മലയാള സാഹിത്യം താരതമ്യേന ജാതിവിമുക്തമെന്ന് കെ ജയകുമാര്‍, അല്ലെന്ന് മീന കന്തസാമി

കോഴിക്കോട്: മലയാള സാഹിത്യം കേരളരാഷ്ട്രീയത്തെക്കാള്‍ ജാതിവിമുക്തമാണെന്ന് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന സാഹിത്യോല്‍സവത്തില്‍ സമകാലിക ഇന്ത്യന്‍ കവിത എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹത്തായ കവിതകളെയും കവികളെയും കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നാല്‍, ജയകുമാറിന്റെ വാദങ്ങളോട് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രശസ്ത എഴുത്തുകാരി മീന കന്തസാമി വിയോജിപ്പു രേഖപ്പെടുത്തി. ബ്രാഹ്മണിക്കല്‍ പുരുഷ മഹത്വത്തെയാണ് ഇന്ത്യയില്‍ മഹത്വമായി കാണുന്നതെന്ന് അവര്‍ വിമര്‍ശനമുന്നയിച്ചു. ഇത്തരമൊരു മഹത്വത്തില്‍ വിശ്വാസമില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താന്‍ തമിഴില്‍ സംസാരിക്കാറുണ്ടായിരുന്നില്ല. ബ്രാഹ്മണിക്കല്‍ തമിഴില്‍ സംസാരിക്കാന്‍ കഴിയാത്തതിനാല്‍ അധ്യാപകരുമായി തമിഴില്‍ സംസാരിക്കരുതെന്ന് മാതാവ് നിര്‍ദേശം നല്‍കിയിരുന്നു. തമിഴ് ബ്രാഹ്മണ അധ്യാപകരുടെ വിവേചനം ഒഴിവാക്കാനായിരുന്നു ഇത്. മലയാളം തന്നെ ബ്രാഹ്മണര്‍ക്കും ദലിതര്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും വെവ്വേറെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ചര്‍ച്ചയില്‍ പങ്കെടുത്ത എഴുത്തുകാരി ലീനാ മണിമേഖല മീനയുടെ വാദങ്ങളോടു യോജിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ പലരും എതിര്‍ത്തു. ഇതെന്തു സാഹിത്യമെന്നായിരുന്നു ചോദ്യം. ദലിത് സ്ത്രീകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഇതെന്തു ഭാഷയെന്നും ചോദിച്ചു പരിഹസിച്ചു. ഭിന്നലിംഗക്കാരുടെ എഴുത്തുകളെ അവഹേളിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജാതിസമൂഹം ജനാധിപത്യ സമൂഹമല്ലെന്ന് മോഡറേറ്ററായിരുന്ന കെ സച്ചിദാനന്ദന്‍ പറഞ്ഞു. കേരളത്തില്‍ ജാതി പ്രസക്തമല്ലെന്നു പറയുന്നതു ശരിയല്ല. തിരഞ്ഞെടുപ്പുകള്‍ നോക്കിയാല്‍ കാര്യം മനസിലാവും. അറബി മലയാളം, ദലിത് മലയാളം തുടങ്ങി വിവിധതരം മലയാളങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
46 തരം വ്യത്യസ്ത ഹിന്ദികള്‍ ഉണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രശസ്ത സാഹിത്യകാരന്‍ അശോക് വാജ്‌പേയി ചൂണ്ടിക്കാട്ടി. ഭാഷകളെ ജനാധിപത്യവല്‍ക്കരിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യ ഒരു ബഹുസ്വര സമൂഹമാണ്. കാവ്യമേഖലയിലെ ഇടപെടലുകള്‍ക്കു പുറമെ പൊതുസമൂഹത്തിലെ മറ്റു തരം ഇടപെടലുകളും കൂടി അനിവാര്യമായ കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it