kasaragod local

മലയോര ഹൈവേ നിര്‍മാണത്തിന് സാങ്കേതികാനുമതി

കാഞ്ഞങ്ങാട്്: മലയോര ജനതയുടെ ചിരകാല സ്വപ്‌നമായ ജില്ലയിലെ മലയോര ഹൈവേ എന്ന ആശയം യാഥാര്‍ഥ്യമാവുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ കൂട്ടിയിണക്കാന്‍ ഒരു പാത വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതാണ് സര്‍ക്കാരിന്റെ പ്രത്യേക പരിഗണയില്‍ വേഗതയിലാവുന്നത്.
മലയോര ഹൈവേ ജില്ലയില്‍ നടപ്പാക്കുക നാല് റീച്ചുകളായാണ്. ജില്ലയില്‍ നന്ദാരപ്പദവ് മുതല്‍ ചെറുപുഴ വരെ 127.57 കിലോമീറ്ററാണ് 12 മീറ്റര്‍ വീതിയില്‍ ഏഴുമീറ്റര്‍ വീതിയുള്ള രണ്ടുവരി മെക്കാഡം പാത. നന്ദാരപദവ്-ചേവാര്‍ (23.00 കിലോമീറ്റര്‍), ചേവാര്‍-എടപ്പറമ്പ് (49.36 കിലോമീറ്റര്‍), എടപ്പറമ്പ്- കോളിച്ചാല്‍ (24.44 കിലോമീറ്റര്‍), കോളിച്ചാല്‍-ചെറുപുഴ (30.77 കിലോമീറ്റര്‍) എന്നിങ്ങനെയായാണ് റീച്ചുകള്‍.
ഇതില്‍എടപ്പറമ്പ-കോളിച്ചാല്‍ മേഖലയിലെ നിര്‍മാണത്തിനാണ് കഴിഞ്ഞ ദിവസം സാങ്കേതികാനുതിയായി. നന്ദാരപ്പദവ്-ചേവാര്‍ റീച്ചിന് നേരത്തെ അനുമതിയായിരുന്നു.
ചേവാര്‍-എടപ്പറമ്പ, കോളിച്ചാല്‍-ചെറുപുഴ എന്നീ രണ്ട് റീച്ചുകളുടെ സര്‍വേ പൂര്‍ത്തിയാക്കി ഭരണാനുമതിക്ക് അയച്ചിട്ടുണ്ട്. പുതുതായി ഭരണാനുമതി ലഭിച്ച എടപ്പറമ്പ-കോളിച്ചാല്‍ റീച്ചില്‍ ചില ഭാഗങ്ങളില്‍ നിലവില്‍ റോഡിന്റെ മാനദണ്ഡ പ്രകാരമുള്ള വീതിയില്ലാത്തതുകാരണം സ്ഥലം ഏറ്റെടുക്കുന്നതുവരെ ടെന്‍ഡര്‍നടപടികള്‍ വൈകുമെന്നാണ് അറിയുന്നത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ കൈയെടുക്കണം.
85.15 കോടി രൂപയുടെതാണ് ഈ മേഖലയിലെ പദ്ധതി. റോഡ് നിര്‍മാണ ടെന്‍ഡര്‍ നടപടി ആരംഭിക്കണമെങ്കില്‍ ചുരുങ്ങിയത് 12 മീറ്റര്‍ വീതി വേണം. ഇത് സംബന്ധിച്ച് ഉദുമ എംഎല്‍എ ദേലംമ്പാടി, കുറ്റിക്കോല്‍, പനത്തടി പഞ്ചായത്തുകള്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. നേരത്തെയുള്ള പഞ്ചായത്ത് റോഡുകളായതിനാല്‍ ഇവിടെ വീതി കുറവാണ്.
ഓരോ പഞ്ചായത്തുകളിലും അതാത് പഞ്ചായത്തുകളുടെ മുന്‍കൈയില്‍ സ്ഥലം ഏറ്റെടുത്ത് 12 മീറ്റര്‍ സ്ഥലം ലഭ്യമാക്കാമെന്ന സമ്മതപത്രം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് സമര്‍പ്പിച്ചാല്‍ ടെന്‍ഡര്‍ നടപടി ആരംഭിക്കും. മൊത്തം 24 കിലോമീറ്റാണ് ഈ ഭാഗത്തെ റോഡ്. പള്ളഞ്ചി-പാണ്ടി-വെള്ളച്ചേരി, ജങ്ഷന്‍-എടപ്പറമ്പ ഭാഗം വരെ ദേലംമ്പാടി പഞ്ചായത്തിലും മാനടുക്കം-ചൂരിത്തോട്-ബന്തടുക്ക, പടുപ്പ്, ശങ്കരപ്പാടി, പരപ്പ, പള്ളഞ്ചി മേഖലകള്‍ കുറ്റിക്കോല്‍ പഞ്ചായത്തിലും കോളിച്ചാല്‍, എരിഞ്ഞിലംകോട്, മാനടുക്കം എന്നീ മേഖകള്‍ പനത്തടി പഞ്ചായത്തിലുമാണ്. ജില്ലയിലെ നാല് റീച്ചില്‍ 23 കിലോമീറ്ററുള്ള നന്ദാരപ്പദവ്-ചേവാര്‍ റീച്ചിന് 54.76 കോടി രൂപയും 24.44 കിലോമീറ്റര്‍ വരുന്ന എടപ്പറമ്പ-കോളിച്ചാല്‍ റീച്ചിന് 85.15 കോടിരൂപയും 49.36 വരുന്ന ചേവാര്‍-എടപ്പറമ്പ റീച്ചിന് 77.28 കോടി രൂപയും 30.77 കിലോമീറ്റര്‍ വരുന്ന കോളിച്ചാല്‍-ചെറുപുഴ റീച്ചിന് 80 കോടി രൂപയുമാണ് എസ്റ്റിമേറ്റ്.  പ്രവര്‍ത്തികളുടെയും പരിശോധന കിഫ്ബി വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി.
നന്ദാരപ്പദവ്, പൈവളികെ, ചേവാര്‍, അംഗടിമുഗര്‍, ബദിയടുക്ക, മുള്ളേരിയ, പടിയത്തടുക്ക, അത്തനാടി, എടപ്പറമ്പ, പാണ്ടി, പള്ളഞ്ചി, ശങ്കമ്പാടി, പടുപ്പ്, ബന്തടുക്ക, മാനടുക്കം, കോളിച്ചാല്‍, പതിനെട്ടാംമൈല്‍, ചുള്ളി, വള്ളിക്കടവ്., ചിറ്റാരിക്കാല്‍ എന്നിവടങ്ങളിലൂടെ ചെറുപുഴയിലെത്തുന്നതാണ് ജില്ലയിലെ മലയോര ഹൈവേ. കണ്ണൂര്‍ ജില്ലയില്‍ ചെറുപുഴ മഞ്ഞക്കാട്, ആലക്കോട്, കരുവഞ്ചാല്‍, നടുവില്‍, ചെമ്പേരി, പയ്യാവൂര്‍, ഉളിക്കല്‍, ഇരിട്ടി, പേരാവൂര്‍, നെടുമ്പോയില്‍, വിലങ്ങാട് എന്നിങ്ങനെ കൊട്ടിയൂര്‍, അമ്പയംതോട് ബോയ്‌സ് ടൗണ്‍ എന്നിങ്ങനെയുമാണ് പാത നീളുന്നത്. സംസ്ഥാനത്ത് 1251 കിലോമീറ്ററാണ്. 2009ലെ ബജറ്റിലാണ് മലയോര ഹൈവേ എന്ന പദ്ധതിയെ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചത്. നിലവില്‍ കണ്ണൂര്‍ ജില്ലയിലെ വള്ളിക്കടവ് മുതല്‍ കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ ചെറുപുഴ വരെയുള്ള 59.4 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഇത് പൂര്‍ത്തിയായാല്‍ കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാകും. എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്താണ് കണ്ണൂര്‍ ജില്ലയിലെ പുറഞ്ഞാലില്‍ മലയോര ഹൈവേയുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. പാത വരുന്നതോടെ മലയോര പട്ടണങ്ങള്‍ തമ്മിലുള്ള ദൂരം കുറയുകയും ദേശീയപാതക്ക് സമാന്തരമായി തിരക്ക് കുറഞ്ഞ ഗതാഗത സംവിധാനം ഒരുക്കാനും കഴിയും.
Next Story

RELATED STORIES

Share it