Flash News

മലയാള ഭാഷാ നിര്‍ബന്ധം ഫലപ്രദമായില്ല ; സര്‍ക്കാര്‍ ഉത്തരവുകള്‍ പലതും പഴയപടി



എന്‍ എ ശിഹാബ്

തിരുവനന്തപുരം: ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന ഉത്തരവ് മറികടന്ന് സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും ഇപ്പോഴും പുറത്തിറങ്ങുന്നത് പഴയപടി. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് മെയ് 1 മുതല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമായിരിക്കണം. ആദ്യ നിയമസഭാ സമ്മേളനത്തിന്റെ 60ാം വാര്‍ഷിക വേളയില്‍ പഴയ നിയമസഭാ മന്ദിരത്തില്‍ സഭ ചേര്‍ന്ന് മലയാള ഭാഷ (നിര്‍ബന്ധിത ഭാഷ) ബില്ല് അവതരിപ്പിച്ച് ഐകകണ്‌ഠ്യേന പാസാക്കുകയും ചെയ്തിരുന്നു. ഭാഷാമാറ്റ നടപടികള്‍ വിലയിരുത്താന്‍ കഴിഞ്ഞ ഏപ്രില്‍ 10നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി കേരളത്തിലെ ഭാഷാമാറ്റം തൃപ്തികരമല്ലെന്നു വിലയിരുത്തി. തുടര്‍ന്നാണ് മെയ് 1 മുതല്‍ മലയാളം കര്‍ശനമായി നടപ്പാക്കണമെന്നു കാണിച്ച് മുഖ്യമന്ത്രി ഭരണഭാഷാ പ്രഖ്യാപനം നടത്തിയത്.  സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസ് മലയാളം നിര്‍ബന്ധ ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള മലയാള ഭാഷാ ബില്ലില്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് മെയ് 2 മുതല്‍ 17 വരെ 52 നിയമന-സ്ഥലംമാറ്റ ഓര്‍ഡറുകളും സര്‍ക്കുലറുകളും പുറത്തിറക്കിയിട്ടുണ്ട്. ഇവയെല്ലാം ഇംഗ്ലീഷ് ഭാഷയിലാണ് പുറത്തിറങ്ങിയത്. ആരോഗ്യവകുപ്പ് ദിനേന തയ്യാറാക്കുന്ന പനി സ്ഥിതിവിവരക്കണക്കും ഇംഗ്ലീഷിലാണ്. അതേസമയം, ആഭ്യന്തരവകുപ്പ് മെയ് 1 മുതല്‍ പുറത്തിറക്കിയ 38 ഉത്തരവുകളില്‍ 28 എണ്ണം മലയാളത്തിലിറങ്ങി. 10 എണ്ണം ഇംഗ്ലീഷിലായിരുന്നു. പോലിസ് വകുപ്പില്‍ ഈ കാലയളവില്‍ പുറത്തിറങ്ങിയ 15 ഉത്തരവുകളില്‍ 8ഉം ജയില്‍ വകുപ്പ് പുറത്തിറക്കിയ 11 ഉത്തരവുകളില്‍ 10 എണ്ണവും ഫയര്‍ ആന്റ്് റസ്‌ക്യൂ വിഭാഗത്തില്‍ 12 ഉത്തരവില്‍ 10ഉം മലയാളത്തിലാണ് ഇറങ്ങിയത്. ഈ കാലയളവില്‍ ജലവകുപ്പ് പുറത്തിറക്കിയ 33 ഉത്തരവുകളില്‍ 29 എണ്ണവും മലയാളത്തിലായിരുന്നു. ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും മലയാളത്തിലാവണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷക്കാര്‍ക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഉത്തരവിറങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രിംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റു രാജ്യങ്ങളിലേക്കുള്ള ആശയവിനിമയം, സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ ഒഴികെയുള്ള മറ്റു ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഏതെങ്കിലും നിയമത്തില്‍ പ്രത്യേക പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ ഇംഗ്ലീഷ് ഉപയോഗിക്കാം. എന്നാല്‍, ഇതു സംബന്ധിച്ച കുറിപ്പ് ഫയലുകള്‍ മലയാളത്തിലാക്കണം. ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേര്, ഓഫിസ് ബോര്‍ഡുകള്‍, വാഹനത്തില്‍ ഉപയോഗിക്കുന്ന ബോര്‍ഡുകള്‍ എന്നിവയില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. അങ്ങനെയല്ലാത്ത സാഹചര്യങ്ങളില്‍ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മെയ് 1 മുതല്‍ മലയാളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് എല്ലാ വകുപ്പു തലവന്‍മാരും ഓഫിസ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു. ഭാഷാമാറ്റ നടപടികള്‍ മൂന്നു മാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്നും യോഗത്തിന്റെ മിനുട്‌സ് ജില്ലാതല ഏകോപന സമിതിക്ക് സമര്‍പ്പിക്കണമെന്നും ഈ നടപടികളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it