thiruvananthapuram local

മലയോര മേഖലയിലെ അങ്കണവാടികളില്‍ കുട്ടികള്‍ ദുരിതത്തില്‍

നെടുമങ്ങാട്: കടുത്ത വേനലില്‍ മലയോര ഗ്രാമങ്ങളിലെ അങ്കണവാടികളില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ദുരിതത്തില്‍. ഗ്രാമങ്ങളിലെ ഒട്ടുമിക്ക അങ്കണവാടികളിലും വൈദ്യുതിയും വെള്ളവുമില്ലാത്തതാണ്  ദുരവസ്ഥക്ക് കാരണം.
ദിവസം കഴിയുംതോറും ചൂട് കനത്തു വരുന്ന സാഹചര്യത്തില്‍ അങ്കണവാടികളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ മടിക്കുകയാണ് മാതാപിതാക്കള്‍. നെടുമങ്ങാട്, വെള്ളനാട് ബ്ലോക്കുകളിലെ മുന്നൂറോളം വരുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനമാണ് അവതാളത്തിലായത്. വൈദ്യുതിയില്ലാത്തതിനാല്‍ ഫാനുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് കാരണം അസഹനീയമായ ചൂടില്‍ കുരുന്നുകള്‍ വിയര്‍ത്തൊലിച്ച് അവശരാവുകയാണ്. ചൂടില്‍ നിന്നും രക്ഷ നേടാന്‍ അങ്കണവാടി ജീവനക്കാര്‍ കുട്ടികള്‍ക്ക് വീശി കൊടുക്കുകയാണ് ചെയ്യുന്നത്. ചൂടില്‍ നിന്നും രക്ഷനേടാന്‍ കുട്ടികളെ കുളിപ്പിക്കണമെങ്കില്‍  സമീപ പ്രദേശങ്ങളില്‍ നിന്നും വെള്ളം ചുമന്നു എത്തിക്കേണ്ട ഗതികേടിലാണ്.
വൈദ്യുതിയില്ലാത്ത അങ്കണവാടികളിലെ കുരുന്നുകളെ മരത്തണലില്‍ കിടത്തി വിശ്രമിപ്പിക്കണമെന്നാണ് സാമൂഹിക നീതി വകുപ്പ്  അധ്യാപകര്‍ക്കും ആയമാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഈ വേനലില്‍ മുറിക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുമാണ്. മുന്നൂറോളം അങ്കണവാടികളില്‍ ഭൂരിഭാഗവും വൈദ്യുതീകരച്ചിട്ടില്ല.  കിണറുകളുമില്ല. വാട്ടര്‍ അതോറിറ്റി പൈപ്പ് കണക്ഷനില്‍ വെള്ളവും നിലച്ച അവസ്ഥയിലാ ണ്. പല അങ്കണവാടികളും സ്വന്തായി കെട്ടിട മില്ലാത്തതിനാല്‍ വാടക കെട്ടിങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അങ്കണവാടികളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഗ്രാമപ്പഞ്ചായത്തുകളാണ്. എന്നാല്‍ ഇതേകുറിച്ച് പരാതികള്‍ ലഭിച്ചിട്ടും പഞ്ചായത്തധികൃതര്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ കുട്ടികളില്ലാതെ അങ്കണവാടികള്‍ അടച്ചു പൂട്ടേണ്ട ഗതികേടിലാകുമെന്ന്  അങ്കണവാടി ജീവനക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it