malappuram local

മലയോര പാത: വനഭൂമിയുടെ സര്‍വേ ആരംഭിച്ചു

എടക്കര: മലയോരപാത നിര്‍മാണത്തിന്റെ ഭാഗമായുള്ള വനഭൂമി സര്‍വേ ആരംഭിച്ചു. നിലമ്പൂര്‍ മുതല്‍ മുണ്ടേരി സീഡ് ഫാം ഗേറ്റ് വരയുള്ള ഭാഗങ്ങളിലാണ് വനഭൂമി സര്‍വേ ആരംഭിച്ചത്. നിലമ്പൂര്‍ റെയ്ഞ്ചിലെ പാലുണ്ട, വഴിക്കടവ് റെയ്ഞ്ചിലെ പോത്തുകല്‍, കുനിപ്പാല, മുക്കം, കമ്പിപ്പാലം എന്നീ ഭാഗങ്ങളിലാണു മലയോര ഹൈവേ വനവുമായി അതിര്‍ത്തി പങ്കിടുന്നത്. ഹൈവേയ്ക്ക് ആവശ്യമായ ഭൂമി അളന്നുതിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സര്‍വേയാണ് ഇന്നലെ നടന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തി ആവശ്യമായ വനഭൂമി വിട്ടുകിട്ടാന്‍ വനംവകുപ്പിന് സംഘം പ്രെപ്പോസല്‍ നല്‍കും. ഇതനുസരിച്ചായിരിക്കും മറ്റ് നടപടികള്‍. നാടുകാണി-പരപ്പനങ്ങാടി പാതയുടെ നവീകരണത്തിന്റെ ഭാഗമായി അപകടങ്ങള്‍ തുടര്‍ക്കഥയായ മുട്ടിക്കടവില്‍ മുട്ടിക്കടവ് മുതല്‍ കരിമ്പുഴ വരയുള്ള എഴുനൂറ് മീറ്റര്‍ പാത നാലുവരിയാക്കുന്നതിന്റെ സര്‍വേയും ഇതൊടൊപ്പം നടന്നു. ഇവിടെയും പാത നിര്‍മാണത്തിന് വനഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രിന്‍സ് ബാലന്‍, നിലമ്പൂര്‍ നോര്‍ത്ത് എസിഎഫ് രഞ്ജിത് കുമാര്‍, വഴിക്കടവ് റെയ്ഞ്ച് ഓഫിസര്‍ എം കെ ഷെമീര്‍, നിലമ്പൂര്‍ റെയ്ഞ്ച് ഓഫിസര്‍ സി രവീന്ദ്രനാഥ്, വനംവകുപ്പ് സര്‍വേയര്‍മാരായ സുരേഷ് ബാബു, വിനയചന്ദ്രന്‍ എന്നിവര്‍ സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍, മലയോര ഹൈവേ വയനാട് ജില്ലയിലെ മേപ്പാടിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികളൊന്നും ഇതോടൊപ്പം നടന്നിട്ടില്ല. ഇതിനായി ഇതിനും വനഭൂമി വിട്ടുകിട്ടേണ്ടതുണ്ട്.

Next Story

RELATED STORIES

Share it