kannur local

മലയോരത്ത് ദുരിതം വിതച്ച് വേനല്‍മഴയും ചുഴലിക്കാറ്റും

ഇരിട്ടി: മലയോരത്ത് വീണ്ടും ദുരിതം വിതച്ച് വേനല്‍ മഴയും ചുഴലിക്കാറ്റും. ആറളത്തും അയ്യന്‍കുന്നിലും ചുഴലിക്കാറ്റില്‍ വന്‍ കൃഷിനാശം ഉണ്ടായി. മേഖലയില്‍ രണ്ട് ദിവസമായി വൈദ്യുതി ബന്ധങ്ങള്‍ നിലച്ചിരിക്കുകയാണ്. മഴയിലും കാറ്റിലും മേഖലയില്‍ തകര്‍ന്ന വീടുകളുടെ എണ്ണം ഇതോടെ 13 ആയി. ഇന്നലെ ആറളം മാഞ്ചോടിലെ ചുഴലിയാങ്കല്‍ ടൈറ്റസ്, വീഴാമല ജിജോ, കല്ലറയ്ക്കല്‍ ചാക്കോ, പുള്ളോലില്‍ അപ്പച്ചന്‍, കൊല്ലനാല്‍ കുര്യന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
കനത്ത കാറ്റില്‍ മരം വീണാണ് വീടുകള്‍ തകര്‍ന്നത്. അയ്യന്‍കുന്നിലെ അബ്രഹാം വെട്ടിക്കല്‍, മുകുന്ദന്‍ ഇന്ദിരാനഗര്‍, കെ സി ചാക്കോ, വെട്ടിക്കല്‍ അന്നമ്മ, തോമസ് മാക്കാവുങ്കല്‍ എന്നിവരുടെ റബര്‍ മരങ്ങള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി.
ആറളത്തെ പന്നിപ്പള്ളില്‍ ഔസോപ്പ്, പള്ളിപ്പന്നില്‍ ഇമ്മാനുവേല്‍, പന്നിപ്പള്ളില്‍ ധനേഷ്, റെജി, ജോളി, സുനില്‍ എന്നിവരുടെ 500ഓളം റബര്‍ മരങ്ങള്‍ കാറ്റില്‍ തകര്‍ന്നു. പി കെ മാത്യു, അന്നമ്മ, മേരി മറ്റപ്പള്ളില്‍, പൂവോളില്‍ വര്‍ക്കി, പുളിക്കുന്നേല്‍ കുര്യന്‍, തങ്കച്ചന്‍, മറ്റപ്പള്ളില്‍ ജോസഫ് എന്നിവരുടെ കാര്‍ഷിക വിളകള്‍ക്കും നാശം നേരിട്ടു. പായം കരിയാലിലെ പുത്തന്‍ വീട്ടില്‍ പാര്‍വതിയുടെ വീട് മരംവീണ് ഭാഗികമായി തകര്‍ന്നു. ഇരിട്ടി നഗരസഭയിലെ മീത്തലെ പുന്നാട് പി പി പ്രസന്നന്‍, പി വി വിജയന്‍, നാരായണന്‍ എന്നിവരുടെ നൂറിലേറെ വാഴകളും കാറ്റില്‍ നിലംപൊത്തി.
ആറളം, പൂതക്കുണ്ട്, എടൂര്‍, മുണ്ടയാംപറമ്പ് ഭാഗങ്ങളില്‍ മൂന്നാം ദിവസവും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല. പ്രദേശങ്ങളിലെല്ലാമായി 30തോളം വൈദ്യുതി തൂണുകളാണ് മരം വീണ് തകര്‍ന്നത്.
ആറളം, അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യേഗസ്ഥര്‍ എന്നിവര്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ പരിശോധന നടത്തി.
Next Story

RELATED STORIES

Share it