മലയാള സിനിമ സ്ത്രീവിരുദ്ധം, താര സംഘടനയിലുള്ളത് നിര്‍ഗുണന്‍മാര്‍: കമല്‍

തിരുവനന്തപുരം: മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണെന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. സംസ്‌കാര സാഹിതിയുടെ പ്രതിരോധത്തിന്റെ വര്‍ത്തമാനം സംസ്ഥാന ശില്‍പശാലയില്‍ സിനിമയും സ്വാതന്ത്ര്യവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാന്‍മാരെന്ന് നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണ്. ഒറ്റപ്പെടലും തൊഴിലും പരിഗണിക്കാതെ നാലു പെണ്‍കുട്ടികള്‍ ഇതിനെതിരേ മുന്നോട്ടുവന്നത് ചരിത്രമാണ്. താര സംഘടനയിലെ നിര്‍ഗുണന്‍മാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്. 35 വര്‍ഷത്തെ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞതാണിത്. 500 അംഗങ്ങളുള്ള താര സംഘടനയില്‍ 50 പേരെ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്. അതിനാല്‍, ഒരിക്കലും അതില്‍ ജനാധിപത്യം ഉണ്ടാവില്ല. അതു പ്രതീക്ഷിക്കുന്ന നമ്മള്‍ വിഡ്ഢികളാണ്. ചലച്ചിത്രകാരന്‍മാര്‍ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത് സമൂഹത്തിന് ദ്രോഹം ചെയ്യുന്നതാണെന്നു കമല്‍ വ്യക്തമാക്കി. സ്ത്രീ മുന്നേറ്റവും സാഹിത്യവും എന്ന വിഷയം ഡോ. മിനി പ്രസാദ് അവതരിപ്പിച്ചു. സമാപന സമ്മേളനം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്തു. ഡോ. എം ആര്‍ തമ്പാന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it