kozhikode local

മലയോരത്തെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനത്തിനു വന്‍ തിരക്ക്

മുക്കം: കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം വന്‍ വിജയത്തിലേക്ക്. ഇതിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ വലിയ തോതിലുള്ള ഒഴുക്കാണ്. അനുഭവപ്പെടുന്നത്.
എല്‍പി, യുപി സ്‌കൂളുകളില്‍ മാത്രമല്ല ഹൈസ്‌കൂള്‍ പ്രവേശനത്തിനും ഈ വര്‍ഷം വലിയ തിരക്കാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എത്രയോ ഇരട്ടി വിദ്യാര്‍ഥികള്‍ ഇത്തവണ പൊതു വിദ്യാലയ പ്രവേശനത്തിനായി വിവിധ വിദ്യാലയങ്ങളില്‍ എത്തുകയാണ്.
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനവും  പാഠ്യ-പാഠ്യേ തരരംഗങ്ങളിലെ മികച്ച നിലവാരവുമാണ് ഇത്തരം സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുന്നതിന്റെ പ്രധാന കാരണം.കഴിഞ്ഞ വര്‍ഷം തന്നെ  മലയോരത്തെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചിരുന്നു. ഇത്തവണ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കുട്ടികളെ പൊതു വിദ്യാലയങ്ങളില്‍ എത്തിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളാണ് മിക്കയിടത്തും നടന്നത്. ഇതിന്റെ ഭാഗമായി അവധിക്കാലത്ത് തന്നെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. മലയോരത്ത്  അഡ്മിഷനാരംഭിച്ച മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും പ്രവേശനത്തിനായി വലിയ തിരക്ക് തന്നെ അനുഭവപ്പെട്ടു. ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടിയ കൊടിയത്തൂര്‍ പി ടി എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനത്തിനായി നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
ആദ്യ ദിവസം തന്നെ 300 ലധികം പേര്‍ പ്രവേശനത്തിനായെത്തി. ഇതില്‍ കൂടുതലും അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളായിരുന്നു എന്നതാണ് പ്രത്യേകത. പുലര്‍ച്ചെ 6 മണിക്ക് മുമ്പ് തന്നെ രക്ഷിതാക്കളും വിദ്യാര്‍ഥികളുമെത്തിയതിനാല്‍ ടോക്കണ്‍ നല്‍കിയാണ് വിദ്യാലയ ധികൃതര്‍ ഇവരെ നിയന്ത്രിച്ചത്. വരുംദിവസങ്ങളിലും കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തുന്നതോടെ ഈ വര്‍ഷത്തെ പ്രവേശനം 1000 കടക്കുമെന്നാണ് കരുതുന്നത്. മേഖലയിലെ  മറ്റ് സ്‌കൂളുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രവേശനം തുടങ്ങിയിടത്തെല്ലാം നല്ല തിരക്ക് തന്നെയാണ്.
അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയാരംഭിച്ചതും പൊതു വിദ്യാലയങ്ങള്‍ക്ക് രക്ഷയായിട്ടുണ്ട്. ഇതിന് പുറമെ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊതുസമൂഹവും പിടിഎ കമ്മറ്റികളും കാര്യക്ഷമമായി ഇടപെട്ടതും അനുഗ്രഹമായി.
Next Story

RELATED STORIES

Share it