kannur local

മലയോരത്തെ ചെങ്കല്‍പ്പണകള്‍ അപകടം വിതയ്ക്കുന്നു

ഇരിക്കൂര്‍: നിയമങ്ങളും നിബന്ധനകളും കാറ്റില്‍പറത്തിയുള്ള ചെങ്കല്‍പ്പണകള്‍ അപകടം വിതയ്ക്കുന്നു. കല്യാട്, ഊരത്തൂര്‍, ബ്ലാത്തൂര്‍, ഇരിക്കൂര്‍, മലപ്പട്ടം, മയ്യില്‍, ശ്രീകണ്ഠാപുരം, പയ്യാവൂര്‍, പടിയൂര്‍ തുടങ്ങിയ മേഖലകളിലാണ് ചെങ്കല്‍ പണകളിലെ അപകടം പതിവാകുന്നത്. ദുരന്തങ്ങള്‍ക്ക് കാരണം നിയമം പാലിക്കാതെയുള്ള അശാസ്ത്രീയ ഖനനമാണെന്നാണ ആക്ഷേപം ശക്തമായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. സര്‍ക്കാര്‍, മെനിങ് ആന്റ് ജിയോളജി-പരിസ്ഥിതി വകുപ്പുകളുടെ മുന്നറിയിപ്പുകളും കൂടാതെ കോടതി വിധികളും വ്യവസ്ഥകളും അട്ടിമറിച്ചുള്ള ഖനനമാണ് മേഖലകളില്‍ വ്യാപകമായി നടക്കുന്നത്.ഓരോ പണകളിലും 20 അടി താഴ്ചയില്‍ മാത്രമേ കല്ല് ഖനനം നിയമമായി അനുവദിക്കുന്നുള്ളൂവെങ്കിലും പലപ്പോഴും 60 അടിവരെ താഴ്ത്തിയാണു നടത്തുന്നത്. റോഡ്, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 50 അടി അകലെയാവണം ഖനനം നടത്തേണ്ടത്. ഖനനം നടത്തി ഒഴിവാക്കിയ ചെങ്കല്‍ ക്വാറി മണ്ണിട്ടു നികത്തണമെന്നും കര്‍ശന നിയമമുണ്ട്. ഇതൊന്നും അനുസരിക്കുകയോ അനുസരിപ്പിക്കുകയോ ചെയ്യാറില്ല. ഇത് നോക്കാന്‍ ഒരു വകുപ്പ്് അധികൃതരും തയ്യാറാവുന്നുമില്ല. മൈനിങ് ആന്റ് ജിയോളജി വകുപ്പ് നല്‍കുന്ന പാസിലും ഇക്കാര്യങ്ങള്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഖനനം നടത്തിയൊഴിഞ്ഞ ചെങ്കല്‍ ക്വാറികള്‍ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഭീഷണിയായി അതുപോലെ നിലനില്‍ക്കുകയാണ്. ഇത് പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. പണകളിലെ മുകള്‍ പാളികളില്‍ നിന്ന് നല്ല കല്ലുകള്‍ ലഭിക്കാത്തതിനാല്‍ വീതി കുറച്ചും ഖനനം നടത്തുന്നെങ്കിലും പല ചെങ്കല്‍ ക്വാറികളും ആഴം കൂടിക്കൂടി വരുന്തോറും ഉള്ളിലേക്ക് കൂടി ഖനനം നടത്തുന്ന സ്ഥിതിയാണ്. ഇതുകാരണം മുകള്‍ഭാഗം പുറത്തേക്ക് തള്ളി നില്‍ക്കുന്നു. പണകളില്‍ ലോറികളുടെ വരവും പോക്കും മണ്ണുമാന്തി യന്ത്രങ്ങളുടെ ഒച്ചയും ബഹളവും കൂടാതെ യന്ത്രങ്ങളുപയോഗിച്ചുള്ള നിരന്തരമായ ഖനനവും കാരണം സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ഭിത്തികള്‍ക്ക് വിള്ളലുകളും അനുഭവപ്പെടുന്നുണ്ട്. ആഴത്തിലുള്ള ഖനനവും മണ്ണിട്ടു നികത്താത്തതും കാരണം ഭുമിയുടെ ഉള്‍ഭാഗം ചൂടുകൂടാനും ഇതുമൂലം പ്രാന്തപ്രദേശങ്ങളിലെ കിണറുകളടക്കമുള്ള ജലസ്രോതസുകള്‍ വറ്റിവരളാനും കാരണമാവുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. മഴക്കാലത്ത് ഇത്തരം മൂടാത്ത ചെങ്കല്‍ ക്വാറികളില്‍ വെള്ളം നിറഞ്ഞ് സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ ചെളിവെള്ളം വ്യാപിക്കാന്‍ കാരണമാവുന്നുണ്ട്. വെള്ളത്തില്‍ മൃഗങ്ങള്‍ വീണ് ചാവുന്നതും പതിവാണ്. ഈ മേഖലകളില്‍ ഇത്തരത്തില്‍ അപകട ഭീഷണിയായി കിടക്കുന്ന നിരവധി പണകളുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യാതൊരു രേഖകളുമില്ലാതെ ഉദ്യോഗസ്ഥരുടെയും രാഷ്്ട്രീയക്കാരുടെയും ഒത്താശയില്‍ ഖനനം നടത്തുന്നതാണ് അപകടം ആവര്‍ത്തിക്കാന്‍ കാരണം.
Next Story

RELATED STORIES

Share it