kasaragod local

മലയോര മേഖലയുടെ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ജില്ലാകലക്്ടറുടെ അദാലത്ത്



വെള്ളരിക്കുണ്ട്: മലയോര മേഖലയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകി ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു വെള്ളരിക്കുണ്ട് താലൂക്കില്‍ നടത്തിയ പരാതി പരിഹാര അദാലത്ത് ആശ്വാസമേകി. ഇന്നലെ രാവിലെ പത്തിന് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച അദാലത്തില്‍ ജില്ലാ കലക്ടര്‍ക്ക് പുറമേ എഡിഎം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ വിനോദ് കുമാര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസര്‍ അനന്തകൃഷ്ണന്‍, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ വി എ ബേബി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഓണ്‍ലൈനായും നേരിട്ടും നേരത്തേ സ്വീകരിച്ച 230 പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ കൈമാറിയ അപേക്ഷകളില്‍ 118 എണ്ണം റവന്യു വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. വീട്, മുഖ്യമന്ത്രിയുടെ ചികില്‍സാ ധനസഹായം, വീട് പട്ടയം എന്നിവയ്ക്കുള്ള അപേക്ഷകള്‍ അദാലത്തില്‍ പരിഗണിച്ചിരുന്നില്ല. പരാതിയില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കിയ കേസുകളില്‍ തൃപ്തികരമല്ലെന്ന് പരാതിയുള്ളവരാണ് അദാലത്തില്‍ കലക്ടറെ നേരില്‍ കണ്ടത്. പരപ്പ വില്ലേജിലെ കൂടോലിലെ എട്ട് കുടുംബങ്ങള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് അര്‍ഹരായവര്‍ക്ക് കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഒടയഞ്ചാല്‍ ചെറുപുഴ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വെസ്റ്റ്എളേരി പഞ്ചായത്തിലെ മാവ്വേനി പട്ടികജാതി ക്ഷേമ മാതൃകാ നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍ക്ക് നല്‍കുന്ന പ്രതിഫലം മാസം ആയിരം രൂപയില്‍ നിന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലറിന് അനുസരിച്ച് വര്‍ധിപ്പിച്ച് നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ  നിര്‍ദ്ദേശപ്രകാരമാണ് താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തുന്നത്.
Next Story

RELATED STORIES

Share it