palakkad local

മലയോര മേഖലകളില്‍ ലഹരി വില്‍പന വ്യാപകം; പരിശോധന പ്രഹസനം ്‌

നെന്മാറ: ജില്ലയിലെ മലയോര മേഖലകളിലും വനമേഖലകളിലും ലഹരി വില്‍പ്പന സജീവമാകുമ്പോഴും പരിശോധനകള്‍ പ്രഹസനമാവുന്നു. നെന്മാറ, നെല്ലിയാമ്പതി, പറമ്പിക്കുളം തുടങ്ങിയ മലയോര-വനമേഖലകളിലാണ് സന്ദര്‍ശകരെയും ആദിവാസി കുടുംബങ്ങളെയും ലക്ഷ്യമിട്ട് അനധികൃത ലഹരി വില്‍പ്പന തകൃതിയാവുന്നത്. ആദിവാസി കോളനികളെ മധുമുക്തി എന്ന പദ്ധതിയിലൂടെ ലഹരിയില്‍ നിന്നും മോചിപ്പിക്കുന്നതിനിടയിലാണ് ഇതിനുള്ള തുരങ്കം വച്ചുകൊണ്ട് മദ്യവില്‍പ്പനയും വ്യാപകമാവുന്നത്. ചില സാമൂഹികവിരുദ്ധരാണ് മേഖലകളിലേക്ക് മദ്യമുള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ കൊണ്ടുവരുന്നത്.
എന്നാല്‍ ഇതൊക്കെ പരിശോധിക്കാന്‍ എക്‌സൈസ് വകുപ്പിന്റെ മതിയായ സംവിധാനങ്ങളില്ലാത്തത് മലയോര മേഖലകളെ മദ്യത്തില്‍ മുക്കാന്‍ കാരണമാവുന്നു. നെല്ലിയാമ്പതി, പറമ്പിക്കുളം ആനപ്പാടി വരെ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്കുമാത്രമേ പ്രവേശനമുള്ളൂവെങ്കിലും ഇതിനു സമീപത്തായാണ് ലഹരി വില്‍പ്പന. തമിഴ്‌നാട്ടില്‍ നിന്നുമാണ് വ്യാജമദ്യവും കഞ്ചാവും ഇത്തരക്കാര്‍ കൊണ്ടുവരുന്നത്.
വിനോദ സഞ്ചാരികള്‍ക്കിടയിലാണ് വില്‍പ്പന. ഇതിനുപുറമെ ആദിവാസി കോളനികളിലും കഞ്ചാവ്- മദ്യ വില്‍പ്പന തകൃതിയാണെന്നിരിക്കെ ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്നത് ചില ആദിവാസി യുവാക്കളും കൂടിയാണ്. സ്വന്തമായി മദ്യമുണ്ടാക്കി ഉപയോഗിക്കുന്ന ശീലത്തില്‍ നിന്നും ആദിവാസികളെ പിന്തിരിപ്പിക്കുന്ന വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാകുമ്പോഴും ഇത്തരം അനധികൃത മദ്യവില്‍പ്പന മലയോര - വനമേഖലകള്‍ക്കു ഭീഷണിയാവുകയാണ്.
പറമ്പിക്കുളം, നെന്മാറ, തുടങ്ങിയ മേഖലകളില്‍ കൂടുതലും ആദിവാസി ജനസമൂഹമാണ് ജീവിക്കുന്നത്. നെന്മാറ, വനംവകുപ്പിന്റെ പരിധിയിലാണ് അല്ലിമൂപ്പന്‍, മൂപ്പതേക്കര്‍, കച്ചിതോട് എന്നീ മൂന്ന് അംഗീകൃത കോളനികളും അംഗീകാരം നേടാത്ത ഉറവന്‍പാടി കോളനിയുമുള്ളത്.വനവിഭവങ്ങള്‍ വിറ്റുകാശാക്കിവരുന്ന ആദിവാസികളെ ലക്ഷ്യംവച്ച് മദ്യവില്‍പ്പനയും തകൃതിയാണ്.
ആദ്യമൊക്കെ വശീകരിക്കാനായി സൗജന്യമായി നല്‍കുമെങ്കിലും  ലഹരിക്കടിമയാകുന്നതോടെ ഇവരില്‍ നിന്നും പണം ചോരുന്ന വഴിയറിയില്ല. ഇതിനാലാണ് അടുത്തകാലത്തായി ആദിവാസി സ്ത്രീകള്‍ക്കിടയിലും മദ്യ- പുകയില ലഹരി ഉപയോഗം വര്‍ധിക്കാന്‍ കാരണമായത്. ലഹരിക്കടിമപ്പെട്ടവരാകട്ടെ ഒരു നേരത്തെ ലഹരിക്കുവേണ്ടി എന്തും ചെയ്യുന്ന നിലയിലേക്കെത്തുന്നു.
വനമേഖലയിലും മലയോര മേഖലകളിലും താമസിക്കുന്ന ആദിവാസി സമൂഹങ്ങള്‍ക്കിടിയിലെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Next Story

RELATED STORIES

Share it