്രിംകോടതിയും സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍, ഇക്കാര്യത്തില്‍ മറ്റൊരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
Next Story

RELATED STORIES

Share it