മലയാളി വൈദികനെ തട്ടിക്കൊണ്ടുപോയത് ഐഎസെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: യമനില്‍ കാണാതായ മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത് ഐഎസെന്ന് കേന്ദ്രസര്‍ക്കാര്‍. പുരോഹിതനെ സുരക്ഷിതമായി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. മാര്‍ച്ച് നാലിനാണ് യമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റി ഹോമിലുണ്ടായ ആക്രമണത്തിനു പിന്നാലെ 56കാരനായ വൈദികനെ കാണാതായത്. വൃദ്ധസദനത്തിലെ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ സംഘം ചാപ്പലില്‍ പ്രാര്‍ഥനയിലായിരുന്ന വൈദികനെ തട്ടിക്കൊണ്ടുപോയെന്നാണ് കേന്ദ്രസര്‍ക്കാരിനു ലഭിച്ച വിവരം. കര്‍ണാടകയില്‍ മിഷനറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന സലേഷ്യന്‍ സഭാംഗമായ ഫാദര്‍ ടോം നാലുവര്‍ഷം മുമ്പാണ് യമനിലെത്തിയത്. ടോമിനെ ദുഃഖവെള്ളിയാഴ്ച കുരിശിലേറ്റി കൊല്ലുമെന്ന് ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ഒരു വിഭാഗം ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച പോസ്റ്റ് പിന്നീട് നീക്കംചെയ്യപ്പെട്ടു. വൈദികന്റെ മോചനത്തിനായി പശ്ചിമേഷ്യന്‍ മേഖലയിലെ വിവിധ ക്രൈസ്തവസംഘടനകള്‍ ഓണ്‍ലൈന്‍ പ്രചാരണം നടത്തിവരുകയാണ്. വൈദികന്‍ എവിടെയാണുള്ളതെന്ന് അറിയില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസ്-ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ് ഫാദര്‍ ടോം. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സപ്തംബറിലാണ് അവസാനമായി നാട്ടിലെത്തിയത്.
Next Story

RELATED STORIES

Share it