മലാപ്പറമ്പ് സ്‌കൂള്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കും

കോഴിക്കോട്: 62 ദിവസം നീണ്ടുനിന്ന ജനകീയ സമരത്തിനും വിവാദങ്ങള്‍ക്കുമൊടുവില്‍ മലാപറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടി. ഹൈക്കോടതി വിധിയെ തുടര്‍ന്ന് എഇഒ കെ എസ് കുസുമം എത്തിയാണ് സ്‌കൂള്‍ അടച്ചുപൂട്ടിയത്.
നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഈ സമയം സ്‌കൂള്‍ പരിസരത്ത് ഉണ്ടായിരുന്നെങ്കിലും സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നതിനാല്‍ എതിര്‍പ്പ് ഉണ്ടായില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയ സ്‌കൂള്‍ മറ്റൊരു സംവിധാനം ഉണ്ടാവുന്നതു വരെ ജില്ലാ കലക്ടറേറ്റിലേക്കു മാറ്റി. കലക്ടറേറ്റിലെ എന്‍ജിനീയേഴ്‌സ് കോണ്‍ഫറന്‍സ് ഹാളിലായിരിക്കും ക്ലാസ്സുകള്‍ ക്രമീകരിക്കുകയെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ അടച്ചുപൂട്ടാതെ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാനാവില്ല എന്ന നിയമപ്രതിസന്ധിയെ തുടര്‍ന്നാണ് വിദ്യാലയം അടച്ചുപൂട്ടാന്‍ എഇഒക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.
ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലെത്തിച്ച കുട്ടികളോട് ജില്ലാ കലക്ടര്‍, എ പ്രദീപ്കുമാര്‍ എംഎല്‍എ, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പണമല്ല ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഭൂമി കച്ചവടം ചെയ്യാനുള്ളതല്ലെന്നും വിദ്യയാണ് ഏറ്റവും വലിയ ധനമെന്നുമുള്ള മൂന്നു പാഠങ്ങളാണ് നാം പഠിക്കേണ്ടതെന്ന് ജില്ലാ കലക്ടര്‍ കുട്ടികളോടു പറഞ്ഞു.
Next Story

RELATED STORIES

Share it