Cricket

മലാന് കന്നി സെഞ്ച്വറി തിളക്കം, ഇംഗ്ലണ്ട്് മികച്ച സ്‌കോറിലേക്ക്

മലാന് കന്നി സെഞ്ച്വറി തിളക്കം, ഇംഗ്ലണ്ട്് മികച്ച സ്‌കോറിലേക്ക്
X

പെര്‍ത്ത്: കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും പരാജയമറിഞ്ഞ് നിര്‍ണായക ജയം മോഹിച്ചിറങ്ങിയ ഇംഗ്ലണ്ട് ആഷസിലെ മൂന്നാം ടെസ്റ്റില്‍ മികച്ച നിലയില്‍.  ആദ്യ ദിനം ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്റെ കന്നി സെഞ്ച്വറി(110*) യുടെ ബലത്തില്‍  ഇംഗ്ലണ്ട് നാലു വിക്കറ്റിന് 305 റണ്‍സെന്ന മികച്ച നിലയിലാണ്.  മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്നലെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. അഡലെയ്ഡില്‍ നിര്‍ണായകമായ ടോസ് കൈവിട്ടതിന്റെ പരിഹാരമായി ഇംഗ്ലണ്ട് ആദ്യ ബാറ്റിങിനു വേണ്ടി മുതിരുകയായിരുന്നു. ഓപണിങില്‍ ഇറങ്ങിയ അലിസ്റ്റര്‍ കുക്കും സ്റ്റോണ്‍മാനും ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കുമെന്ന് തോന്നിച്ചു. പക്ഷേ, തന്റെ 150ാം ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ കുക്ക് സ്റ്റാര്‍ക്കിന്റെ അതിവേഗ ബൗളിങില്‍ എല്‍ ബി യില്‍ കുരുങ്ങി. സ്‌കോര്‍ 26ല്‍ നില്‍ക്കെയായിരുന്നു കുക്കിന്റെ വിട വാങ്ങല്‍. സ്‌കോര്‍ബോര്‍ഡില്‍ 89 റണ്‍സ് കൂടിച്ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന് ജെയിംസ് വിന്‍സിനെ നഷ്ടമായി.  പിന്നീട് ഇറങ്ങിയ ക്യാപ്റ്റന്‍ ജോ റൂട്ടായിരുന്നു സ്റ്റേണ്‍മാന്റെ അടുത്ത കൂട്ട്. ഇതിനിടയില്‍ സ്റ്റേണ്‍മാന്‍ ആഷസ് സീരീസില്‍ തന്റെ രണ്ടാം അര്‍ധ സെഞ്ച്വറിയും കരസ്ഥമാക്കി. മിനിറ്റുകള്‍ക്കകം കവര്‍ ഡ്രൈവിന് ശ്രമിച്ച സ്റ്റേണ്‍മാനെ ക്യാച്ചിലൂടെ പുറത്താക്കാന്‍ മിച്ചല്‍ മാര്‍ഷിന് നല്ലൊരു അവസരം ലഭിച്ചെങ്കിലും മാര്‍ഷിന്റെ കൈയില്‍ പന്ത് ഒതുങ്ങിയില്ല. പക്ഷേ, സ്‌കോര്‍ 115ല്‍ നില്‍ക്കേ കുമ്മിന്‍സ് എറിഞ്ഞ 33ാം ഓവറില്‍ 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടിനെ  ടിം പെയ്ന്‍ ക്യാച്ചിലൂടെ പുറത്താക്കി. പിന്നീട് ഇറങ്ങിയ മലാനുമായി ക്രീസില്‍ മികച്ച കൂട്ടു കെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ച സ്റ്റോണ്‍മാനെ(56) 38ാം ഓവറില്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ടെസ്റ്റില്‍ സ്റ്റോണ്‍മാന്റെ ഉയര്‍ന്ന സ്‌കോറായിരുന്നു ഇത്.  ഇത്തവണയും ടിം പെയ്‌നായിരുന്നു സ്റ്റോണ്‍മാന്റെ അന്ധകന്‍. പിന്നീട് ബാറ്റിങ് പ്രൊമോഷനിലൂടെ ക്രീസിലെത്തിയ ജോണി ബെയര്‍‌സ്റ്റോ മലാന് മികച്ച പിന്നുണ നല്‍കി. നഥാന്‍ ലിയോണിനെയും മിച്ചല്‍ മാര്‍ഷിനെയും ഹെയ്‌സില്‍വുഡിനെയും സ്റ്റാര്‍ക്കിനെയും ഇരുവരും ചേര്‍ന്ന് വെള്ളം കുടിപ്പിച്ചു. അതിനിടയില്‍ മലാന്‍ അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കി.  ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 200 കടത്തി. അതിനിടയില്‍ ബെയര്‍‌സ്റ്റോ അര്‍ധ സെഞ്ച്വറിയും മലാന്‍ ടെസ്റ്റിലെ തന്റെ കന്നി സെഞ്ച്വറിയും അടിച്ചെടുത്തു. 82ാം ഓവറില്‍ സ്റ്റാര്‍ക്കിന്റെ പന്ത് ബെയര്‍‌സ്റ്റോ ഓഫ് സൈഡില്‍  കോരിയിട്ടപ്പോള്‍ ബാന്‍ഡ്‌ക്രോഫ്റ്റ് ക്യാച്ച് വിട്ട് ബെയര്‍‌സ്റ്റോവിന് പുതുജീവന്‍ നല്‍കി. മലാനും ബെയര്‍‌സ്റ്റോവും ചേര്‍ന്ന് 174 റണ്‍സിന്റെ  അപരാജിത കൂട്ടുകെട്ട്  ഊട്ടിയുറപ്പിച്ചാണ് ഇന്നലെ കളം വിട്ടത്.  സെഞ്ച്വറി മികവോടെ മലാന്‍(110*) നിറഞ്ഞു നിന്നപ്പോള്‍ ക്രീസില്‍ 75 റണ്‍സുമായി ബെയര്‍‌സ്റ്റോ മലാന് കൂട്ടായുണ്ട്.  ആസ്‌ത്രേലിയയ്ക്ക വേണ്ടി സ്റ്റാര്‍ക്ക് രണ്ടും ഹെയ്‌സല്‍വുഡ്, കുമ്മിന്‍സ് എന്നിവര്‍ ഓരോ  വിക്കറ്റും സ്വന്തമാക്കി.
Next Story

RELATED STORIES

Share it