kannur local

മലയോരത്ത് ആഫ്രിക്കന്‍ മല്ലിയില കൃഷി വ്യാപിക്കുന്നു

ചെറുപുഴ: മലയോര മേഖലയില്‍ ആഫ്രിക്കന്‍ മല്ലിയില കൃഷി വ്യാപിക്കുന്നു. പുതിനയേക്കാളും മല്ലിയിലയേക്കാളും സുഗന്ധവും ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് രുചിയും നല്‍കുന്ന ഇലവര്‍ഗമാണ് ആഫ്രിക്കന്‍ മല്ലി.  കേരളത്തിലെ കാലാവസ്ഥയില്‍ എല്ലായിടത്തും ഇത് നന്നായി വളരും. അടുക്കളത്തോട്ടത്തില്‍ നാലു തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ വര്‍ഷം മുഴുവന്‍ മല്ലിയില ലഭിക്കും.
നീളന്‍ കൊത്തമല്ലിയെന്നും മെക്‌സിക്കന്‍ മല്ലിയെന്നും ശീമ മല്ലിയെന്നുമൊക്കെ അറിയപ്പെടുന്ന ഈ സുഗന്ധ ഇലച്ചെടിയുടെ ജന്മദേശം കരീബിയന്‍ ദ്വീപുകളാണ്. ഒരടിവരെ നീളമുള്ള നല്ല പച്ചനിറത്തോടുകൂടിയ ഇലകള്‍ മിനുസമുള്ളതുമാണ്. ഇലയുടെ മധ്യത്തില്‍നിന്നു പൂങ്കുലകള്‍ വളരുന്നു. ഇളംമഞ്ഞ നിറത്തില്‍ പൂക്കള്‍ കാണാം. വിത്ത് പൊട്ടിവീഴുന്നതോടെ ധാരാളം തൈകള്‍ വളരുന്നതുകാണാം. ചെറുതൈകള്‍ പോളിത്തീന്‍ ബാഗുകളില്‍ മാറ്റിവളര്‍ത്തി പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടാം. വിത്താണ് നടാന്‍ ഉപയോഗിക്കുന്നതെങ്കില്‍ മണലുമായി കൂട്ടിച്ചേര്‍ത്ത് തടങ്ങളില്‍ പാകി തൈകള്‍ തയ്യാറാക്കണം. പ്രധാന കൃഷിയിടം കാലിവളം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തി ഇതിലേക്ക് പറിച്ചുനടാം.
വേനലില്‍ നനച്ചുകൊടുക്കണം. മൂന്നാംമാസം മുതല്‍ ഇല നുള്ളാം. സുഗന്ധയില വര്‍ഗവിളയെന്നതിനു പുറമെ ധാരാളം പോഷകവും ഔഷധവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാല്‍സ്യം, റിബോഫഌവിന്‍, കരോട്ടിന്‍ എന്നിവ ധാരാളമായി ഇലകളില്‍ അടങ്ങിയിരിക്കുന്നു. വിത്ത്, ഇല, വേര് എന്നിവയില്‍ ഗുണകരമായ തൈലങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലകളില്‍നിന്ന് തയ്യാറാക്കുന്ന കഷായം നീര്‍ക്കെട്ടിനും വേരില്‍നിന്നു തയ്യാറാക്കുന്ന കഷായം വയറുവേദനയ്ക്കും ഔഷധമാണ്. പനി, ഛര്‍ദി, പ്രമേഹം എന്നിവയ്‌ക്കെതിരേ മല്ലിയില ചായ ഔഷധമായും ഉപയോഗിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it