kozhikode local

മലാപറമ്പ് സ്‌കൂള്‍: അനിശ്ചിതത്വം തുടരുന്നു 1400 സ്‌കൂളുകളുടെ ഭാവി തുലാസില്‍

കോഴിക്കോട്: ലാഭകരമല്ല എന്ന കാരണത്താല്‍ അടച്ചുപൂട്ടാന്‍ സുപ്രീം കോടതി ഉത്തരവായ മലാപറമ്പ് എയുപി സ്‌കൂളിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കേരള വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി വരുത്തിയ 7(6)ാം വകുപ്പിന്റെ ബലത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ സ്‌കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും നിലപാട് കടുപ്പിച്ചതോടെ വിഷയം സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധ നേടുകയാണ്. അടച്ചുപൂട്ടുന്നതിനെതിരെ സംരക്ഷണ സമിതിയും നാട്ടുകാരും സ്‌കൂളിനുമുന്നില്‍ പ്രതിരോധം തീര്‍ത്തിരിക്കുകയാണ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ സൂചനയാണ് മലാപറമ്പ് സ്‌കൂളിന്റേതെന്ന് സംരക്ഷണ സമിതി ആരോപിച്ചു.ഇതേസമയം, സംസ്ഥാനത്ത് 2002 ഏപ്രിലില്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി കൊണ്ടുവന്ന ഭേദഗതി മുന്‍നിര്‍ത്തി സംസ്ഥാനത്ത് 1400 സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്. ലാഭകരമല്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റുകള്‍ക്ക് അധികാരം നല്‍കുന്ന 7(6)-ാം വകുപ്പ് ഭേദഗതി ചെയ്തതിനെതിരെ ഇടതുപക്ഷ മുന്നണി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തു വന്നിരുന്നു. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പി 105 സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളേയും നിയമ ഇടപെടലുകളേയും തുടര്‍ന്ന് ഈ നീക്കം താല്‍ക്കാലികമായി തടസ്സപ്പെടുകയായിരുന്നു. തുടര്‍ന്ന് 2004ലും സ്‌കൂളുകള്‍ പൂട്ടാനുള്ള കാര്യത്തില്‍ തീരുമാനം കൈക്കൊള്ളണമെന്ന് മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. 2006ല്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്തും ഇക്കാര്യത്തിലെ അവ്യക്ത തീര്‍ക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ പ്രവര്‍ത്തനം ഉണ്ടായില്ല. മൂന്നു വര്‍ഷം മുമ്പ്്് ആലപ്പുഴ ജില്ലയില്‍ ഇത്തരത്തില്‍ സ്‌കൂള്‍ അടച്ചു പൂട്ടുന്നതിന് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയും, കോടതി അനുമതിയോടെ സ്്്്കൂള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. കേരള വിദ്യാഭ്യാസ നിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പൊതുവിദ്യാഭ്യാസ മേഖലയെ ദോഷമായി ബാധിച്ചു തുടങ്ങി എന്നതിന്റെ സൂചനകളാണ് പൂട്ടാന്‍ അനുമതി നല്‍കി കാത്തിരിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റുകളുംടെ ആധിക്യം വ്യക്തമാക്കുന്നത്. അപേക്ഷ നല്‍കി കാത്തിരിക്കുന്ന സ്‌കൂളുകള്‍ നില്‍ക്കുന്ന ഭൂമിക്ക് ഇന്ന് കോടികള്‍ മാര്‍ക്കറ്റ് വിലയുണ്ട്. അടച്ചുപൂട്ടാന്‍ ഒരുങ്ങുന്ന സ്‌കൂളുകള്‍ക്ക് പിന്നില്‍ ഭൂമി വില്‍പ്പനയിലെ ഇടനില സംഘങ്ങള്‍ സജീവമാണ് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. മാനേജ്‌മെന്റുകള്‍ നിയമിക്കുന്ന അധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ബജറ്റില്‍ നിന്ന് നീക്കിവെക്കേണ്ടി വരുന്നത്. ഇതുകൊണ്ട് തന്നെ ധനകാര്യ വകുപ്പ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെ പരോക്ഷമായി അംഗീകരിക്കുന്ന നിലപാട് സ്വീകരിച്ചതാണ് ഇരുമുന്നണികളും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാതിരുന്നത്. സര്‍ക്കാറുകളുടെ ഈ നടപടിയാണ് സുപ്രീംകോടതി പുതിയ വിധിന്യായത്തില്‍ വിമര്‍ശന വിധേയമാക്കിയത്. പ്രത്യേക സാഹചര്യം പരിഗണിച്ച് ഓഡിനന്‍സിലൂടെ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിനെ താല്‍ക്കാലികമായി തടയാന്‍ സര്‍ക്കാറിന് കഴിയുമെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ മാനേജ്‌മെന്റ്കള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാനാവും. പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിവെക്കുന്ന കേരളാ വിദ്യാഭ്യാസ നിയമത്തിലെ 7(6) വകുപ്പിന്റെ ഭേദഗതിയല്ലാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം സാധ്യമല്ലെന്നും നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it