palakkad local

മലയോര ഹൈവെ അലൈന്‍മെന്റ് മാറ്റത്തിനെതിരേ നാട്ടുകാര്‍ ഇന്നു മന്ത്രിയെ കാണും



മണ്ണാര്‍ക്കാട്: നിര്‍ദിഷ്ട മലയോര പാത അലയ്‌മെന്റ് മാറ്റുന്നതിനെതിരെ മന്ത്രിയെ സമീപിക്കാനൊരുങ്ങി തിരുവിഴാംകുന്ന്-അമ്പലപ്പാറ നിവാസികള്‍. കോട്ടോപ്പാടം-തിരുവിഴാംകുന്ന്-അമ്പലപ്പാറ റോഡ് ഉദ്ഘാടനത്തിന് ഇന്ന് മന്ത്രി ജി സുധാകരന്‍ കോട്ടോപ്പാടത്ത് എത്തുന്നുണ്ട്. ഈ ആവശ്യവുമായി മന്ത്രിക്ക് നിവേദനം നല്‍കാനാണ് കരടിയോട് മലയോര ആക്്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. മലയോര പാത മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കിയാണ് വിഭാവനം ചെയ്തത്. ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നേരത്തെ വിഭാവനം ചെയ്ത എടത്തനാട്ടുകര ഓലപ്പാറ കാപ്പുപറമ്പ്, ഇരട്ടവാരി, കരടിയോട്, കണ്ടമംഗലം, നെച്ചുള്ളി, പൂളച്ചിറ, മാസപറമ്പ്, കൈതച്ചിറ, തെങ്കര,കാഞ്ഞിരം തുടങ്ങിയ പ്രദേശങ്ങളിലൂടെ തന്നെ നിര്‍മിക്കണമെന്ന ആവശ്യവുമായാണ് മന്ത്രിക്ക് നിവേദനം നല്‍കുന്നത്. മലയോര ഹൈവേക്ക് കാസര്‍കോഡ് ജില്ലയിലെ നന്ദരാപടവില്‍ നിന്നു തുടങ്ങി തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കടുക്കറ വരെ 1251 കിലോമീറ്റര്‍ ദൂരമാണുള്ളത്. മലയോരമില്ലാത്ത ആലപ്പുഴ ജില്ലയൊഴികെ മറ്റെല്ലാ ജില്ലകളിലൂടെയും ഈ പാത കടന്നു പോകുന്നുണ്ട്. 2009 ജൂലൈ ആറിന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നാറ്റ്പാക് മലയോര പാതക്കായുള്ള അലൈന്‍മെന്റ് അംഗീകരിച്ചുവെങ്കിലും 2013 ലാണ് ഭരണാനുമതി ലഭിച്ചത്.നിര്‍ദിഷ്ട പാത പാലക്കാട് ജില്ലയില്‍ പൊന്‍പാറ മുതല്‍ പന്തലാംപാടം വരെ 130 കിലോമീറ്ററാണ് നിര്‍മിക്കുക. ഇതിനായി 3500 കോടി രൂപ കിഫ്ബിയില്‍ നിന്നും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കി.ആദ്യ ഘട്ടമെന്ന നിലയില്‍ 13 ജില്ലകളിലായി 25 റീച്ചുകളുടെ നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും.
Next Story

RELATED STORIES

Share it