palakkad local

മലയോരമേഖലയില്‍ വീണ്ടും പുലിയിറങ്ങി; ആടിനെ കൊന്നു

വടക്കഞ്ചേരി: മലയോരമേഖലയില്‍ വീണ്ടും പുലിയിറങ്ങി. ഒരാടിനെ കടച്ചുകൊന്നു. മലയോരമേഖലയിലെ മംഗലംഡാം ഓടംതോട് പറങ്ങിട്ടതോട് മഠത്തിനാല്‍ റോയിയുടെ നാലുവയസ്സുള്ള ആടിനെയാണ് കഴിഞ്ഞദിവസം അര്‍ധരാത്രി പുലി പിടിച്ചത്. റോയിയുടെ വീട്ടുവളപ്പിലെ കൂട്ടില്‍ നിന്നും ആറ് ആടുകളില്‍ ഒന്നിനെയാണ് പുലി പിടിച്ചത്. കോഴികള്‍ ബഹളംവയ്ക്കുന്നതു കേട്ട്  ഇറങ്ങി നോക്കിയപ്പോഴാണ് പുലി ആട്ടിന്‍കൂട്ടില്‍ നിന്നും ഓടുന്നത് കാണുന്നത്.
ആദ്യമായിട്ടാണ് ഈ പ്രദേശത്ത് പുലിയെ കാണുന്നത്. പക്ഷെ കുറച്ചു നാളുകളായിട്ട് ഈ മേഖലയിലെ വീടുകളില്‍ നിന്നും പട്ടികളെ കാണാതാവുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കരിങ്കയം, വിആര്‍ടി, കവിളുപാറ പ്രദേശങ്ങളില്‍ ഇതിനു മുമ്പ് പുലിയെ കണ്ടിട്ടുണ്ട് . വര്‍ഷങ്ങള്‍ക്ക് മുമ്പ്  വിആര്‍ടി പള്ളിക്കടുത്ത് ഒരു വീട്ടു കിണറ്റില്‍ രണ്ടു വയസ്സുള്ള പുലി വീണിരുന്നു.
അന്ന് അതിനെ വനംവകുപ്പ്  പറമ്പികുളത്ത് കൊണ്ടുപോയി വിടുകയാണ് ഉണ്ടായത്. പുലിയുടെ കാല്‍പാദം വീട്ടുമുറ്റത്ത് കാണുന്നുണ്ട്. സംഭവമറിഞ്ഞ് മംഗലംഡാം വനപാലക സംഘം റോയിയുടെ വീട്ടിലെത്തി പരിശോധന നടത്തി. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് വനപാലകര്‍ പറഞ്ഞു  . കിഴക്കഞ്ചേരി മ്യഗഡോക്ടര്‍ സ്ഥലത്തെത്തി ആടിനെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
Next Story

RELATED STORIES

Share it