thiruvananthapuram local

മലയോര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

നെടുമങ്ങാട്: സോഷ്യല്‍ മീഡിയ കൂട്ടായ്മ ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താല്‍ നെടുമങ്ങാട്ടും മലയോര ഗ്രാമങ്ങളിലും പൂര്‍ണം. ഹര്‍ത്താല്‍ വിവരം അറിയിച്ച് ഞായറാഴ്ച രാത്രി കൂട്ടായ്മ അംഗങ്ങള്‍ ടൗണിലും മറ്റു സ്ഥലങ്ങളിലും പ്രകടനം നടത്തിയിരുന്നു. പനവൂര്‍, പെരിങ്ങമ്മല, പാലോട്, വിതുര, പാങ്ങോട്, തൊളിക്കോട് എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
ഹര്‍ത്താല്‍ ദിവസമായ ഇന്നലെ രാവിലെ മുതല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിറങ്ങി. പലയിടത്തും ഇവര്‍ റോഡുപരോധിച്ചു. വാളിക്കോട് റോഡുപരോധിച്ച പത്തോളം ഹര്‍ത്താല്‍ അനുകൂലികളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. കട കമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടന്നു.
സര്‍ക്കാര്‍ ഓഫിസുകള്‍ അടക്കം ഓഫിസുകളില്‍ ഹാജര്‍ നില വളരെ താഴെയായിരുന്നു. കെഎസ്ആര്‍ടിസി ചുരുക്കം ചില സര്‍വീസുകള്‍ മാത്രം നടത്തി. ഹര്‍ത്താല്‍ അറിയാതെ നഗരത്തിലെത്തിയവര്‍ കുടുങ്ങി. പെട്രോള്‍ പമ്പുകള്‍ തുറപ്പിക്കാന്‍ സംഘപരിവാര പ്രവര്‍ത്തകര്‍ ശ്രമിച്ചത് ഹര്‍ത്താലനുകൂലികള്‍ തടഞ്ഞതും ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി.
ബാലരാമപുരത്ത് ഹര്‍ത്താല്‍ പൂര്‍ണം
ബാലരാമപുരം: ജമ്മുകശ്മീരില്‍ എട്ടുവയസ്സുകാരിയെ ധാരുണമായി ബലാല്‍സംഗം ചെയ്തു കൊന്ന ആര്‍എസ്എസ് കാപാലികരുടെ നടപടിയില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു.
വാഹനങ്ങള്‍ നിലത്തിറക്കാതെയും ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചു. തലേദിവസം തന്നെ വ്യാപകമായി ജനകീയ ഹര്‍ത്താല്‍ പോസ്റ്റര്‍ പ്രചരിപ്പിച്ചതോടെ കച്ചവടക്കാര്‍ പൂര്‍ണമായും കടകളടച്ച് സഹകരിക്കുകയായിരുന്നു. രാവിലെ ഒമ്പതോടെ ബാലരാമപുരം ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഹൗസിങ് ബോര്‍ഡ് ജങ്ഷന്‍, അഞ്ചുവന്നം, വഴിമുക്ക് ആറാലുംമൂട്, കാട്ടാക്കട റോഡ് ചുറ്റി 12 ഓടെ ബാലരാമപുരം ജങ്ഷനില്‍ സമാപിച്ചു.
സോഷ്യല്‍ മീഡിയ പ്രചാരണം വഴി രാവിലെ തന്നെ നൂറുകണക്കിന് ആളുകള്‍ തടിച്ചു കൂടിയിരുന്നു. ബാലരാമപുരം പൊതു മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പൂര്‍ണമായും മാര്‍ക്കറ്റ് അടച്ച് സഹകരിച്ചു. ഹര്‍ത്താ ല്‍ പ്രകടനം കഴിഞ്ഞ് മടങ്ങിയ സംഘം കാട്ടാക്കട റോഡില്‍ മൂന്ന് ഓട്ടോകള്‍ അടിച്ചു തകര്‍ത്തതായി തേമ്പാമുട്ടം സ്വദേശി ബാബു പരാതി നല്‍കി. ബാലരാമപുരം പോലിസ് കണ്ടാലറിയാവുന്ന 15 ഓളം പേരുടെ പേരില്‍ കേസെടുത്തു.
Next Story

RELATED STORIES

Share it