kozhikode local

മലയോര മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി

താമരശ്ശേരി: ദിവസങ്ങളായി തുടരുന്ന കനത്ത മഴ മലയോര മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിക്കുന്നു. തോടുകളും പുഴകളും കരകവിഞ്ഞാണ് പല സ്ഥലത്തും ഒഴുകുന്നത്. ഇരവിഞ്ഞിപ്പുഴ, ചെമ്പുകടവവ് പുഴ, പൂനൂര്‍ പുഴ, ഈങ്ങാപ്പുഴ, വെഞ്ചേരി പുഴ എന്നിവകളാണ് കരകവിഞ്ഞൊഴുകുന്നത്. തുഷാരഗിരി മലവാരത്തുനിന്നും മഴപെയ്യുന്നതോടെ ഏത് സമയവും പുഴ നിറഞ്ഞു കവിയുന്നത് വിനോദ സഞ്ചാരികളേയും പ്രദേശവാസികളേയും ആശങ്കയിലാഴ്ത്തുന്നു.
വനത്തില്‍ മഴ പെയ്യുന്ന സമയത്ത് പലപ്പോഴും തുഷാരഗിരിയിലും പരിസര പ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഇതിനാല്‍ ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രമറിയാത്ത വിനോദ സഞ്ചാരികള്‍ പലപ്പോഴും പുഴയില്‍ കുറഞ്ഞ വെല്ലത്തില്‍ കുളിക്കുകയോ ഇറങ്ങി നിന്ന് ഫോട്ടോ എടുക്കുകയോ ചെയ്യും.ഇതിനിടയിലാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടാവുന്നത്. പലരും തലനാരിഴക്കാണ് അപകടങ്ങലില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെടുന്നത്. പുഴയിലിറങ്ങരുതെന്ന നാട്ടുകാരുടെയും വിനോദ സഞ്ചാര കേന്ദ്രത്തിന്റെയും അഭ്യര്‍ഥന പലപ്പോഴും ആരും അനുസരിക്കാറില്ല. ഇത് ഇവിടെ അപകടങ്ങള്‍ക്ക് ഹേതുവാകുകയും ചെയ്യുന്നു.കഴിഞ്ഞ ദിവസം തിരൂരില്‍ നിന്നുള്ള സംഘം ഇത്തരം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് പ്രദേശ വാസികള്‍ പറയുന്നു. മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ കുടുങ്ങിയവരെ സാഹസികമായാണ് യുവാക്കള്‍ കരക്കെത്തിച്ചത്.
ചെമ്പുകടവ് സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവത്തിനെത്തിയ കുരുന്നുകള്‍ക്കും അധികൃതര്‍ക്കും ഏറെ കൗതുകകരവും ഭീതിയുമുയര്‍ത്തിയാണ് പാലത്തിനു മുകളിലൂടെ പുഴ കുത്തി ഒഴുകിയത്.മുന്‍ വര്‍ഷത്തേക്കാള്‍ നേരത്തെ തന്നെ ശക്തമായ മഴ മലയോര മേഖലയില്‍ ഉരുള്‍ പൊട്ടുമോ എന്ന ഭയാശങ്കയും പ്രദേശ വാസികള്‍ക്കുണ്ട്.
Next Story

RELATED STORIES

Share it