Pathanamthitta local

മലയോര മേഖലയില്‍ ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റം സൃഷ്ടിക്കും: കലക്ടര്‍

ചിറ്റാര്‍: കോന്നി ഗവ.മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജില്ലയിലെ മലയോര മേഖലയില്‍ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍. പുതുതായി ആരംഭിക്കുന്ന കോന്നി ഗവ.മെഡിക്കല്‍ കോളജിന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മെഡിക്കല്‍ കോളജ് മുന്‍കൈ എടുക്കണം. ജില്ലാ ഭരണകൂടം മുന്‍കൈ എടുത്ത് ആരംഭിച്ച എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ക്ക് കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് നിരവധി തീര്‍ത്ഥാടകരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.
അടുത്ത സീസണില്‍ മെഡിക്കല്‍ കോളജിന്റെയും പങ്കാളിത്തം കൂടി ഉണ്ടാവുന്നതോടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടുമുടി ഗിരിവര്‍ഗ കോളനി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ് ശിവസുതന് ലോഗോ നല്‍കിയാണ് കലക്ടര്‍ പ്രകാശനം നിര്‍വഹിച്ചത്.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗ്രേസി ഇത്താക്ക്, കോന്നി മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സജിത് കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സൈജു ഹമീദ്, ജില്ലാ ട്രൈബല്‍ ഓഫിസര്‍ എ റഹീം, ചിറ്റാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എബി സുഷന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it