Kollam Local

മലയോര മേഖല വെള്ളത്തില്‍

പത്തനാപുരം:രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ മലയോര മേഖലയിലെ മിക്കപ്രദേശങ്ങളിലും വെളളം കയറി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിലെ രണ്ട് ഷട്ടറുകള്‍ തുറന്നതു മൂലമാണ് മിക്ക സ്ഥലങ്ങളിലും വെളളം കയറിയത്. ഇതേ തുടര്‍ന്ന് പത്തനാപുരം മേഖലയില്‍ കല്ലടയാറിന്റെ ഇരുകരകളിലുമായുള്ള എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. എട്ട് കുടുംബങ്ങളിലുമായി ഏകദേശം 37 ഓളം പേരെയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത്. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മിച്ചഭൂമി പ്രദേശത്തെ ആറ് കുടുംബങ്ങളെ ഏറത്ത് വടക്ക് ഗവ.യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കും പിറവന്തൂര്‍ പഞ്ചായത്തിലെ എലിക്കാട്ടൂരില്‍ കല്ലടയാറിന്റെ തീരത്ത് താമസിച്ച രണ്ട് കുടുംബങ്ങളെ എലിക്കാട്ടൂര്‍ ഗവ. എല്‍പിഎസിലേക്കുമാണ് മാറ്റി പാര്‍പ്പിച്ചത്. മരങ്ങള്‍ ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് ചെമ്പനരുവി മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. മാക്കുളം പാലനിര്‍മാണത്തെ തുടര്‍ന്ന് സ്ഥാപിച്ച താല്‍ക്കാലിക പാലം മുങ്ങിയതോടെ കമുകുംചേരി, മാക്കുളം, ചെന്നിലമണ്‍ നിവാസികള്‍ ഒറ്റപ്പെട്ടു. കല്ലടയാറിന് കുറുകെ കിഴക്കുംഭാഗം പ്ലാക്കാട് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലം വെള്ളത്തിനടിയിലായി. .തെന്മല ഡാമിലെ ഷട്ടറുകള്‍ തുറന്നത് കാരണമാണ് കല്ലടയാറ് കരകവിഞ്ഞൊഴുകിയത്. തീരത്തുളള ഏതാനും കുടുംബങ്ങള്‍ വീട് വിട്ട് പോകാന്‍ ഇനിയും തയ്യാറായിട്ടുമില്ല. റവന്യൂ വകുപ്പ് അധികൃതര്‍ മഴക്കെടുതിയില്‍ നാശം സംഭവിച്ച ചില പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ വിലയിരുത്തി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് മഴ വിതച്ചത്.
Next Story

RELATED STORIES

Share it